മുംബൈ: പൗരത്വ നിയമഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ രാജ്യദ്രോഹികളെന്നോ, വഞ്ചകരെന്നോ വിളിക്കാൻ കഴിയുന്നതല്ലെന്ന ഉത്തരവുമായി ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച്. സമാധാനാപരമായി ഒരു നിയമത്തെ എതിർക്കുന്നത് കൊണ്ടുമാത്രം അങ്ങനെ പറയാനാകില്ല എന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. പൗരത്വ നിയമഭേദഗതിയെ എതിർത്തുകൊണ്ട് സമരം ചെയ്യുന്നതിന് പൊലീസ് അനുമതി നിഷേധിച്ചതിനെ തുടർന്ന് കോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജിയിലാണ് ഹൈക്കോടതി ബെഞ്ച് വിധി പുറപ്പെടുവിച്ചത്.
സർക്കാരിനെ തങ്ങളുടെ പ്രതിഷേധം അറിയിക്കുക മാത്രമാണ് അവർ ചെയ്യുന്നതെന്നും ടി.വി നലാവാഡെ, എം.ജി സേവ്‌ലിക്കർ എന്നിവർ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. പ്രതിഷേധക്കാർക്ക് സമരം ചെയ്യാൻ അനുമതി നിഷേധിച്ച ബീഡ് ജില്ലയിലെ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിന്റെയും മലേഗാവോൺ സിറ്റി പൊലീസിന്റെയും ഓർഡറുകളും കോടതി തള്ളിയിരുന്നു. എ.ഡി.എം പുറപ്പെടുവിച്ച ഓർഡർ കാരണമാണ് തങ്ങളും പ്രതിഷേധകർക്ക് അനുമതി നിഷേധിച്ചതെന്ന് പൊലീസ് പറഞ്ഞിരുന്നു.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് ഇത്തരം സമാധാനപരമായ സമരങ്ങളിലൂടെയാണെന്നും സമാധാനത്തിന്റെ പാതയാണ് രാജ്യത്തിലെ ജനങ്ങൾ ഇന്നുവരെ പിന്തുടർന്നതെന്നും കോടതി പരാമർശിച്ചു. 'ജനങ്ങൾ ഇപ്പോഴും സമാധാനപരമായ സമരമാർഗങ്ങളിൽ വിശ്വസിക്കുന്നത് ഭാഗ്യമാണ്. ഇത്തരം ചിന്താഗതിയുടെ അടിസ്ഥാനത്തിലാണ് രാജ്യത്തിന്റെ ഭരണഘടന തയാറാക്കപ്പെട്ടത്. സർക്കാരിനെതിരെ തന്നെ ജനങ്ങൾ സമരം ചെയ്യേണ്ടി വരുന്നത് കഷ്ടമാണ്. എന്നാൽ അതുകൊണ്ട് പ്രതിഷേധങ്ങളെ അടിച്ചമർത്താൻ സാധിക്കില്ല. ജനങ്ങളുടെ മൗലികാവകാശങ്ങൾ ഹനിക്കപ്പെട്ടുവോ എന്നാണ് കോടതി പരിശോധിക്കുന്നത്.'- ബെഞ്ച് അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |