തിരുവനന്തപുരം: കൊച്ചി നഗരത്തിൽ പൈപ്പ് പൊട്ടിയുണ്ടായ കുഴിയിൽ വാഹനം മറിഞ്ഞ് യുവാവ് മരിച്ച സംഭവത്തിൽ ഒന്നാം പ്രതി സംസ്ഥാനസർക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട യദുലാലിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണം.
എട്ട് മാസം മുമ്പാണ് വൻ വാഹനത്തിരക്കുള്ള പാലാരിവട്ടം മെട്രോ സ്റ്റേഷന് മുന്നിലെ കുഴി രൂപപ്പെട്ടത്. പൊതുമരാമത്ത് വകുപ്പും ജലവിഭവ വകുപ്പും അത് കണ്ടില്ലെന്ന് നടിച്ചതാണ് ഒരു ചെറുപ്പക്കാരന്റെ ജീവൻ നഷ്ടപ്പെടുത്തിയത്. ഏതാനും ദിവസം മുമ്പ് നഗരത്തിലെ കടവന്ത്രയിലും ഇതുപോലെ റോഡിലെ കുഴിയിൽ വീണ് ഒരു ഇരുചക്രവാഹന യാത്രക്കാരന്റെ ജീവൻ നഷ്ടപ്പെട്ടിരുന്നു.
പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥ മൂലം കേരളത്തിലെ റോഡുകൾ മുഴുവൻ തകർന്ന് കിടക്കുകയാണ്. ജലവിഭവ വകുപ്പാകട്ടെ അവരുടെ വകയായി റോഡുകൾ കുഴിക്കുന്നു. കുഴികൾ മൂടേണ്ട ഉത്തരവാദിത്വം മാത്രം ഈ വകുപ്പുകൾ ഏറ്റെടുക്കുന്നില്ല. ഈ മരണക്കുഴികളിൽ നിരപരാധികളായ വഴിയാത്രക്കാരുടെ ജീവനുകൾ പൊലിയുമ്പോഴും വകുപ്പുകൾ പരസ്പരം പഴിചാരി ഒളിച്ചോടുകയാണ്. വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് അപകടങ്ങൾക്ക് കാരണമെന്ന് പറഞ്ഞ് ഉത്തരവാദിത്വത്തിൽ ഒഴിഞ്ഞുമാറാനാണ് മുഖ്യമന്ത്രിയും ശ്രമിക്കുന്നത്.
വകുപ്പുകളുടെ ഏകോപനം സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നരിക്കെ സർക്കാരിന്റെ തലവനായ മുഖ്യമന്ത്രിക്ക് വകുപ്പുകളെ ചാരി രക്ഷപ്പെടാനാവില്ല. കേരളം മുഴുവൻ റോഡുകൾ അതീവ ശോചനീയാവസ്ഥയിലാണ്. ഈ നില തുടർന്നാൽ നമ്മുടെ റോഡുകൾ കുരുതിക്കളമാകും. കുഴികൾക്ക് മുന്നറിയിപ്പ് നൽകാനെന്ന പേരിൽ അശാസ്ത്രീയമായി സ്ഥാപിച്ചിരിക്കുന്ന ബോർഡുകളും അപകടങ്ങൾ വർദ്ധിപ്പിക്കുന്നു. സർക്കാർ റോഡുകളിലെ കുഴികൾ യുദ്ധകാലാടിസ്ഥാനത്തിൽ മൂടുകയും അറ്റകൂറ്റപ്പണികൾ നടത്തുകയും വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |