വർക്കല: ശിവഗിരിമഠം തന്ത്റിയും ശിവഗിരി ശ്രീനാരായണ ധർമ്മ വൈദിക സംഘം ട്രസ്റ്റിന്റെ മുഖ്യ ആചാര്യനുമായ എൻ.സുഗതൻ തന്ത്റി (67) നിര്യാതനായി. ശനിയാഴ്ച തലശ്ശേരി ജഗന്നാഥക്ഷേത്രത്തിൽ ഒരു ചടങ്ങ് കഴിഞ്ഞ് കാറിൽ മടങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിലെത്തിക്കുന്നതിനു മുമ്പ് മരണം സംഭവിക്കുകയുമായിരുന്നു.
കഴിഞ്ഞ 32 വർഷമായി ശിവഗിരിമഠത്തിൽ ശാന്തിയായും തന്ത്റിയായും പ്രവർത്തിച്ചു വരികയായിരുന്നു. ചേർത്തല സ്വദേശിയാണ്. പഴയ തലമുറയിലെ ബാലകൃഷ്ണൻ തന്ത്റി, ശാസ്ത്രശർമ്മൻ നമ്പൂതിരി എന്നിവരിൽ നിന്ന് താന്ത്റികവിദ്യ അഭ്യസിച്ച ശേഷം 1978ലാണ് ശിവഗിരിമഠത്തിലെത്തിയത്. സ്വാമി ശാശ്വതികാനന്ദയുടെ നിർദ്ദേശപ്രകാരം പ്രശസ്ത താന്ത്റികനായിരുന്ന പറവൂർ ശ്രീധരൻ തന്ത്റിയിൽ നിന്ന് ഉപരിവിദ്യാഭ്യാസം നേടുകയും ശിവഗിരിമഠം തന്ത്റിയായി ചുമതല ഏൽക്കുകയും ചെയ്തു. ഗുരുദേവൻ തപസനുഷ്ഠിച്ച അരുവിപ്പുറം കൊടിതൂക്കി മലയിലെ ഗണപതിയായിരുന്നു സുഗതൻതന്ത്റി നടത്തിയ ആദ്യ പ്രതിഷ്ഠാകർമ്മം. ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളുടെയെല്ലാം തന്ത്റിസ്ഥാനം സുഗതൻ തന്ത്റിക്കായിരുന്നു. ഇതിനു പുറമേ ഇരുനൂറിലധികം ക്ഷേത്രങ്ങളിൽ പ്രതിഷ്ഠ നടത്തുകയും തന്ത്റിസ്ഥാനത്ത് തുടരുകയുമായിരുന്നു. കേരളത്തിലും കേരളത്തിനു പുറത്തുമായി വലിയൊരു ശിഷ്യസമ്പത്തിനുടമയാണ്. അദ്ദേഹത്തിന്റെ ഷഷ്ടിപൂർത്തി പ്രമാണിച്ച് 2014ൽ ശിഷ്യഗണങ്ങൾ ശിവഗിരി ശ്രീനാരായണ ധർമ്മ വൈദിക സംഘം ട്രസ്റ്റ് രൂപീകരിക്കുകയും മുഖ്യ ആചാര്യനായി സുഗതൻതന്ത്റിയെ അവരോധിക്കുകയുമായിരുന്നു. തുടർന്ന് ട്രസ്റ്റിന്റെ പോഷകസംഘടനയായി ശിവഗിരി ശ്രീനാരായണ ധർമ്മ വൈദികസഭയും രൂപീകരിച്ചു. അതിന്റെയും മുഖ്യ ആചാര്യനായിരുന്നു. ഗുരുദേവന്റെ ക്ഷേത്രസങ്കല്പത്തിലധിഷ്ഠിതമായ വൈദിക പാരമ്പര്യം നിലനിറുത്തുകയാണ് ഇരു സംഘങ്ങളുടെയും പരമോന്നത ലക്ഷ്യം.
തിരുവനന്തപുരത്ത് അന്തർദേശീയ ശ്രീനാരായണ പഠനകേന്ദ്രത്തിൽ ശാസ്ത്രീയ പൂജാ പഠനത്തിനായി നടന്നുവരുന്ന വൈദികം, ജ്യോതിഷം, വാസ്തുശാസ്ത്രം, ഗുരുദർശനം, സംസ്കാരം എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിയ ത്രിവത്സര കോഴ്സിന്റെയും ആചാര്യസ്ഥാനം സുഗതൻതന്ത്റിക്കായിരുന്നു. ഇതിന് ദേവസ്വംബോർഡിന്റെ അംഗീകാരവുമുണ്ട്. കേരളത്തിലെ ക്ഷേത്ര പൂജാരിമാർക്കെല്ലാം ഒരുപോലെ ആദരണീയനായിരുന്നു സുഗതൻതന്ത്റി. കഴിഞ്ഞ വർഷം ശിവഗിരിമഠത്തിൽ നടന്ന മഹായതിപൂജയുടെ താന്ത്റികമായ ചുമതലകൾ നിർവഹിച്ചതും അദ്ദേഹമായിരുന്നു. ഭാര്യ: ശിവഗിരി ശ്രീനാരായണ മെഡിക്കൽമിഷൻ ആശുപത്രി ജീവനക്കാരി ശശികുമാരി. മക്കൾ: വൈശാഖ് (മിലിട്ടറി ആശുപത്രി, ചെന്നൈ), സൗമ്യ. മരുമക്കൾ: കൃഷ്ണപ്രിയ, ദീപു (യു.എ.ഇ). സംസ്കാരം അദ്ദേഹത്തിന്റെ വസതിയായ മേൽവെട്ടൂർ ശാരദാപ്രസാദം വീട്ടുവളപ്പിൽ നടന്നു. മരണാനന്തരചടങ്ങ് ഫെബ്രുവിരി 6ന് രാവിലെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |