മുക്കം (കോഴിക്കോട്): ഇരട്ടക്കൊല വാർത്ത പുറത്തുവന്നതോടെ വെസ്റ്റ് മണാശ്ശേരിയിലെ പഴയ പാലിയിൽ വീടിന്റെ (സൗപർണിക) അയൽപക്കക്കാർക്കും പരിസരവാസികൾക്കുമെല്ലാം തീരാത്ത അത്ഭുതമാണ്. അമ്മയെയും അടുത്ത സഹായിയെയും കൊന്ന ശേഷവും ബിർജു ഏറെ നാൾ പിടിക്കപ്പെടാതെ ഇവിടെത്തന്നെ കഴിഞ്ഞുകൂടിയല്ലോ എന്നോർത്ത്. മരിച്ചതാരെന്നും കൊന്നതാരെന്നും അറിയാതെ മുക്കം പൊലീസ് വട്ടം കറങ്ങുമ്പോഴും കൊലയാളി സംശയിക്കപ്പെടാതെ കണ്ണെത്തും ദൂരത്തുണ്ടായായിരുന്നു. തെളിവില്ലാതെ എഴുതിത്തള്ളി പോകുമായിരുന്ന കേസ് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരിയുടെ വാക്കുകളിൽ "ദൈവത്തിന്റെ ഒരു കൈ സഹായത്താൽ " തെളിയുകയായിരുന്നു ഒടുവിൽ.
ബിർജുവിന്റെ കുടുംബം നേരത്തെ മുക്കം പൊലീസ് സ്റ്റേഷന്റെ പിൻവശത്തായി കല്ലൂർ ക്ഷേത്രത്തിനടുത്തായിരുന്നു താമസം. അച്ഛൻ പാലിയിൽ വാസു 1984 നവമ്പർ 17 ന് തൂങ്ങി മരിക്കുകയായിരുന്നു. പിന്നീട് ബിർജുവും അമ്മയും ഈ വീട് വിറ്റാണ് വെസ്റ്റ് മണാശ്ശേരിയിൽ സ്ഥലം വാങ്ങി വീടുവച്ച് താമസമാക്കിയത്. അടുത്തുള്ളവരുമായി അങ്ങനെ സമ്പർക്കമുണ്ടായിരുന്നില്ല. രണ്ടു വർഷം മുമ്പ് ഇസ്മയിലിന്റെ കൊലയ്ക്കു ശേഷം ഈ വീടും ബിർജു വിറ്റു. ബിർജുവിനെ കുറിച്ച് പിന്നീട് ആർക്കും വിവരമില്ല.
അയൽവീട്ടുകാരാണ് ഇത് വാങ്ങിയത്. ഇവിടെ ആരും താമസമില്ല. അന്നു തൊട്ട് അടഞ്ഞുകിടപ്പാണ്.
സാമാന്യം നല്ല ഭൂസ്വത്തുണ്ടായിരുന്നു പാലിയിൽ തറവാട്ടുകാർക്ക്. വിഹിതമായി കിട്ടിയ സ്ഥലം വിറ്റു തുലച്ച ശേഷവും ബിർജുവിന് ആഡംബര ജീവിതം നിറുത്താനായില്ല. പണത്തിനായി അമ്മയെ ശല്യം ചെയ്തു തുടങ്ങിയത് അങ്ങനെയാണ്. ജയവല്ലിയുടെ മരണത്തിൽ അയൽവാസികളിൽ ചിലർക്ക് സംശയം തോന്നിയിരുന്നെങ്കിലും അത് സംസാരവിഷയമൊന്നുമായില്ല.
വീടിനകത്തെ ഫാനിൽ തൂങ്ങി മരിച്ച നിലൽ ജയവല്ലിയെ കണ്ടെത്തിയത് 2016 മാർച്ച് 6 നായിരുന്നു. ഇസ്മയിലിൻറെ സഹായത്തോടെ കൊല നടത്തിയ ശേഷം അമ്മയെ കെട്ടിത്തൂക്കിയ ബിർജു രാവിലെ വരെ ജഡത്തിന് കാവലിരിക്കുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. ഇസ്മയിലിനെ മദ്യം നൽകി മയക്കി കൊലപ്പെടുത്തിയ ശേഷവും മണിക്കൂറുകളോളം കാവലിരുന്നു. പുലർച്ചെ വാഹനത്തിൽ അഗസ്ത്യൻമുഴി കടവ് പാലത്തിൽ ചെന്നാണ് ചെറിയ ചാക്കുകളിലാക്കിയിരുന്ന മൃതദേഹത്തിൻറെ ഭാഗങ്ങൾ പുഴയിലെറിഞ്ഞത്.. അതിനിടെ വാഹനങ്ങൾ കടന്നുപോകവെ മുഴുവൻ അവിടെ ഉപേക്ഷിക്കാൻ കഴിഞ്ഞില്ല. പിന്നീട് ഇവ മാലിന്യങ്ങൾ തള്ളുന്ന റബ്ബർ തോട്ടത്തിൽ തള്ളുകയാണുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |