എൺപതുകളിൽ മലയാള സിനിമയിൽ തിരക്കുള്ള താരമായിരുന്നു റഹ്മാൻ. പത്മരാജൻ സംവിധാനം ചെയ്ത കൂടെവിടെ എന്ന ചിത്രത്തിലൂടെയായിരുന്നു റഹ്മാന്റെ അരങ്ങേറ്റം. ഈ ചിത്രത്തിലെ രവി പൂത്തൂരാൻ എന്ന കൗമാരക്കാരന്റെ വേഷത്തോടെ മലയാളത്തിൽ റഹ്മാൻ തന്റെ സ്ഥാനം ഉറപ്പിച്ചു. 1983ലാണ് കൂടെവിടെ പുറത്തിറങ്ങിയത്. ആ വർഷത്തെ ഏറ്റവും മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരവും രവി പുത്തൂരാനിലൂടെ റഹ്മാൻ നേടി. എൺപതുകളിൽ മമ്മൂട്ടിയും മോഹൻലാലും താരപദവിയിലേക്ക് എത്തുന്നതിനു മുൻപു തന്നെ മാദ്ധ്യമങ്ങൾ റഹ്മാനെ സൂപ്പർതാരമായി വാഴ്ത്തിയിരുന്നു. എന്നാൽ ഇടയ്ക്ക് താരം ചെറിയ ഇടവേള എടുത്തെങ്കിലും വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ്.
ഇപ്പോൾ മണിരത്‌നം ഒരുക്കുന്ന പൊന്നിയിൻ സെൽവൻ എന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് റഹ്മാൻ അഭിനയിക്കുന്നത്. ചിത്രത്തിന് വേണ്ടി ഗംഭീര മേക് ഓവറിൽ എത്തുന്ന താരം അതിനു വേണ്ടി ജിമ്മിൽ കഠിനമായി വർക്ക് ഔട്ട് ചെയ്യുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവച്ചിട്ടുണ്ട്. ഇപ്പോൾ തന്റെ പുതിയ ജിം വർക്ക് ഔട്ട് ചിത്രങ്ങൾ പങ്കു വെച്ച് കൊണ്ട് റഹ്മാൻ കുറിച്ച വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.
''എന്ത് ചെയ്യാനാ, ഓരോരോ പിള്ളേര് സിനിമാ ഫീൽഡിലേക്കു വന്നോളും, കയ്യ് പെരുപ്പിച്ചു എട്ടു പത്തു പാക്കുമായി. വെറുതെ നമ്മളെ ഇട്ടു ബുദ്ധിമുട്ടിക്കാനായി''. ഇങ്ങനെയാണ് റഹ്മാൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. എന്തായാലും താരത്തിന്റെ പോസ്റ്റിന് വൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |