തിരുവനന്തപുരം: സമൂഹത്തിലെ വലിയ വിഭാഗം ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കുന്ന പൗരത്വ നിയമ ഭേദഗതിയെ എതിർക്കണമെന്നഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ 11 സംസ്ഥാന മുഖ്യമന്ത്രിമാർക്ക് കത്തയച്ചു.
പൗരത്വ ഭേദഗതി നിയമം രാജ്യത്തിന്റെ മതേതര മൂല്യങ്ങളെ ബാധിക്കുന്നതിലെ ആശങ്ക വ്യക്തമാകുന്ന പ്രമേയം കേരള നിയമസഭ ഡിസംബർ 31ന് പാസാക്കിയതും നിയമം പിൻവലിക്കണമെന്ന് പ്രമേയം കേന്ദ്രത്തോടാവശ്യപ്പെട്ടതും കത്തിൽ വിശദീകരിച്ചു. പൗരത്വ നിയമം റദ്ദാക്കണം എന്നഭിപ്രായമുള്ള സംസ്ഥാനങ്ങൾ സമാനമായ നടപടികളിലേക്കു നീങ്ങണം.
ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ച് കടുത്ത ആശങ്ക ഉയർന്നിട്ടുണ്ട്. ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ പ്രവർത്തനങ്ങൾ പൗരത്വ രജിസ്റ്ററിലേക്ക് നയിക്കും. ഇത് കണക്കിലെടുത്ത് ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ പ്രവർത്തനങ്ങൾ കേരളം നിറുത്തി വച്ചെന്നും മുഖ്യമന്ത്രി കത്തിൽ അറിയിച്ചു.
കത്ത് ഇവർക്ക്
ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബീഹാർ മുഖ്യമന്ത്രി നിതീഷ്‌കുമാർ, ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ, പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്, പഞ്ചാബ് മുഖ്യമന്ത്രി കാപ്ടൻ അമരീന്ദർ സിംഗ്, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് എന്നിവർക്കാണ് കത്തയച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |