. മൂന്നാം ട്വന്റി 20 യിലും സഞ്ജുവിന്
പ്ളേയിംഗ് ഇലവനിൽ ഇടമില്ല
. വാട്ടർ ബോയി വേഷം കെട്ടിച്ചത്
തുടർച്ചയായ രണ്ടാം പരമ്പരയിൽ
. ഏകദിന പരമ്പരയിൽ ധവാന് പകരം സഞ്ജുവല്ല
മായാങ്ക് അഗർവാൾ
മുംബയ് : മലയാളി ക്രിക്കറ്റർ സഞ്ജു സാംസണെ തുടർച്ചയായ രണ്ടാം ട്വന്റി 20 പരമ്പരയിലും ടീമിലെടുത്തശേഷം കളിക്കാനിറങ്ങാൻ അവസരം നൽകാതെ നിരാശപ്പെടുത്തി. ബി.സി.സി.ഐ അതോടൊപ്പം വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ പരിക്കേറ്റ ഒാപ്പണർ ശിഖർ ധവാന് പകരം മായാങ്ക് അഗർവാളിനെ ഉൾപ്പെടുത്താനും തീരുമാനിച്ചു. ട്വന്റി 20 പരമ്പരയിൽ ധവാന് പകരക്കാരനായെത്തിയ സഞ്ജുവിനെ ഏകദിന പരമ്പരയിലും അതേ റോളിൽ നിലനിറുത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഇന്നലെ ഉച്ചയോടെ മായാങ്കിന് അവസരം നൽകുന്നതായി ബി.സി.സി.ഐ അറിയിപ്പ് വന്നു. ഇതോടെ വൈകിട്ട് അവസാന ട്വന്റി 20 യിലെങ്കിലും കളിപ്പിച്ചശേഷം മടക്കി അയയ്ക്കുമെന്നായി ആരാധക പ്രതീക്ഷ. പക്ഷേ ടോസിന് വന്ന കൊഹ്‌ലി ടീമിൽ വരുത്തിയത് രണ്ട് മാറ്റങ്ങൾ. ജഡേജയ്ക്ക് പകരം ഷമി, ചഹലിന് പകരം കുൽദീപ്.
നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷം ബംഗ്ളാദേശിനെതിരായ മൂന്ന് മത്സര ട്വന്റി 20 പരമ്പരയിലേക്കാണ് ബി.സി.സി.ഐ ടീമിലെടുത്തിരുന്നത്. എന്നാൽ ഒറ്റക്കളിയിൽപ്പോലും ഇറങ്ങാനായില്ല. തുടർന്ന് വിൻഡീസിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. എന്നാൽ ശിഖർ ധവാന് പരിക്കേറ്റതോടെ പകരക്കാരനായി ഉൾപ്പെടുത്തി. പരമ്പരയിലെ ആദ്യമത്സരത്തിൽ കരയ്ക്കിരുന്നപ്പോൾ തിരുവനന്തപുരത്ത് നടക്കുന്ന രണ്ടാം മത്സരത്തിൽ അവസരം നൽകുമെന്ന് കരുതി. അവിടെ പകരക്കാരൻ ഫീൽഡറാകാൻ മാത്രം നിയോഗിച്ചു.
തിരുവനന്തപുരത്ത് തിളങ്ങാനിരുന്ന ബാറ്റിംഗ് നിരയിൽ മാറ്റംവരുത്താൻ വിരാടും രവിശാസ്ത്രിയും ഇന്നലെയും തയ്യാറായില്ല. ആൾ റൗണ്ടറായ ജഡേജയെ ഒഴിവാക്കുകയും ചെയ്തു.
ഇതാദ്യമായല്ല സഞ്ജു ഇന്ത്യൻ ടീമിലെത്തിയശേഷം പ്ളേയിംഗ് ഇലവനിൽ അവസരം ലഭിക്കാതിരിക്കുന്നത്. 2014 ൽ ഇംഗ്ളണ്ട് പര്യടനത്തിലെ ഏകദിന പരമ്പരയിൽ ടീമിലുണ്ടായിരുന്നിട്ടും ഇതേ അവസ്ഥയായിരുന്നു 2015 ൽ സിംബാബ്
വെയിൽ ഒരേയൊരു ട്വന്റി 20 യിൽ മാത്രമാണ് സഞ്ജു ഇന്ത്യൻ കുപ്പായമണിഞ്ഞിട്ടുള്ളത്.
അടുത്തിടെ നടന്ന വിജയ് ഹസാരേ ട്രോഫി ഏകദിന ടൂർണമെന്റിൽ ഇരട്ട സെഞ്ച്വറിയും ദക്ഷിണാഫ്രിക്ക എയ്ക്കെതിരെ നടന്ന ഏകദിന പരമ്പരയിൽ അർദ്ധ സെഞ്ച്വറിയും നേടിയാണ് സഞ്ജു ബംഗ്ളാദേശിനെതിരായ പരമ്പരയിൽ ഇടം നേടിയത്. ഇനി കേരളത്തിനായി രഞ്ജി ട്രോഫിയിൽ കളിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |