തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം ഉദ്യോഗ സംവരണം നൽകുന്നതിനുള്ള ശുപാർശ മന്ത്രിസഭായോഗം അംഗീകരിച്ചു. നിലവിലുള്ള സംവരണത്തിന് അർഹതയില്ലാത്തവരും കുടുംബ വാർഷിക വരുമാനം നാല് ലക്ഷം രൂപയിൽ കവിയാത്ത എല്ലാവർക്കും സംവരണത്തിന്റെ ആനുകൂല്യം ഉണ്ടാകും. ഇക്കാര്യം സംബന്ധിച്ച് സർക്കാർ നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നു.
ഇതിന്റെ വിവിധ മാനദണ്ഡങ്ങൾ പഠിക്കാൻ ജസ്റ്റിസ് കെ. ശ്രീധരൻ നായർ കമ്മീഷനെയും സർക്കാർ നിയമിച്ചിരുന്നു. കമ്മീഷൻ നൽകിയ ശുപാർശകളാണ് സർക്കാരിന്റെ നിയമവകുപ്പ് ചെറിയ ഭേദഗതികളോടെ അംഗീകരിച്ചിരിക്കുന്നത്. നിലവിലെ സംവരണത്തിന് അർഹതയില്ലാത്തവർക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. സംവരണം സംബന്ധിച്ച് പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും പ്രത്യേക മാനദണ്ഡങ്ങളും രൂപീകരിച്ചിട്ടുണ്ട്.
സംവരണം ലഭിക്കുന്നതിനുള്ള വാർഷിക വരുമാനത്തിന്റെ പരിധി വർദ്ധിപ്പിച്ച് കൊണ്ടാണ് സർക്കാർ ശുപാർശകൾ അംഗീകരിച്ചത്. എൻ.എസ്.എസും മറ്റും വാർഷിക വരുമാനത്തിന്റെ കാര്യം സംബന്ധിച്ച് വിമർശനം ഉന്നയിച്ചിരുന്നു. സംഘടനയുടെ വിമർശനം കൂടി കണക്കിലെടുത്തുകൊണ്ടാണ് സർക്കാർ ശുപാർശകൾ അംഗീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |