മുംബയ്: റിസർവ് ബാങ്കിന്റെ ഡെപ്യൂട്ടി ഗവർണറായി കേന്ദ്രസർക്കാർ ഡോ. മൈക്കൽ പാത്രയെ നിയമിച്ചു. റിസർവ് ബാങ്കിന്റെ ധനനയ വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്‌ടറായി പ്രവർത്തിച്ചു വരികയായിരുന്നു ഡോ. പാത്ര. ജൂലായ് 23ന് രാജവിച്ച വിരാൽ വി. ആചാര്യയുടെ ഒഴിവിലേക്കാണ് അദ്ദേഹം ഡെപ്യൂട്ടി ഗവർണറായി എത്തുന്നത്.
റിസർവ് ബാങ്ക് ഗവർണർ അദ്ധ്യക്ഷനായ ആറംഗ ധനനയ നിർണയ സമിതിയിൽ (എം.പി.സി) അംഗമാണ് മൈക്കൽ പാത്ര. എം.പി.സിയുടെ കഴിഞ്ഞ മൂന്ന് യോഗങ്ങളിലും അദ്ദേഹം പലിശ കുറയ്ക്കുന്നതിനെ അനുകൂലിച്ചിരുന്നു. ഡെപ്യൂട്ടി ഗവർണർ പദവിയിലും അദ്ദേഹത്തിന്റെ പ്രധാന ദൗത്യം ധനനയം തന്നെയായിരിക്കും.
ഐ.ഐ.ടി ബോംബെയിൽ നിന്ന് സാമ്പത്തിക ശാസ്‌ത്രത്തിൽ പി.എച്ച്.ഡിയുള്ള പാത്ര 1985ലാണ് റിസർവ് ബാങ്കിൽ ജോലിയിൽ പ്രവേശിച്ചത്. ആഭ്യന്തര ധനകാര്യം, പണം, ബാങ്കിംഗ് എന്നിവയുടെ ചുമതലയോടെ സാമ്പത്തിക വിശകലന-നയ വികസന വിഭാഗത്തിൽ ഉപദേശകനായിരിക്കേ, 2005ൽ അദ്ദേഹം ധനയ വിഭാഗത്തിലേക്ക് മാറി. തുടർന്ന്, എക്‌സിക്യൂട്ടീവ് ഡയറക്‌ടറായി. ഫിനാൻഷ്യൽ സ്‌റ്റെബിലിറ്റിയിൽ ഹാർവാഡ് സർവകലാശാലയിൽ നിന്ന് പോസ്‌റ്ര് ഡോക്‌ടറൽ ബിരുദവും നേടിയിട്ടുണ്ട്.
പാത്ര, നാലാമൻ!
റിസർവ് ബാങ്കിൽ നാല് ഡെപ്യൂട്ടി ഗവർണർ പദവികളാണുള്ളത്. എൻ.എസ്. വിശ്വനാഥൻ, ബി.പി. കാനുംഗോ, എം.കെ. ജെയിൻ എന്നിവർ നിലവിൽ ഡെപ്യൂട്ടി ഗവർണർമാരാണ്. നാലാമനായാണ് മൈക്കൽ പാത്രയുടെ നിയമനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |