ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ഇന്നലെ നിരവധി സംസ്ഥാനങ്ങളിലേക്ക് കത്തിപ്പടർന്നതിനിടെ ഉത്തർപ്രദേശിലെ ലക്‌നൗവിൽ ഒരാളും കർണാടകത്തിലെ മംഗളുരുവിൽ രണ്ട് പേരും പൊലീസ് വെടിവയ്‌പിൽ മരണമടഞ്ഞു.രാജ്യമെമ്പാടും നിരവധി പേർക്ക് പരിക്കേറ്റു.
മംഗളുരുവിൽ മരിച്ചവരിൽ ഒരാൾ ബന്തർ സ്വദേശി ജലീൽ (35) ആണ്. ഇയാളുടെ ഭാര്യവീട് മഞ്ചേശ്വരം മജിബയലിൽ ആണ്. മംഗളുരുവിലെ സംഘർഷത്തിൽ നൂറിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. പത്ത് പേരുടെ നില ഗുരുതരമാണ്. പൊലീസ് സ്റ്റേഷൻ ആക്രമിക്കാൻ ശ്രമിവരെയാണെ വെടിവച്ചതെന്ന് റിപ്പോർട്ടുണ്ട്.
പ്രതിഷേധവും അക്രമങ്ങളും ഇന്നലെ ഡൽഹി, കർണാടക, ഉത്തർപ്രദേശ്, കേരളം, ആന്ധ്രപ്രദേശ്, ഗുജറാത്ത്, തമിഴ്നാട് സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു.യു. പിയിലും കർണാടകത്തിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഡൽഹി, ലക്‌നൗ, പാട്‌ന, ഹൈദരാബാദ്, ബാംഗ്ളൂർ, മംഗളുരു, മുംബയ് എന്നിവിടങ്ങളിൽ നിരോധനാജ്ഞ ലംഘിച്ച് തെരുവിലിറങ്ങിയ പ്രതിഷേധക്കാർ അക്രമാസക്തരായി.പലയിടത്തും പൊലീസുമായി ഏറ്റുമുട്ടി. ഡൽഹിയിൽ നിരോധനം ലംഘിച്ച് മാർച്ച് നടത്തിയ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, ബൃന്ദാ കാരാട്ട്, കോൺഗ്രസ് നേതാക്കളായ അജയ് മാക്കൻ, സന്ദീപ് ദീക്ഷിത്ത്, സ്വരാജ്യ അഭിമാൻ അദ്ധ്യക്ഷൻ യോഗേന്ദ്ര യാദവ്, ബംഗളുരുവിൽ ചരിത്രകാരൻ രാമചന്ദ്രഗുഹ തുടങ്ങിയവരെ അറസ്‌റ്റു ചെയ്‌ത് വിട്ടയച്ചു. മാർച്ചിനെത്തിയ ജാമിയ മിലിയ സർവകലാശാല, ജെ. എൻ. യു, സെൻട്രൽ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ വിദ്യാർത്ഥികളെയും അറസ്റ്റ് ചെയ്തു.
പ്രക്ഷോഭകരെ തടയാൻ ഇരുപത് മെട്രോ സ്റ്റേഷനുകൾ അടച്ചു. ഡൽഹിയിൽ നിരവധി വിമാനസർവീസുകൾ നിറുത്തി. ഡൽഹി-ഹരിയാന അതിർത്തി അടച്ചു. ഡൽഹിയുടെ അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കി. ഇന്റർനെറ്റ് സേവനങ്ങൾ നിറുത്തിയതും റോഡുകൾ അടച്ചതും ജനജീവിതത്തെ ബാധിച്ചു.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
തുടക്കം ഡൽഹിയിൽ
ഡൽഹിയിൽ ഷഹീൻ ബാഗിൽ നിന്ന് ചെങ്കോട്ട വരെ വിദ്യാർത്ഥികളും മണ്ഡിഹൗസിലേക്ക് ഇടതുപാർട്ടികളും വെവ്വേറെ പ്രകടനങ്ങളാണ് ആഹ്വാനം ചെയ്‌തത്. ചെങ്കോട്ടയ്‌ക്കു സമീപം യോഗേന്ദ്ര യാദവിന്റെ നേതൃത്വത്തിലും പ്രതിഷേധം തുടങ്ങി. സമാന്തരമായി രാജ്യത്തെമ്പാടും പ്രക്ഷോഭകർ നിരത്തിലിറങ്ങി. ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചും മെട്രോ സ്‌റ്റേഷനുകൾ അടച്ചും പൊലീസ് സമരത്തെ ഒതുക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ പ്രവഹിച്ചു. തുടർന്ന് ഇന്റർനെറ്റ് റദ്ദാക്കി നേതാക്കളെയും പ്രതിഷേധക്കാരെയും കസ്‌റ്റഡിയിലെടുത്ത് പൊലീസ് സമരം നിയന്ത്രണത്തിലാക്കി.
ഉച്ചയോടെ ജാമിയ മിലിയ, ഡൽഹി സർവ്വകലാശാലകളിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ജന്ദർമന്ദറിൽ കേന്ദ്രീകരിച്ചു. ഇന്ത്യാഗേറ്റ് പരിസരത്തുള്ള രാജീവ് ചൗക്ക്, സെൻട്രൽ സെക്രട്ടേറിയറ്റ് തുടങ്ങി പ്രധാന മെട്രോ സ്‌റ്റേഷനുകൾ അടച്ചതോടെ യാത്രക്കാർ വലഞ്ഞു. മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾക്കും നിയന്ത്രമണമേർപ്പെടുത്തി. ആയിരത്തോളം പേർ കസ്റ്റഡിയിലായി. ജന്ദർമന്ദറിൽ അരുന്ധതി റോയി, കനയ്യ കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രതിഷേധം തുടർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |