ലാഹോർ: പാകിസ്ഥാനിൽ ഇമ്രാൻ ഖാൻ സർക്കാരിന് കീഴിൽ രാജ്യത്തെ മതസ്വാതന്ത്ര്യം തകരുകയാണെന്ന് ഐക്യരാഷ്ട്രസഭാ സ്റ്റാറ്റസ് ഒഫ് വിമെൻ കമ്മീഷൻ(സി.എസ്.ഡബ്‌ള്യു). ഇമ്രാൻ ഖാന്റെ പാർട്ടിയായ തെഹ്‌രീക് ഇ ഇൻസാഫിന്റെ നയങ്ങൾ ജനങ്ങളെ ധ്രുവീകരിക്കുകയാണെന്നും ന്യൂനപക്ഷങ്ങൾക്ക് മേൽ ആക്രമണം നടത്താൻ തീവ്ര മനസ്ഥിതിയുള്ളവരെ ശക്തിപ്പെടുത്തുകയാണ് അവയെന്നും കമ്മീഷൻ പറയുന്നു. 'പാകിസ്ഥാൻ - മതസ്വാതന്ത്ര്യം അപകടത്തിൽ' എന്ന തലക്കെട്ടോടുകൂടി കമ്മീഷൻ പുറത്തിറക്കിയ 47 പേജുള്ള റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പാകിസ്ഥാനിൽ 'ദൈവനിന്ദക്കെതിരെ'യുള്ള നിയമങ്ങൾ ആയുധവത്കരിക്കുകയും രാഷ്ട്രീയവത്കരിക്കുകയും ചെയ്യപ്പെടുകയാണെന്നും അതിൽ തങ്ങൾക്ക് ആശങ്കയുണ്ടെന്നും കമ്മീഷൻ പറയുന്നു. ഇതുപോലെതന്നെ 'അഹമ്മദീയ വിരുദ്ധ'തയ്‌ക്കെതിരെയുള്ള നിയമങ്ങളും ഇസ്‌ലാമിസ്റ്റ് സംഘടനകൾ ന്യൂനപക്ഷങ്ങളെ വേട്ടയാടാനും രാഷ്ട്രീയ സാന്നിദ്ധ്യം ഉറപ്പാക്കാനുമാണ് ഉപയോഗിക്കുന്നതെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു. ഹിന്ദു, ക്രിസ്ത്യൻ മതവിഭാങ്ങളെയാണ് ഇവർ ലക്ഷ്യം വയ്ക്കുന്നതെന്നും, ഇവരിൽ തന്നെ സ്ത്രീകളും പെൺകുട്ടികളുമാണ് ഇരകളെന്നും കമ്മീഷൻ പറയുന്നു.ഐക്യരാഷ്ട്ര സഭയുടെ സാമ്പത്തിക സാമൂഹ്യ കൗൺസിലിന്റെ കീഴിലാണ് കമ്മീഷൻ പ്രവർത്തിക്കുന്നത്.
നൂറുകണക്കിന് പെൺകുട്ടികളെയും സ്ത്രീകളെയും നിർബന്ധപ്പൂർവം മതംമാറ്റി മുസ്ലിം പുരുഷന്മാരെ കൊണ്ട് വിവാഹം കഴിപ്പിക്കുകയാണ്. ഇവർക്ക് ഭീഷണി മൂലം സ്വന്തം വീട്ടിലേക്ക് മടങ്ങാനോ മറ്റ് അഭയം തേടാനോ കഴിയില്ല. ഇവരുടെ കുടുംബങ്ങളെയും ഇസ്‌ലാമിസ്റ്റുകൾ ഭീഷണിപ്പെടുത്തുകയാണ്. പൊലീസോ നിയമസംവിധാനമോ ഈ പെൺകുട്ടികളെ സഹായിക്കാൻ എത്തില്ല. അവരും ഇവരോട് വിവേചനം കാട്ടുകയാണ്. പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളെ രണ്ടാംകിട പൗരന്മാരായാണ് രാജ്യം പരിഗണിക്കുന്നത്. ഇസ്‌ലാം മതത്തെ അപമാനിക്കുന്നത് കുറ്റമായ പാകിസ്ഥാനിൽ ആ പേരിലും ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നുണ്ട്. അനവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് കമ്മീഷൻ സമർത്ഥിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |