ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം ഇന്ത്യൻ ജനതയുടെ വിജയമാണെന്ന് അരവിന്ദ് കെജ്‌രിവാൾ. എ.എ.പിയുടെ ജയം രാജ്യത്തിനുള്ള മുഖ്യസന്ദേശമാണ്. രാജ്യത്തിന്റെയാകെ വിജയമാണ്. ഈ ദിവസം ഭഗവാൻ ഹനുമാൻ ജനങ്ങളുടെ മേൽ അനുഗ്രഹം ചൊരിഞ്ഞിരിക്കുകയാണെന്നും കെജ്‌രിവാൾ പറഞ്ഞു. സ്‌കൂളുകളും ആശുപത്രികളും പണിയുകയും കുറഞ്ഞ വിലയ്‌ക്ക് വൈദ്യുതി നൽകുകയും ചെയ്യുന്നതിനെ ജനങ്ങൾ അംഗീകരിക്കുന്ന പുതിയൊരു രാഷ്ട്രീയത്തിന്റെ ഉദയമാണ് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുടുംബത്തോടൊപ്പമാണ് കെജ്‌രിവാൾ വിജായാഘോഷറാലിയിൽ പങ്കെടുത്തത്. ജനങ്ങൾ വോട്ട് ചെയ്തത് വികസനത്തിന് വേണ്ടിയാണ്. തിരഞ്ഞെടുപ്പ് വിജയത്തിലൂടെ രാജ്യത്ത് പുതിയൊരു രാഷ്ട്രീയത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്, അത് വാഗ്ദാനങ്ങളുടേതല്ല, പ്രവൃത്തിയുടെ രാഷ്ട്രീയമാണെന്നും കെജരിവാൾ പറഞ്ഞു. ഈ വിജയം ഡൽഹിക്കാരുടെത് മാത്രമല്ല മറിച്ച് ഇന്ത്യൻ ജനതയുടെതാണ്. ഡൽഹിയിലെ ഒരോകുടുംബവും തന്നെ ഒരു മകനായി കണ്ട് വോട്ട് രേഖപ്പെടുത്തി- കെജ്‌രിവാൾ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
ബി.ജെ.പിയുടെ പ്രതീക്ഷകളെ തകർത്തുകൊണ്ട് ഡൽഹിയിൽ ആം ആദ്മി വൻ മുന്നേറ്റമാണ് നടത്തിയത്. നില മെച്ചപ്പെടുത്തിയെങ്കിലും ഭരണം പിടിക്കാൻ ബി.ജെ.പിക്കായില്ല. ഒരു സീറ്റു പോലും നേടാനാവാതെ നാണം കെട്ട തോൽവിയുമായി കോൺഗ്രസ് തകർന്നടിഞ്ഞു. പുറത്ത് വരുന്ന സൂചനകളനുസരിച്ച് 70 ൽ 62 സീറ്റുകളിൽ ആം ആദ്മി ലീഡ് ചെയ്യുകയാണ്. 8 സീറ്റുകളിലാണ് ബി.ജെ.പിക്ക് ലീഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |