കോട്ടയം: ചുറ്റും വലിച്ചുമുറുക്കിയ പ്ളാസ്റ്റിക് ചരടഴിച്ചാൽ മുൻ രാഷ്ട്രപതി കെ.ആർ. നാരായണൻ സ്മൃതിമണ്ഡപത്തിന്റെ ഗ്രാനേറ്റ് പാളികൾ അടർന്നുവീഴും. പിന്നാക്കാരനായ ആദ്യ രാഷ്ട്രപതിയുടെ ശതാബ്ദി ആഘോഷിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ചിതാഭസ്മം സൂക്ഷിച്ചിരിക്കുന്ന സ്മൃതി മണ്ഡപം പിന്നാക്കാവസ്ഥയുടെ സാക്ഷ്യമായി മാറുന്നത്. പേരും ജനനവും മരണവും ആലേഖനം ചെയ്ത പാളി പൊട്ടിപ്പൊളിഞ്ഞു. മണ്ഡപം ബലപ്പെടുത്താൻ ചേർത്തുവച്ച ഗ്രാനേറ്റ് കഷ്ണങ്ങൾ ഇളകിമാറി. മണ്ഡപം സംരക്ഷിക്കുമെന്ന് ധനമന്ത്രി നിയമസഭയെ അറിയിച്ച് മൂന്ന് മാസമായിട്ടും ഒരു സർക്കാർ പ്രതിനിധി പോലും ഇവിടെ വന്നിട്ടില്ല.
ഉഴവൂർ കോച്ചേരിലെ കുടുംബവീടിനോട് ചേർന്ന് 15 വർഷം മുൻപാണ് സ്മൃതി മണ്ഡപം സ്ഥാപിച്ചത്. അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണിൽ അന്ത്യവിശ്രമം കൊള്ളണമെന്ന അന്ത്യാഭിലാഷം സ്മൃതി മണ്ഡപത്തിലൂടെ നിറവേറ്റുകയായിരുന്നു. ഡൽഹയിലെ ശവകുടീരത്തിൽ നിന്ന് ചിതാഭസ്മം ശേഖരിച്ച് അച്ഛൻ രാമൻ വൈദ്യരും അമ്മ പാപ്പിയമ്മയും ഉറങ്ങുന്ന ആറടി മണ്ണിനരികിൽ സ്മൃതി മണ്ഡപം പണിതു. പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച മണ്ഡപം വെയിലും മഴയുമേറ്റ് നാശോന്മുഖമായി. അച്ഛന്റെ സഹോദരൻ കെ.ആർ. അയ്യപ്പന്റെ മകൾ കെ. സീതാലക്ഷ്മിയും ഭർത്താവ് പി.എൻ. വാസുക്കുട്ടനുമാണ് ഇവിടെ താമസിക്കുന്നത്. അവർ ചുറ്റും തൂത്ത് വൃത്തിയാക്കും. ദിവസവും വിളക്കുവയ്ക്കും. മണ്ഡപത്തിലേക്കുള്ള വഴി കോൺക്രീറ്റിട്ട് മനോഹരമാക്കിയെങ്കിലും മണ്ഡപം സ്വന്തമായി പുനർനിർമ്മിക്കാനുള്ള സാമ്പത്തിക ശേഷിയില്ലെന്ന് അവർ പറഞ്ഞു.
ധനമന്ത്രി വാക്കു പാലിച്ചില്ല
സ്മൃതി മണ്ഡപത്തിന്റെ ശോച്യാവസ്ഥ നേരിട്ട് ബോദ്ധ്യപ്പെട്ട പി.സി. ജോർജ് എം.എൽ.എ കഴിഞ്ഞ നവംബർ 11നാണ് വിഷയം നിയസഭയിലുന്നയിച്ചത്. മണ്ഡപം നവീകരിക്കാൻ ഉചിതമായ നടപടിയെടുക്കുമെന്ന് ധനമന്ത്രി ഉറപ്പ് നൽകി.
'' ഒരു വർഷമായി മണ്ഡപം പ്ളാസ്റ്റിക് കയർകൊണ്ട് കെട്ടിവച്ചിരിക്കുകയാണ്. ആരും തിരിഞ്ഞുനോക്കുന്നില്ല. വെയിലും മഴയും കൊള്ളാത്ത വിധം ആധുനിക രീതിയിൽ നിർമ്മിക്കുകയാണ് വേണ്ടത്''- പി.എൻ. വാസുക്കുട്ടൻ, ബന്ധു
'' സർക്കാർ തലത്തിൽ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല. സംസ്ഥാനത്തിനോ കേന്ദ്രത്തിനോ സ്മൃതിമണ്ഡപം ഏറ്റെടുക്കുകയോ നവീകരിക്കുകയോ ചെയ്യാം''
-പി.കെ. സുധീർ ബാബു, കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |