ദേശീയ വനിതാ ഫുട്ബാൾ ലീഗിൽ ഗോകുലം
കേരള എഫ്.സിക്ക് ഇന്ന് ഫൈനൽ
എതിരാളികൾ ക്രിഫ്സ എഫ്.സി
മത്സരം ബംഗളുരുവിൽ
ബംഗളുരു : ദേശീയ വനിതാ ഫുട്ബാൾ ലീഗിൽ കന്നിക്കിരീടം തേടി കേരളത്തിന്റെ അഭിമാനമായ ഗോകുലം കേരള എഫ്.സി ഇന്ന് കലാശക്കളിക്കിറങ്ങുന്നു. മണിപ്പൂരിലെ ഇംഫാലിൽ നിന്നുള്ള ക്ളബ് ക്രിഫ്സ് എഫ്.സിയാണ് ഗോകുലത്തിന്റെ എതിരാളികൾ. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് മത്സരത്തിന്റെ കിക്കോഫ്. ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ ഒൗദ്യോഗിക ഫേസ് ബുക്ക് പേജിൽ ലൈവായി കാണാം.
ഗ്രൂപ്പ് സ്റ്റേജിലെ അഞ്ച് മത്സരങ്ങളിൽനിന്ന് 28 ഗോളുകൾ അടിച്ചുകൂട്ടിയാണ് ഗോകുലം സെമിയിലേക്ക് എത്തിയത്. സെമിഫൈനലിൽ നിലവിലെ ചാമ്പ്യൻ സേതു എഫ്.സിക്കെതിരെ മൂന്ന് ഗോളുകളടിച്ചാണ് ഫൈനൽ ബർത്ത് സ്വന്തമാക്കിയത്.
31 ഗോളുകളാണ് ഗോകുലം സീസണിൽ
ഇതുവരെ നേടിയിരിക്കുന്നത്.
ചവോബ ദേവി പരിശീലിപ്പിക്കുന്ന ക്രിഫ്സ എഫ്.സി തോൽവിയറിയാതെയാണ് ഫൈനലിലെത്തിയിരിക്കുന്നത്. രണ്ടുവർഷം മുമ്പ് ക്രിഫ്സ സെമിയിൽ പുറത്തായിരുന്നു. ഗോകുലം കഴിഞ്ഞസീസണിൽ സെമിവരെ എത്തിയിരുന്നു. സ്വീറ്റി ദേവി, ലിതോയിംഗാബി ദേവി , പാപ്കി ദേവി, അഞ്ജു തമാംഗ്, ബേബി സനാദേവി, ക്യാപ്ടൻ ഗ്രേസ് തുടങ്ങിയവരാണ് മണിപ്പൂരി ക്ളബിന്റെ തുറുപ്പുചീട്ടുകൾ.
ലീഗിൽ ഇതുവരെ 18 ഗോളുകൾ നേടിക്കഴിഞ്ഞ നേപ്പാളി ഫോർവേഡ് സബ്രിത ഭണ്ഡാരിയാണ് ഗോകുലത്തിന്റെ സൂപ്പർതാരം. മൈക്കേൽ കസ്റ്റാന, കരിഷ്മ, ഗ്രേസ് ഹൗൻഹാർ, ഉമാപതിദേവി, മനീസാപന്ന, ഗോളി അതിഥി ചൗഹാൻ തുടങ്ങിയവരിലാണ് ഗോകുലത്തിന്റെ പ്രതീക്ഷ.
3
പുരുഷ ലീഗിലും ഗോകുലം മോശക്കാരല്ല. കഴിഞ്ഞദിവസം ഏകപക്ഷീയമായ ഒരു ഗോളിന് ചെന്നൈസിറ്റിയെ തകർത്ത് ഗോകുലം പോയിന്റ് പട്ടികയിൽ മൂന്നാംസ്ഥാനത്തേക്ക് ഉയർന്നിരുന്നു. 11 മത്സരങ്ങളിൽനിന്ന് 17 പോയിന്റാണ് ഗോകുലത്തിന് ഉള്ളത്. 11 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുള്ള മോഹൻ ബഗാനാണ് ഒന്നാംസ്ഥാനത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |