തിരുവനന്തപുരം: 'എമർജൻസി ലാന്റിംഗിന്' പോലും പറ്റാത്തവിധം നഷ്ടത്തിലേക്ക് പറന്ന രാജ്യത്തിന്റെ സ്വന്തം വിമാന സർവീസായ എയർ ഇന്ത്യ അടച്ചുപൂട്ടുന്നു. രണ്ടോ മൂന്നോ മാസത്തിനുള്ളിൽ ഈ ഉത്തരവ് കേന്ദ്ര സർക്കാരിൽ നിന്ന് ഉണ്ടാകുമെന്നാണ് സൂചന. ആറായിരം കോടി കടബാദ്ധ്യതയിലും 8,556.35 കോടി നഷ്ടത്തിലുമായ എയർ ഇന്ത്യയെ രക്ഷിക്കാനുള്ള അവസാനത്തെ ശ്രമവും പരാജയപ്പെട്ടിരുന്നു. കാലത്തിനൊത്ത് മാറാത്തതാണ് എയർ ഇന്ത്യയെ യാത്രക്കാർ തള്ളിക്കളഞ്ഞത്. അതേസമയം, സ്വകാര്യ വിമാന കമ്പനികളെല്ലാം ലാഭത്തിലാണ്.
എയർ ഇന്ത്യയെ വിൽക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമവും വിഫലമായി. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാന കമ്പനിയായ ഇൻഡിഗോയും അബുദാബി ആസ്ഥാനമായ ഇത്തിഹാദും എയർ ഇന്ത്യ വാങ്ങാൻ കേന്ദ്ര സർക്കാരുമായി പലവട്ടം ചർച്ച നടത്തിയെങ്കിലും അവരും പിന്തിരിഞ്ഞു. വിൽപ്പന നടക്കാതെ വന്നപ്പോൾ ഓഹരികൾ വിൽക്കാനായി ശ്രമം. ഇതിനായി ലണ്ടനിലും സിംഗപ്പൂരിലും റോഡ് ഷോ നടത്തിയെങ്കിലും അതിലും ഉദ്ദേശിച്ച ഫലം കണ്ടില്ല. ഈ സാഹചര്യത്തിൽ എയർ ഇന്ത്യ പൂട്ടുകയേ വഴിയുള്ളൂ എന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ.
അതേസമയം, എയർ ഇന്ത്യയുടെ മറ്റൊരു സഹോദര സ്ഥാപനമായ എയർ ഇന്ത്യ എക്സ് പ്രസ് ലാഭത്തിലാണ്. 500 കോടി രൂപയുടെ ലാഭം നടപ്പ് സാമ്പത്തിക വർഷം ഉണ്ടാകുമെന്നാണ് എയർ എന്ത്യ എക്സ് പ്രസ് അധികാരികൾ പറയുന്നത്.
ശമ്പളമില്ല
ജീവനക്കാരുടെ ശമ്പളം മാസങ്ങളായി മുടങ്ങിയിരിക്കുകയാണ്. 50 കോടി രൂപ ശമ്പളയിനത്തിൽ കുടിശിക കിട്ടാനുണ്ടെന്ന് കാണിച്ച് എയർ ഇന്ത്യ പൈലറ്റുമാർ കോടതിയെ സമീപിച്ചിരിക്കുകയാണ്. എയർ ഇന്ത്യ ജീവനക്കാർക്കെല്ലാം കൂടി ശമ്പളം നൽകാൻ പ്രതിമാസം 300 കോടിയാണ് വേണ്ടത്.
കഴിഞ്ഞ സാമ്പത്തിക വർഷം എയർ ഇന്ത്യയുടെ നഷ്ടം 4000 കോടിയായിരുന്നെങ്കിൽ ഇപ്പോൾ ഇരട്ടിയിലധികമായി.
12 എയർ ബസുകൾ നിറുത്തി
സർവീസുകൾ പലതും വെട്ടിക്കുറച്ചു. എ 320 വിമാനത്തിലെ 12 എയർ ബസുകൾ അറ്റകുറ്റപണിക്കായി നിലത്ത് കിടക്കാൻ തുടങ്ങിയിട്ട് കാലം കുറേയായി. ഇവയുടെ പണി തീർക്കണമെങ്കിൽ പുതിയ എൻജിനുകൾ സ്ഥാപിക്കണം. ഇതിന് മൊത്തം 1100 കോടി വേണമെന്നാണ് കണക്കാക്കുന്നത്. നഷ്ടത്തിലോടുന്ന എയർ ഇന്ത്യയെ രക്ഷിക്കാൻ ഇത്രയും പണം ചെലവഴിച്ചാൽ രക്ഷപ്പെടുമെന്ന് ഉറപ്പില്ലാത്തതിനാൽ ഈ വിമാനങ്ങളുടെ സർവീസ് നിറുത്തി.
എയർ ഇന്ത്യയെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് വിൽക്കാനൊരുങ്ങുന്നത്.
പണം കൊടുത്ത് മടുത്തു
2011-12 വർഷത്തിൽ 30,520,21 കോടി രൂപ കേന്ദ്ര സർക്കാർ എയർ ഇന്ത്യയ്ക്ക് നൽകിയിരുന്നു. കഴിഞ്ഞ വർഷം 2400 കോടിയാണ് എയർ ഇന്ത്യ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്. നൽകിയത് 500 കോടി. ഇങ്ങനെ പണം തന്ന് എത്രകാലം ഈ സർവീസിനെ നില നിറുത്താനാവുമെന്ന ചിന്തയായതോടെയാണ് പൂട്ടലിൻെറ മണി മുഴങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |