ന്യൂഡൽഹി: മതമൈത്രി തകർക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയെന്ന് ആരോപിച്ചുകൊണ്ട് രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട മുൻ ജെ.എൻ.യു വിദ്യാർത്ഥിയും ആക്ടിവിസ്റ്റുമായ ഷർജീൽ മുഹമ്മദിനെ അനുകൂലിച്ചുകൊണ്ട് സുപ്രീം കോടതി ജഡ്ജിയായിരുന്ന മാർക്കണ്ഡേയ കട്ജു. ഷർജീൽ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും അതിനാൽതന്നെ ചെറുപ്പക്കാരനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്.ഐ.ആർ പിൻവലിക്കണമെന്നുമാണ് കട്ജു അഭിപ്രായപ്പെടുന്നത്. 'ഫസ്റ്റ്പോസ്റ്റ്' എന്ന ഓൺലൈൻ വാർത്ത മാദ്ധ്യമത്തിലായി പുറത്തുവന്ന ലേഖനത്തിലാണ് കട്ജു പ്രസ്താവന നടത്തിയിരിക്കുന്നത്.
തന്റെ വാദത്തെ ഉറപ്പിക്കുന്നതിനായി ഇന്ത്യൻ സുപ്രീം കോടതിയുടെ രണ്ട് വിധിപ്രസ്താവനയും അമേരിക്കൻ സുപ്രീം കോടതിയുടെ ഒരു വിധിപ്രസ്താവനയും മുൻ സുപ്രീം കോടതി ജഡ്ജി ഉദാഹരിക്കുന്നുണ്ട്. ഭരണഘടന ഉറപ്പാക്കുന്ന സംസാര/ അഭിപ്രായ സ്വാതന്ത്ര്യം അനുസരിച്ചും അയാളുടെ അഭിപ്രായങ്ങൾ 'ആസന്നമായ' അക്രമസംഭവങ്ങൾക്ക് വഴിതെളിക്കാൻ ഇടയില്ലാത്ത സാഹചര്യത്തിലും ഷർജീലിനെതിരെ കുറ്റം ചുമത്താൻ സാധിക്കില്ലെന്നാണ് ഭരണഘടനയിലെ അനുച്ഛേദം 19(1)(a) ചൂണ്ടിക്കാണിച്ചുകൊണ്ട്(മൗലികാവകാശം സംബന്ധിച്ചുള്ള) കട്ജു ചൂണ്ടിക്കാണിക്കുന്നത്.
ജനുവരി 16ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ അസമിലേക്കും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുമുള്ള ബന്ധം 'വിച്ഛേദിക്കണമെന്ന്' ഷർജീൽ പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോയും വ്യാപകമായി പുറത്തുവന്നിരുന്നു. ശേഷമാണ് ഡൽഹി, ഉത്തർ പ്രദേശ്, അസം എന്നിവിടങ്ങളിലെ പൊലീസ് ഇയാൾക്കെതിരെ രാജ്യദ്രോഹത്തിന് കേസ് രജിസ്റ്റർ ചെയ്തത്. ഷർജീലിന്റെ പ്രസ്താവനകളോടും അസമിനെ ഒറ്റപ്പെടുത്തികൊണ്ടുള്ള സമരരീതികളോടും താൻ യോജിക്കുന്നില്ലെങ്കിലും അയാൾക്കെതിരെ കേസ് എടുത്ത നടപടിയോട് താൻ യോജിക്കുന്നില്ലെന്ന് മാർക്കണ്ഡേയ കട്ജു തന്റെ ലേഖനത്തിൽ പറയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |