തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിന്റെ അടയ്ക്കാത്ത പിൻഡോറിലൂടെ ഒരു സ്ത്രീ പുറത്തേക്ക് തെറിച്ചുവീണു. വയനാട്ടിലെ വൈത്തിരിയിൽ കഴിഞ്ഞ ദിവസം ആ ദൃശ്യം കണ്ട് കേരളമാകെ ഞെട്ടി. ട്രാൻസ്പോർട്ട് ബസുകളിൽ ഇതുപോലുള്ള ഓട്ടോമാറ്രിക് ഡോറുകൾ വരുത്തിവയ്ക്കുന്നത് ഒറ്റപ്പെട്ട അപകടം മാത്രമായി കാണാനാവില്ല. കെ.എസ്.ആർ.ടി.സിയാണെങ്കിലും സ്വകാര്യ ബസുകളാണെങ്കിലും ഡോർ തുറുന്നുവച്ചുള്ള ഓട്ടം ചിലയിടങ്ങളിലെങ്കിലും കാണാം. സൂപ്പർ ക്ളാസ് സർവീസുകളിലടക്കം മിക്ക കെ.എസ്.ആർ.ടി.സി ബസുകളിലും ഇപ്പോൾ ഡ്രൈവർ നിയന്ത്രിത ഡോറുകളാണ്. ഓർഡിനറി ബസുകളിൽ പഴയ ഡോറുകളും. എന്നാൽ, നിരന്തര ഉപയോഗംമൂലം തകരാർ വരുന്ന ഡോറുകൾ സമയത്ത് അറ്റകുറ്രപ്പണി നടത്താത്തതാണ് കെ.എസ്.ആർ.ടി.സിയെ വില്ലനാക്കുന്നത്. ചിലപ്പോൾ ഡ്രൈവർമാരുടെ വീഴ്ചയും ഡോർ അടയ്ക്കാതെ പോകുന്നതിന് കാരണമാകും. അതുകൊണ്ട് സംഭവിക്കുന്നതാകട്ടെ, വലിയ അപകടങ്ങളാണ്. കെ.എസ്.ആർ. ടി.സി ലോഫ്‌ളോർ നോൺ എ.സി ബസുകളിലും ഇത്തരം കാഴ്ചകൾ കാണാനാവും.
ദീർഘദൂര സർവീസുകൾ നടത്തുന്ന പല സൂപ്പർക്ലാസ് ബസുകളുടെയും ഡോറുകൾ ഇടയ്ക്കിടെ തകരാറിലാകുന്നതായി മെക്കാനിക്കൽ ജീവനക്കാർ പറയുന്നു. ആ സമയത്ത് ഡ്രിപ്പ് മുടങ്ങുകയോ ശരിയാക്കുന്നതു വരെ സർവീസിന് കാലതാമസമുണ്ടാകുകയോ ചെയ്യുന്നത് പതിവാണ്.
ചില നഗരങ്ങളിൽ സ്വകാര്യ ബസുകൾ ഡോറുകൾ തുറന്നുവച്ചാണ് ഓടുന്നത്. യാത്രക്കാരെ കുത്തിഞെരുക്കി കൊണ്ടുപോകാനുള്ള സൗകര്യത്തിനാണ് പലപ്പോഴും ഡോർ അടയ്ക്കാതെയുള്ള ഈ ഓട്ടം. തിരുവനന്തപുരം നഗരത്തിലടക്കം ഇത്തരം കാഴ്ചകളുണ്ട്.
ഓട്ടോമാറ്റിക് വാതിലുകൾ
പുതിയ ബസുകൾ നിർമിക്കുന്നത് കേന്ദ്ര സർക്കാരിന്റെ ബസ് ബോഡി കോഡ് പ്രകാരമാണെങ്കിലും ഇതിൽ ഡ്രൈവർ നിയന്ത്രിത വാതിലുകൾ നിർബന്ധമല്ല. എങ്കിലും ഇത് ഘടിപ്പിക്കണമെന്ന കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. യാത്രക്കാർ ഉൾപ്പെടെ ഡോർ അനാവശ്യമായി തുറക്കുന്നത് തടയാൻ ഓട്ടോമാറ്രിക് ഡോറുകൾക്ക് കഴിയും. ബസിന്റെ വാതിൽപ്പടിയിൽ നിന്ന് റോഡിലേയ്ക്ക് യാത്രക്കാർ വീണുണ്ടാകുന്ന അപകടങ്ങളിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ അഞ്ച് ശതമാനം
വർദ്ധനയുണ്ടായെന്നാണ് വിലയിരുത്തൽ. ഡ്രൈവർ നിയന്ത്രിത ഡോറുകൾ സ്ഥാപിച്ചതിലൂടെ ഇത് വലിയ തോതിൽ കുറയ്ക്കുവാനും സാധിച്ചു. എങ്കിലും ഇടയ്ക്കിടെ അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് ഇക്കാര്യം പരിശോധിക്കുന്നുണ്ട്. എറണാകുളം നഗരത്തിൽ പരിശോധന അന്തിമ ഘട്ടത്തിലാണ്. തിരുവനന്തപുരത്ത് ഉടൻ പരിശോധന തുടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |