തിരുവനന്തപുരം: ഇരുന്ന് ജോലി ചെയ്ത് കൊഴുപ്പുകേറി പൊണ്ണത്തടിയരായ സർക്കാർ ജീവനക്കാരെ ഒതുക്കിയെടുക്കാൻ സുംബ ഡാൻസുമായി സർക്കാർ വരുന്നു. രോഗം ബാധിച്ചതിനാൽ പലജീവനക്കാരും നീണ്ട അവധിയെടുത്ത് പോവുകയാണ്. അതോടെ വകുപ്പുകളുടെ പ്രവർത്തനവും രോഗം ബാധിച്ചതുപോലെ മന്ദഗതിയിലായി. ഇതിനെ മറികടക്കാനാണ് ജീവനക്കാരെക്കൊണ്ട് ഡാൻസ് ചെയ്യിപ്പിക്കുന്നത്. ആരോഗ്യ വകുപ്പിലാണ് ആദ്യമായി ഡാൻസ് അരങ്ങേറുന്നത്. ശേഷം പൊതുഭരണ വകുപ്പുമായി ആലോചിച്ച് സെക്രട്ടേറിയറ്റിലേക്കും ഡാൻസ് വ്യാപിപ്പിക്കും. ഒറ്റയിരുപ്പിലിരുന്ന് ജോലി ചെയ്യുന്നത് ശരീരത്തെയും ജോലിയേയും ഒരുപോലെ ബാധിക്കുമെന്നാണ് കണ്ടെത്തൽ. എന്നാൽ കസേരയിലിരിക്കാതെ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ജീവനക്കാരുമുണ്ട്. അവർ പഞ്ച് ചെയ്തിട്ട് സ്വന്തം കാര്യം നോക്കി നടക്കുമ്പോൾ എങ്ങും പോകാതെ കസേരയിലിരുന്ന് ജോലി ചെയ്യുന്ന ജീവനക്കാർ തടിച്ച് കൊഴുക്കുന്നതായാണ് കണ്ടെത്തൽ. ഇവരെക്കൊണ്ട് ഡാൻസ് ചെയ്യിപ്പിച്ച് സ്ലിമാക്കും. അതിലൂടെ ജോലിക്ക് പ്രസരിപ്പേകും.
തലസ്ഥാനത്ത് സുംബഡാൻസ് അഭ്യസിപ്പിക്കുന്ന സംഘവുമായി ചേർന്നാണ് ജീവനക്കാരെ ഡാൻസ് ചെയ്യിപ്പിക്കുന്നത്. ആദ്യം മൂന്ന് ക്ളാസുകളാണ് ഒരുക്കുന്നത്. അതിനുശേഷം താത്‌പര്യമുള്ളവർക്ക് സുംബഡാൻസ് കൂടുതൽ അഭ്യസിക്കാനുള്ള സൗകര്യവും ആരോഗ്യവകുപ്പ് ഒരുക്കും. ജീവനക്കാർക്കിടയിൽ പോസിറ്റീവ് എനർജി സൃഷ്ടിക്കുക, മാനസിക സമ്മർദ്ദം കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളാണ് സുംബ ഡാൻസിലൂടെ ഉദ്ദേശിക്കുന്നത്.
ഇരിക്കുന്നവർക്ക് രോഗം പലത്
വ്യായാമമില്ലാതെ ഒരേ ഇരിപ്പിലുള്ള ജോലിയായതിനാൽ പല സർക്കാർ ജീവനക്കാരും ചെറുപ്രായത്തിൽ തന്നെ രോഗത്തിന്റെ പിടിയിലാവുന്നുണ്ട്. കൂടുതൽ ഇരുന്നുള്ള ജോലി കൊളസ്ട്രോളിലേക്കും രക്തസമ്മർദ്ദത്തിലേക്കും ജീവനക്കാരെ തള്ളിവിടുമെന്ന് അധികൃതർ പറയുന്നു. കൂടുതൽ നേരം ഇരിക്കുന്നവർക്ക് അർബുദം, ഹൃദ്രോഗങ്ങൾ, പക്ഷാഘാതം, പ്രമേഹം, വൃക്കരോഗം, ആസ്ത് മ, ന്യൂമോണിയ, കരൾ രോഗം, അൾസർ, പാർക്കിൻസൺ, അൽഷിമേഴ്‌സ്, ഞരമ്പുകളെ ബാധിക്കുന്ന രോഗങ്ങൾ തുടങ്ങിയവ വരാനുള്ള സാധ്യതയും കൂടുതലാണെന്നാണ് വിവിധ പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. അതിനാലാണ് സുംബഡാൻസ് ഉൾപ്പടെയുള്ള പരിഷ്കാരങ്ങളിലേയ്ക്ക് ആരോഗ്യവകുപ്പ് കടക്കുന്നത്.
എന്താണ് സുംബഡാൻസ്
അടിതൊട്ട് മുടിവരെയാണ് സുംബ ഇളക്കി മറിക്കും. ശരീരത്തിന്റെ ഓരോ ഭാഗങ്ങൾക്കും ഇണങ്ങുന്ന രീതിയിലാണ് ഇതിന്റെ സ്റ്റെപ്പുകൾ. ഒരു മണിക്കൂർ നീളുന്ന പരിശീലനത്തിൽ 11 മുതൽ 13 വരെ പാട്ടുകളുണ്ടാകും. ഉയർന്ന താളത്തിലും പതിഞ്ഞ താളത്തിലും മാറിമാറിയാണ് പാട്ടുകൾ വരുന്നത്. അരക്കെട്ടിനും ഇടുപ്പിനും വയറിനുമെല്ലാം പ്രത്യേകം സ്റ്റെപ്പുകളാണ്. പത്ത് മുതൽ പതിനഞ്ച് മിനിട്ട് വരെ നീളുന്ന വാംഅപ്പോടെയാണ് പരിശീലനം തുടങ്ങുന്നത്. ശരീരത്തെ നൃത്തത്തിന്റെ താളത്തിലേക്ക് ചുവടുവയ്പിക്കുന്നതിനുള്ള പൊടിക്കൈകളാണ് വാം അപ്പ്. ശരീരത്തെ ഉണർത്താനുള്ള ചുവടുകളെന്നും വിശേഷിപ്പിക്കാം. ഇതിനും അനുബന്ധമായി പാട്ടുണ്ടാകും. അവസാനമായി പത്ത് മുതൽ പതിനഞ്ച് മിനിട്ടു വരെ കൂൾ ഡൗൺ സ്റ്റെപ്പുമുണ്ടാകും.
പ്രായം പ്രശ്നമല്ല, ചുവട് വയ്ക്കൂ
എല്ലാ പ്രായത്തിലുമുള്ള ഉദ്യോഗസ്ഥരെയുംകൊണ്ട് സുംബ ഡാൻസ് ചെയ്യിക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. അതുകൊണ്ട് തന്നെ പ്രായമായെന്ന് കരുതി മുതിർന്ന ജീവനക്കാർ മാറിനിൽക്കേണ്ടതില്ല. വിവിധ പ്രായക്കാർക്ക് ഇണങ്ങുന്ന സ്റ്റെപ്പുകൾ സുംബയിലുണ്ട്. ശാരീരികാവസ്ഥ പരിഗണിച്ച്, അതിനനുസരിച്ചാണ് പ്രായമായവരെ പരിശീലിപ്പിക്കുന്നത്. തടി കുറയ്ക്കാൻ മാത്രമല്ല ശരീരം ഫിറ്റായി സൂക്ഷിക്കാനും സുംബ സഹായിക്കും. ഓരോരുത്തരുടെയും ആരോഗ്യവും ശരീരപ്രകൃതിയുമെല്ലാം കണക്കിലെടുത്താണ് വ്യായാമത്തിന്റെ സമയം നിർദേശിക്കുക. ഒരു മണിക്കൂർ സുംബ ഡാൻസ് പരിശീലിച്ചാൽ 600 മുതൽ 800 കലോറിയാണ് പമ്പ കടക്കുന്നത്.
സ്ട്രെച്ച് ബ്രേക്കിൽ തുടക്കം
ആരോഗ്യവകുപ്പ് ജീവനക്കാർക്കായി നടപ്പാക്കി വിജയം കണ്ട സ്ട്രെച്ച് ബ്രേക്കിന്റെ തുടർച്ചയായാണ് സുംബ ഡാൻസ് നടപ്പാക്കുന്നത്. ആർദ്രം പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് ആസ്ഥാനത്ത് തുടക്കമിട്ട വ്യായാമ ഇടവേളയാണ് സ്ട്രെച്ച് ബ്രേക്ക്. ഒറ്റയിരുപ്പിൽ ജോലി ചെയ്യുന്നത് കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന നിഗമനത്തെതുടർന്നായിരുന്നു പദ്ധതി ആരംഭിച്ചത്. രാവിലെ പതിനൊന്നിനും ഉച്ചയ്ക്കുശേഷം മൂന്നിനും സ്വന്തം സീറ്റിൽത്തന്നെ എഴുന്നേറ്റുനിന്ന് വ്യായാമ മുറകൾ ജീവനക്കാർക്ക് ചെയ്യാം. വർക്കലയിലെ പ്രകൃതിചികിത്സാ ആശുപത്രിയിൽനിന്നുള്ള വിദഗ്ധരെയെത്തിച്ച് ഇതിനായുള്ള പരീശീലനം ജീവനക്കാർക്ക് നൽകിയിരുന്നു. കഴുത്തിനും കൈകാൽമുട്ടുകൾക്കും നടുവിനുമൊക്കെ ആശ്വാസം നൽകുന്ന യോഗമാതൃകയിലുള്ള വ്യായാമങ്ങളാണ് അഭ്യസിപ്പിച്ചത്. തുടർപരിശീലനത്തിനായി വീഡിയോ ക്ലിപ്പിങ്ങുകളും നൽകിയാണ് പ്രകൃതി ചികിത്സകർ മടങ്ങിയത്.
ഇപ്പോൾ സ്‌ട്രെച്ച് ബ്രേക്ക് സമയമാകുമ്പോൾ മൂന്ന് ബെല്ലടിക്കും. മൈക്കിലൂടെ വ്യായാമമുറകൾക്കുള്ള നിർദേശവും നൽകും. ഇതുകേട്ടാണ് ജീവനക്കാർ വ്യായാമം ചെയ്യുന്നത്. സംഗീതത്തിന്റെ അകമ്പടിയോടെ നിർദേശങ്ങൾ നൽകുന്നതിനും ലക്ഷ്യമിടുന്നുണ്ട്. ഇതിനായി ആയുർവേദ വകുപ്പിനെയും ചുമതലപ്പെടുത്തിയിരിക്കുകയാണ്. മാസത്തിലൊരിക്കൽ എല്ലാവരെയും ഒരു ഹാളിൽ ഒത്തുചേർത്ത് ഇത്തരം വ്യായാമമുറകൾ അഭ്യസിക്കാനുള്ള നീക്കവുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |