തിരുവനന്തപുരം: ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിൽ ഒരു സഞ്ചാരി മാത്രമായിരിക്കും പോകുന്നത് എന്ന് അറിയുന്നു. പരിശീലനത്തിന് തിരഞ്ഞെടുത്ത നാലു പേരിൽ മൂന്ന് പേർ ബഹിരാകാശത്തേക്ക് പോകുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ സുരക്ഷ കണക്കിലെടുത്ത് ഒരാളെ അയച്ചാൽ മതിയെന്നാണ് ഐ.എസ്.ആർ.ഒ നിലപാട്.
നേരത്തെ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേരെ അയയ്ക്കാനായിരുന്നു തീരുമാനം. പിന്നീട് സ്ത്രീകൾ വേണ്ട, പുരുഷൻമാർ മതിയെന്നാക്കിയിരുന്നു. തിരഞ്ഞെടുത്ത യാത്രികർ പരിശീലനത്തിനായി ഇൗ മാസം റഷ്യയിലേക്ക് പോകും.
ഇന്ത്യയുടെ രാകേശ് ശർമ്മ റഷ്യൻ പേടകത്തിൽ ബഹിരാകാശത്തു പോയിട്ടുണ്ട് എന്നതൊഴിച്ചാൽ ഇന്ത്യ സ്വന്തം നിലയിൽ ബഹിരാകാശത്ത്സഞ്ചാരിയെ അയച്ച അനുഭവമില്ല. അതാണ് ഒരാൾ മതിയെന്ന തീരുമാനത്തിന് പിന്നിൽ. മറ്റ് രാജ്യങ്ങളും ആദ്യയാത്രയിൽ ഒരാളെയാണ് അയച്ചിട്ടുള്ളത്. പതിനായിരം കോടി രൂപയാണ് ഗഗൻയാൻ പദ്ധതിക്ക് വകയിരുത്തിയിരിക്കുന്നത്.
ഗഗൻയാനിന്റെ അടിസ്ഥാനസൗകര്യങ്ങൾ, യാത്രികരുടെ വസ്ത്രം, ഭക്ഷണം, പരിശീലനം, ചികിത്സ, പേടകത്തിന്റെ നിർമ്മാണം, സുരക്ഷാമുൻകരുതലുകൾ, വിക്ഷേപണ സൗകര്യം തുടങ്ങി നിരവധി തയ്യാറെടുപ്പുകളുണ്ടെന്ന് ഐ.എസ്.ആർ.ഒ ചെയർമാർ ഡോ. ശിവൻ പറഞ്ഞു.
ഗഗൻയാൻ പരിശീലന കേന്ദ്രം
ചലക്കരയിൽ 2700 കോടിയുടെ ഹ്യൂമൻ സ്പെയ്സ് ഫ്ളൈറ്റ് ഇൻഫ്രാസ്ട്രക്ചർ സെന്ററിന് തിങ്കളാഴ്ച തുടക്കമിട്ടു. മൂന്ന് വർഷം കൊണ്ട് പൂർത്തിയാകും. ഭാവിയിൽ ബഹിരാകാശയാത്രികർക്ക് പരിശീലനം നൽകാനാണിത്. നിലവിൽ റഷ്യ, അമേരിക്ക, ചെെന, ജപ്പാൻ, ജർമ്മനി എന്നിവിടങ്ങളിലാണ് പരിശീലനകേന്ദ്രങ്ങളുള്ളത്. അമേരിക്കയിലെ ഹ്യൂസ്റ്റണിൽ നാസയുടെ പരിശീലന കേന്ദ്രമായ ജോൺസൺ സ്പെയ്സ് സെന്ററാണ് ഏറ്റവും വലുത്. കൃത്രിമ സ്പെയ്സ് ആണ് ഇവിടത്തെ പ്രത്യേകത. റഷ്യയിലെ യുറിഗഗാറിൻ റിസർച്ച് ആൻഡ് ടെസ്റ്റ് കോസ്‌മോനാട്ട് ട്രെയിനിംഗ് സെന്ററിലാണ് ഗഗൻയാൻ യാത്രികർക്ക് പരിശീലനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |