തിരുവനന്തപുരം: കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ നിയമഭേദഗതിക്കെതിരെ കേരള സർക്കാർ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചതിൽ തെറ്റില്ലെന്ന് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുപ്രീം കോടതിയെ ആർക്കും സമീപിക്കാവുന്നതാണെന്നും നിയമത്തോട് എതിർപ്പുണ്ടെങ്കിൽ നിയമപരമായി പോകുക തന്നെയാണ് വേണ്ടതെന്നും ഗവർണർ വ്യക്തമാക്കി. നിയമപരം അല്ലാത്തതുകൊണ്ടാണ് പൗരത്വ നിയമഭേദഗതിക്കെതിരെ കേരള നിയമസഭ പാസാക്കിയ നിയമത്തെ താൻ എതിർത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർലമെന്റ് പാസാക്കിയ നിയമത്തിനെതിരെ പ്രമേയം കൊണ്ടുവരാൻ സംസ്ഥാന നിയമസഭയ്ക്ക് അധികാരമില്ലെന്ന് ഗവർണർ മുൻപ് നിലപാടെടുത്തിരുന്നു. സംസ്ഥാന സർക്കാർ തങ്ങളുടെ അധികാര പരിധിയിൽപ്പെട്ട കാര്യങ്ങൾക്ക് വേണ്ടിയാണ് സമയം ചിലവഴിക്കേണ്ടതെന്നും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ് പ്രമേയമെന്നതുകൊണ്ടുതന്നെ അത് അപ്രസക്തമാണെന്നുമാണ് ഗവർണർ പറഞ്ഞിരുന്നത്. പൗരത്വ നിയമഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ സ്യൂട്ട് ഹർജി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |