ദാവോസ്: ഖുദ്സ് തലവൻ ഖാസിം സുലൈമാനിയെ വധിച്ചതിനെ തുടർന്ന് ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ അമേരിക്കൻ സൈനികർക്ക് പരിക്കേറ്റില്ലെന്ന ഡൊണാൾഡ് ട്രംപിന്റെ വാദം പൊളിയുന്നു. ഇറാന്റെ ആക്രമണത്തിൽ സൈനിക കേന്ദ്രങ്ങൾക്ക് നാശനഷ്ടമുണ്ടായിട്ടുണ്ടെന്നും നിരവധി സൈനികർക്ക് പരിക്കേറ്റിട്ടുണ്ടെന്ന റിപ്പോർട്ടാണ് ഇപ്പോൾ അന്താരാഷ്ട്ര വാർത്ത ഏജൻസികൾ പുറത്തുവിടുന്നത്. തങ്ങളുടെ ഒരു സൈനികർക്ക് പോലും പരിക്കേറ്റില്ലെന്നാണ് ട്രംപ് നേരത്തെ പറഞ്ഞത്. എന്നാൽ 11ഓളം വരുന്ന സൈനികർക്ക് കാര്യമായ പരിക്കേറ്റ റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇപ്പോഴിതാ പരിക്ക് ഗുരുതരമായവരെ ജർമ്മനിയിലേക്ക് കൊണ്ടുപോകുകയാണെന്നാണ് റോയിറ്റേഴ്സ് പുറത്തുവിടുന്നത്.
തങ്ങളുടെ ആക്രമണത്തിൽ 80ഓളം സൈനികർ കൊല്ലപ്പെട്ടെന്നാണ് ഇറാൻ അന്ന് അവകാശപ്പെട്ടിരുന്നത്. എന്നാൽ എല്ലാ സൈനികരും സുരക്ഷിത കേന്ദ്രങ്ങളിലാണെന്നാണ് ട്രംപ് പറഞ്ഞിരുന്നത്. ഇപ്പോഴത്തെ റിപ്പോർട്ട് പ്രകാരം പരിക്ക് ഗുരുതരമായ സൈനികരെ ജർമ്മനിയിലേക്ക് മാറ്റുകയാണ്. അമേരിക്കാൻ സെൻട്രൽ കമാൻഡ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ജനുവരി 8ന് സൈനിക കേന്ദ്രത്തിലേക്ക് ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ പരിക്കേറ്റതിനെ തുടർന്നാണ് ഇവരെ ജർമനിയിലേക്ക് മാറ്റുന്നതെന്ന് സെൻട്രൽ കമാൻഡ് പറഞ്ഞു. സൈനികരുടെ പരിക്കുകളെ കുറിച്ച് ഇപ്പോൾ കൂടുതൽ പറയാനാവില്ലെന്നും ഭാവിയിൽ കാര്യങ്ങൾ അറിയാൻ സാധിക്കുമെന്നും കമാൻഡ് അറിയിച്ചു. അതേസമയം, ഇവരെ കൂടാതെ 12 സൈനികരെ കൂടി ജർമ്മനിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് പേര് വെളിപ്പെടുത്താത്ത ഉന്നത ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് പറഞ്ഞു.
ഇതിനിടെ ഇക്കാര്യത്തിൽ വിശദീകരണവുമായി ട്രംപ് രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട് അന്വേഷിച്ചപ്പോൾ സൈനികർക്ക് തലവേദനയാണെന്ന വിവരമാണ് ലഭിച്ചതെന്ന് ട്രംപ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഗുരുതരമായ പരിക്കേറ്റില്ലെന്നാണ് കരുതുന്നതെന്നും ട്രംപ് പറഞ്ഞു. എന്നാൽ തലയ്ക്ക് ക്ഷതമേറ്റത് ഗുരുതരമായ കാര്യമല്ലേ എന്ന്, മാദ്ധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ദിവസങ്ങൾ കഴിഞ്ഞാണ് താൻ ഇക്കാര്യം അറിഞ്ഞത്, നിങ്ങൾ പ്രതിരോധ വകുപ്പുമായി ബന്ധപ്പെടാനായിരുന്നു ട്രംപിന്റെ പ്രതികരണം. സ്വിറ്റ്സർലൻഡിലെ ദാവോസിൽ എത്തിയപ്പോഴായിരുന്നു ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാന്റെ ആക്രമണത്തിന് ശേഷം ഡസനിലേറെ സൈനികർക്ക് തലച്ചോറിന് പരിക്കേറ്റുവെന്ന വിവരത്തോട് ട്രംപ് വളരെ ലളിതമായാണ് പ്രതികരിച്ചത്. കൈകാലുകൾ ഇല്ലാത്തവരെ ഞാൻ കണ്ടിട്ടുണ്ട്. അതുമായി താരതമ്യം ചെയ്യുമ്പോൾ ഇത് അത്ര വലിയ പരിക്കായി തോന്നിയില്ലെന്നാണ് ട്രംപിന്റെ പ്രതികരണമെന്നായിരുന്നു മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, സൈനികരുടെ തലയ്ക്ക് ഏറ്റ ക്ഷതം തിരിച്ചറിയാൻ വൈകിയെന്നാണ് പെന്റഗൺ അറിയിക്കുന്നത്. പെന്റഗണിന്റെ ഔദ്യോഗിക കണക്ക് പ്രകാരം 2000ന് ശേഷം ഏകദേശം 408000 സൈനികർക്ക് തലച്ചോറിന് പരിക്കേറ്റിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |