ന്യൂഡൽഹി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭം അക്രമാസക്തമായതിനെതുടർന്ന് ജാമിയ മിലിയ സർവകലാശാല കാമ്പസിൽ പൊലീസ് പ്രവേശിച്ച് കവാടം അടച്ചു.. പുറത്തുനിന്നുള്ള ചിലർ സർവകലാശാലയ്ക്കുള്ളിൽ അഭയംതേടുന്നത് തടയുന്നതിനാണ് ഇതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.
നൂറുകണിക്ക് പൊലീസുകാർ കാമ്പസിനകത്ത് പ്രവേശിച്ചതായും കണ്ണീർ വാതകം പ്രയോഗിച്ചതായും റിപ്പോർട്ടുണ്ട്. കാമ്പസിനുള്ളിൽ നിന്ന് 150ഓളം വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നും സമരവുമായി ബന്ധമില്ലാത്ത വിദ്യാർത്ഥികളെയാണ് പൊലീസ് പിടിച്ചതെന്നും ഒരുവിഭാഗം ആരോപിച്ചു.
അനുമതി ഇല്ലാതെ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് കാമ്പസിൽ പ്രവേശിച്ചതെന്നും വിദ്യാർത്ഥികളെയും ജീവനക്കാരെയും പൊലീസ് മർദ്ദിച്ചതായും സര്‍വകലാശാല പ്രോക്ടർ വസീം അഹമ്മദ് ഖാൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
വൈകിട്ട് നാലുമണിയോടെ ജാമിയ മിലിയ സർവകലാശാല വിദ്യാർത്ഥികളും അദ്ധ്യാപകരും നാട്ടുകാരും ഗാന്ധി പീസ് മാർച്ച് എന്ന പേരിൽ ഡൽഹിയിലേയ്ക്ക് പ്രതിഷേധ മാർച്ച് ആരംഭിച്ചത്. മാർച്ച് പൊലീസ് തടഞ്ഞതോടെ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. അതേ സമയം ഡൽഹിയിലെ അക്രമത്തിന് പിന്നിൽ എ.എ.പിയെന്ന് ബി.ജെ.പി ആരോപിച്ചു. പ്രകോപനമുണ്ടാക്കിയത് എ.എ.പി എം.എൽ.എ ആണെന്നും ബി..ജെ..പി നേതാക്കൾ പറയുന്നു.. എന്നാൽ ആരോപണം എ.എ.പി എം.എൽ.എ അമാനത്തുളള ഖാന്‍ തള്ളി. അക്രമത്തെ അംഗീകരിക്കില്ലെന്നും സമാധാനം പാലിക്കണമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |