കോഴിക്കോട്: ലോക ചെസ് ഫെഡറേഷൻ (ഫിഡെ) മുൻ വൈസ് പ്രസിഡന്റ് പി.ടി.ഉമ്മർകോയ (69) അന്തരിച്ചു. പന്നിയങ്കര വി.കെ. കൃഷ്ണമേനോൻ റോഡിലെ വസതിയിൽ ഇന്നലെ പുലർച്ചെ രണ്ടരയോടെയായിരുന്നു അന്ത്യം. രോഗബാധിതനായി ചികിത്സയിലായിരുന്നു.
ഇന്ത്യൻ ചെസിനെ ഉയരങ്ങളിൽ എത്തിക്കുന്നതിൽ നിർണായകപങ്ക് വഹിച്ച ഉമ്മർകോയ മികച്ച കളിക്കാരനും നല്ല സംഘാടകനുമായിരുന്നു. 1996 മുതൽ പത്ത് വർഷം ഫിഡെ വൈസ് പ്രസിഡന്റായിരുന്നു. ഫിഡെ യൂത്ത് കമ്മിറ്റി ചെയർമാനുമായിട്ടുണ്ട്. 1994 ൽ മോസ്‌കോയിലും 1996ൽ യെറിവാനിലും നടന്ന ചെസ് ഒളിമ്പ്യാഡുകളിൽ സീനിയർ ആർബിറ്ററായിരുന്നു. 1994ൽ കോമൺവെൽത്ത് ചെസ് അസോസിയേഷൻ ജനറൽ സെക്രട്ടറിയായും ഏഷ്യൻ സോണൽ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. നാലു തവണ അഖിലേന്ത്യാ ചെസ് ഫെഡറേഷൻ സെക്രട്ടറിയായി. 1985 മുതൽ 89 വരെ ജോയിന്റ് സെക്രട്ടറിയായിരുന്നു. അഖിലേന്ത്യാ ചെസ് ഫെഡറേഷൻ മാസികയുടെ എഡിറ്ററായും പ്രവർത്തിച്ചു.
ഭാര്യ:നജ്മ കോയ. മക്കൾ: നസിയ നോന, നാദിയ നോന, നൈജൽ റഹ്‌മാൻ (ഷാർജ). മരുമക്കൾ: മിഷാൽ റസാഖ്, ജസീം (ഷാർജ), ഫാബിദ. ഇന്നലെ രാത്രി ഒൻപതിന് പന്നിയങ്കര പള്ളിയിൽ മയ്യത്ത് നമസ്കാരത്തിന് ശേഷം കബറടക്കം കണ്ണമ്പറമ്പിൽ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |