കോഴിക്കോട്: കേന്ദ്ര ബഡ്‌ജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ നിലവിലെ 12.5 ശതമാനത്തിൽ നിന്ന് നാലു ശതമാനമായി കുറയ്ക്കണമെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് ആവശ്യപ്പെട്ടു. നിലവിൽ ഇറക്കുമതി തീരുവ ഏറ്റവും ഉയർന്ന നിരക്കിലാണുള്ളത്. 2011-12ൽ ഇതു വെറും ഒരു ശതമാനമായിരുന്നു.
ഇറക്കുമതി നിയന്ത്രണത്തിനായി ഇറക്കുമതി തീരുവ ഉയർത്തിയെങ്കിലും, കുറഞ്ഞത് നിയമാനുസൃതമായുള്ള ഇറക്കുമതി മാത്രമാണ്. കള്ളക്കടത്ത് വൻതോതിൽ വർദ്ധിച്ചു. 2012-13 മുതൽ കണക്കുകളിൽ മാത്രം ഇറക്കുമതി കുറയുന്നത് ഇതിനുദാഹരണമാണ്. എന്നാൽ, വില്‌പനയിൽ കാര്യമായ കുറവില്ലെന്ന് പരിശോധിച്ചാൽ വ്യക്തമാകും. അതിനർത്ഥം, അനധികൃത മാർഗത്തിൽ സ്വർണം യഥേഷ്‌ടം ഇന്ത്യയിൽ എത്തുന്നുവെന്നതാണ്.
ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറുള്ള മലേഷ്യ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി കൂടിയിട്ടുണ്ട്. ഇറക്കുമതി തീരു നാലു ശതമാനമെങ്കിലുമാക്കിയാൽ കള്ളക്കടത്ത് വൻതോതിൽ കുറയ്‌ക്കാനാകും. സർക്കാരിന്റെ നികുതി വരുമാനം കൂടാനും ഇതു സഹായിക്കും. നിയമപരമായി സ്വർണം ഇറക്കുമതി ചെയ്യുന്ന വ്യാപാരിക്ക് 28,400 രൂപയുടെ സ്വർണത്തിനുമേൽ ഇറക്കുമതി തീരുവ, ബാങ്ക് പ്രീമിയം, ജി.എസ്.ടി., മറ്ര് നികുതികൾ എന്നിവ കൂടിച്ചേരുന്നതോടെ 33,200 രൂപയാകും.
എന്നാൽ, കള്ളക്കടത്ത് സ്വർണം കൊണ്ടുവന്ന് വിൽക്കുന്നവർക്ക് മറ്ര് ചെലവുകളൊന്നുമില്ലാതെ 28,400 രൂപ മാത്രമേ വരുന്നുള്ളൂ. 4,800 രൂപയുടെ (17 ശതമാനം) അന്യായമായ നേട്ടം. നിയമാനുസൃത ഇറക്കുമതി കുറഞ്ഞെങ്കിലും രാജ്യത്ത് സ്വർണ ഉപഭോഗത്തിൽ വർദ്ധനയുണ്ടെന്ന് റിസർച്ചുകൾ വ്യക്തമാക്കിയിട്ടുണ്ട്. കള്ളക്കടത്ത് സ്വർണത്തിന്റെ കച്ചവടം സമൃദ്ധമായി നടക്കുന്നു എന്നാണിത് കാണിക്കുന്നത്.
ഈ അന്തരം കുറച്ചാൽ മാത്രമേ രാജ്യത്ത് നികുതി വരുമാനം ഉയരൂ. ഒപ്പം, ഇറക്കുമതി ചെയ്യുന്ന സ്വർണം ഉപഭോക്താവിന്റെ കൈകളിൽ എത്തുന്നതുവരെ കൃത്യമായി നിരീക്ഷിക്കാനുള്ള സംവിധാനവും കേന്ദ്രസർക്കാർ ഏർപ്പെടുത്തണം. എന്നാൽ മാത്രമേ, സ്വർണ വ്യാപാരരംഗം സുതാര്യമാകൂ. ഇത്തരം തീരുമാനങ്ങൾ ഇക്കുറി കേന്ദ്ര ബഡ്‌ജറ്റിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
സ്വർണം ഇറക്കുമതി തീരുവ
2011-12 : 1%
2012-13 : 2%
2013-14 : 4-8%
2014-18 : 10%
2019 : 12.5%
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |