പാലാ: പത്തു രൂപ കൈയിലില്ലാഞ്ഞതുകൊണ്ട് കലാണ്ഡലം കല്യാണിക്കുട്ടി അമ്മയുടെ മോഹിനിയാട്ടം കാണാനാകാതെ കോളാമ്പിപ്പാട്ടിനു ചുവട്ടിലിരുന്നു കരഞ്ഞ സങ്കടം വർഷമിത്ര കഴിഞ്ഞിട്ടും മറന്നിട്ടില്ല പഴയ പതിനഞ്ചുകാരൻ. പതിനേഴു വർഷം നൃത്താദ്ധ്യാപകനായും ഇരുപതു വർഷത്തോളം ആൻഡമാനിൽ കൾച്ചറൽ ഡയറക്ടർ ആയും സേവനമനുഷ്ഠിച്ച് അറുപതാം വയസ്സിൽ മടങ്ങിയെത്തിയപ്പോൾ ഗുരു മണിക്കുട്ടൻ ആചാര്യൻ ആ തീരുമാനമെടുത്തത് പഴയ സങ്കടക്കണ്ണീര് നെഞ്ചിൽ ബാക്കിയുള്ളതുകൊണ്ട്. നൃത്തപഠനത്തിന് ഫീസ് കൊടുക്കാൻ മാർഗമില്ലാതെ ചിലങ്കയുടെ കിലുക്കം മനസ്സിലൊതുക്കുന്ന ആർക്കും പാലായ്ക്കടുത്ത് പേണ്ടാനംവയലിലെ നടന കലാക്ഷേത്ര എന്ന കൊച്ചു വീട്ടിലേക്കു വരാം. സൗജന്യമായി നൃത്തം പഠിക്കാം.
കേട്ടറിഞ്ഞെത്തിയ മുപ്പതോളം പേരുണ്ട്, നൃത്താദ്ധ്യാപകനുള്ള ദേശീയ പുരസ്കാരം നേടിയ ഗുരുവിനു ശിഷ്യരായി. മിക്കവരും നേരത്തേ പഠനം തുടങ്ങിയിട്ടും സാമ്പത്തികപ്രയാസം കാരണം ഇടയ്ക്ക് ചിലങ്കയഴിക്കേണ്ടിവന്നവർ. ഇവർക്ക് ഫീസില്ല. ഗുരുവിനടുത്തു തന്നെ നൃത്തപഠനം തുടങ്ങുന്നവർക്ക് ചെറിയ ഫീസ്. രണ്ടാം ക്ളാസിൽ നൃത്തപഠനം തുടങ്ങിയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടു കാരണം കളരി വിടേണ്ടിവന്ന മണിക്കുട്ടന്റെ നൊമ്പരമറിഞ്ഞത് കലാമണ്ഡലം കല്യാണിക്കുട്ടി അമ്മയായിരുന്നു.
ഒരിക്കൽ പാലാ ടൗൺ ഹാളിൽ കല്യാണിക്കുട്ടി അമ്മയുടെ മോഹിനിയാട്ടം. ടിക്കറ്ര് വച്ചുള്ള പരിപാടി. ആഗ്രഹം കൊണ്ട് ഗേറ്രിലെത്തിയെങ്കിലും കൈയിൽ വണ്ടിക്കൂലിക്കുള്ള ഒന്നര രൂപയേയുള്ളൂ. സംഘാടകരോട് കരഞ്ഞുപറഞ്ഞിട്ടും അകത്തുകയറാൻ സമ്മതിച്ചില്ല. പുറത്തേക്കു വച്ച കോളാമ്പിയിലൂടെ ചിലങ്കകളുടെ കിലുക്കം കേട്ട് മണിക്കുട്ടൻ കരഞ്ഞു. പരിപാടി കഴിഞ്ഞ് കല്യാണിക്കുട്ടി അമ്മ പുറത്തേക്കു വന്നപ്പോൾ കണ്ണീരോടെ കാൽക്കൽ വീണു.
നൃത്തം പഠിക്കാൻ ഇഷ്ടമാണെങ്കിൽ തൃപ്പൂണിത്തുറയിലെ വീട്ടിലേക്കു വന്നോളൂ.... എന്നു കേട്ട ആ നിമിഷം ജീവിതം വഴിതിരിയുകയായിരുന്നു. ഏഴു വർഷം ഭരതനാട്യവും മോഹിനിയാട്ടവും കുച്ചുപ്പുഡിയും പഠിച്ചു. കൊച്ചിൻ റിഫൈനറി സ്‌കൂളിൽ നൃത്താദ്ധ്യാപകനായി ഒന്നര പതിറ്റാണ്ടിലേറെക്കാലം. തുടർന്ന് ആൻഡമാനിൽ കൾച്ചറൽ ഡയറക്ടറായി സേവനം. ഇതിനിടെ അയ്യായിരത്തോളം കുട്ടികളെ നൃത്തം പഠിപ്പിച്ചു. 2016 ൽ ആൻഡമാൻ സർക്കാരിന്റെ ബെസ്റ്റ് ക്ലാസിക്കൽ ഡാൻസർ അവാർഡ്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ആസ്വാദകരായ പരിപാടികളിൽ നിരവധി തവണ ഗുരു അരങ്ങിലെത്തി. ആചാര്യന്റെ മനസ്സിൽ ഇപ്പോൾ ഒന്നേയുള്ളൂ: തന്റെയടുത്ത് പഠനം തുടരാനെത്തിയവർക്ക് ഒരു വേദിയെങ്കിലും ഒരുക്കണം.
സുഭദ്ര ആണ് ഭാര്യ. മക്കളായ നീതുവും നിത്യയും നിമിഷയും ചെന്നൈ കലാക്ഷേത്രയിൽ നിന്ന് നൃത്തത്തിൽ പി.ജി നേടി അരങ്ങുകളിൽ സജീവം. കലാക്ഷേത്ര സജിലാൽ, അഭിജിത്ത് എന്നിവരാണ് മരുമക്കൾ. ഗുരു മണിക്കുട്ടൻ ആചാര്യന്റെ ഫോൺ: 73063 99504
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |