കോഴിക്കോട്: മാവോയിസ്റ്റ് ബന്ധത്തെ തുടർന്ന് പന്തീരാങ്കാവിൽ പൊലീസ് അറസ്റ്റ് ചെയ്ത അലൻ സുഹൈബും താഹ ഫസലും എസ്.എഫ്.ഐയെയും സി.പി.എമ്മിനെയും മറയാക്കി മാവോയിസം പ്രചരിപ്പിച്ചവരാണെന്ന ആരോപണവുമായി സി.പി.എം നേതാവ് പി.ജയരാജൻ. ഇക്കാര്യം അന്വേഷണത്തിൽ തെളിഞ്ഞിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. എസ്.എഫ്.ഐയുടെ അകത്ത് മാവോയിസ്റ്റ് പ്രചാരണം നടത്തുകയാണ് ഇവർ ചെയ്തതെന്നും മുസ്ലിം മതത്തിൽ പെട്ട ചെറുപ്പക്കാരായതുകൊണ്ടാണ് താഹയ്ക്കും അലനുമെതിരെ കേസ് എടുത്തതെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ജമാത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും ഇന്ത്യൻ മാവോയിസത്തിന്റെ കവർ സംഘടനകളാണെന്നും മാവോയിസ്റ്റുകളുടെ രഹസ്യ യോഗങ്ങളിൽ ഈ രണ്ട് സംഘടനകളിൽ നിന്നുമുള്ള പ്രവർത്തർ പങ്കെടുക്കാറുണ്ടെന്നും ജയരാജൻ ആരോപിച്ചു. ഇരുവർക്കുമെതിരെ ചുമത്തപ്പെട്ട യു.എ.പി.എ കേസ് എൻ.ഐ.എ ഏറ്റെടുത്തത് വെറുതെയല്ലെന്നും പി.ജയരാജൻ പറഞ്ഞു.
സി.പിഎം അംഗങ്ങളാണ് അലനും താഹയുമെന്നും എന്നാൽ പാർട്ടി അച്ചടക്കത്തിന് അനുസരിച്ച് പ്രവർത്തിച്ചവരാണ് അവരെന്ന ധാരണ വേണ്ടെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്, കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ 'മാവോയിസവും ഇസ്ളാമിസവും' എന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു ജയരാജൻ.
സി.പി.എമ്മിന് വേണ്ടി പോസ്റ്ററൊട്ടിക്കാനും വോട്ട് പിടിക്കാനും വേണ്ടിനടന്നവരാണ് തങ്ങളെന്ന് താഹ ഫസലും അലൻ ഷുഹൈബും ഇന്നലെ പറഞ്ഞിരുന്നു. തങ്ങൾ മാവോയിസ്റ്റുകളാണെന്ന ആരോപണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തെളിവ് കൊണ്ടുവരണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. തങ്ങൾ ആരെയെങ്കിലും കൊന്നിട്ടുണ്ടോ എന്ന് ബോംബ് വെച്ചിട്ടുണ്ടോ എന്നും മുഖ്യമന്ത്രി തെളിയിക്കണമെന്നും ഇവർ ഇന്നലെ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |