മലപ്പുറം തിരൂർ സ്വദേശി ജയ് ശ്രീകുമാറിനെയും കണ്ണൂർ കൂത്തുപറമ്പ് സ്വദേശി നിസ്‌തുലയെയും ഒന്നിപ്പിച്ചത് പോണ്ടിച്ചേരിയാണ്. നരവംശശാസ്ത്രത്തിൽ എം.ഫിൽ പഠിക്കാനായി പോണ്ടിച്ചേരി സർവകലാശാലയിലെത്തിയ ജയ് ശ്രീകുമാറും രണ്ടുവർഷം കഴിഞ്ഞ് കാമ്പസിലെത്തിയ നിസ്‌തുലയും പരിചയപ്പെട്ടത് ഫേസ്ബുക്കിലൂടെയാണ്. സർവകലാശാലയിലെ മലയാളി വിദ്യാർത്ഥികളുടെ ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ പരിചയപ്പെട്ട ഇവർ പ്രണയ സന്ദേശങ്ങൾ കൈമാറി. പോണ്ടിച്ചേരി പാരഡൈസ് ബീച്ചിലെ മണൽത്തരികൾ പ്രണയ നിമിഷങ്ങൾക്ക് സാക്ഷിയായി.
മനസിലെ പ്രണയത്തിന്റെ അലയൊലി അവസാനിക്കാത്തതെന്തെന്ന ചോദ്യത്തിന് കടൽത്തിരമാലകൾ അവർക്ക് മറുപടി നൽകി. വ്യത്യസ്ത സമുദായങ്ങളിൽ നിന്നുള്ളവർ ആയതിനാൽ എതിർപ്പുകൾ പ്രതീക്ഷിച്ചെങ്കിലും ഇരുവരുടെയും ഉറച്ച തീരുമാനത്തിന് മുന്നിൽ അതെല്ലാം നിഷ്പ്രഭമായി. യാത്രകളോടും ഭയങ്കര ക്രേസാണ് ഈ കപ്പിൾസിന്. മകൻ ജയ്സ്തുതിന് ഇപ്പോൾ ഒരു വയസായി. അവൻ കൂടി യാത്രകളെ പ്രണയിച്ചു തുടങ്ങാൻ കാത്തിരിക്കുകയാണ് ഇരുവരും. ഓരോ നാടിനെയും ഓരോ ഭാഷയെയും അതിലുപരി മനുഷ്യനെയും പ്രകൃതിയെയും പ്രണയിക്കാൻ മകനെ പരുവപ്പെടുത്താൻ യാത്രകൾക്ക് കഴിയുമെന്ന് ഇവർ പറയുന്നു.
''മറ്റുള്ളവരുടെ പ്രണയത്തെ വിലയിരുത്താൻ ഞാൻ ആളല്ല. എന്നാലും പുതിയ തലമുറയിലെ കുട്ടികൾ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ചതിയിൽ അകപ്പെടുന്നത് ഗൗരവകരമായ സംഗതിയാണ്. പ്രണയിക്കുന്നവരോട് ജയ് ശ്രീകുമാറിന് പറയാനുള്ളത് ഇതാണ്: 'ഓൺലൈൻ പ്രണയങ്ങൾ ഓഫ്‌ലൈൻ ആകാതെ നോക്കണം. സ്വന്തം കാലിൽ നിൽക്കാനുള്ള വരുമാനം കണ്ടെത്തുക എന്നതും പ്രണയം വിജയിക്കാൻ ആവശ്യമാണ്'.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |