തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് കീഴിലുള്ള കേരഫെഡ് പുതിയ മൂല്യവർദ്ധിത ഉത്പന്നങ്ങളായ കേര ബേബികെയർ ഓയിലും വിറ്രാമിൻ എ., ഡി എന്നിവ ചേർത്ത ഫോർട്ടിഫൈഡ് ഓയിലും വിപണിയിലിറക്കി. തിരുവനന്തപുരം പ്രസ് ക്ളബ്ബിൽ നടന്ന ചടങ്ങിൽ മന്ത്രി വി.എസ്. സുനിൽകുമാർ വിപണനോദ്ഘാടനം നിർവഹിച്ചു.
അത്തി, അരയാൽ, പേരാൽ തുടങ്ങിയവ ചേർത്തൊരുക്കിയ 'ആയുർവേദ" വെളിച്ചെണ്ണയാണ് കേര ബേബികെയർ ഓയിൽ. കുട്ടികളിലുണ്ടാകുന്ന അലർജി, ശ്വാസകോശ രോഗങ്ങൾ എന്നിവയെ ഇത് അകറ്റുമെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കി. അസുഖങ്ങളിൽ നിന്ന് രക്ഷനേടാൻ കുട്ടികളെ ഫോർട്ടിഫൈഡ് ഓയിലും സഹായിക്കുമെന്ന് നിർമ്മാതാക്കൾ പറഞ്ഞു. അഞ്ചുവയസിന് താഴെയുള്ള കുട്ടികളിലെ വിറ്രാമിൻ കുറവ് നികത്താനും ബുദ്ധിവികാസനത്തിനും ഇതു പ്രയോജനകരമാണ്.
ചടങ്ങിൽ കേരഫെഡ് ചെയർമാൻ അഡ്വ.ജെ. വേണുഗോപാലൻ നായർ, മാനേജിംഗ് ഡയറക്‌ടർ എൻ. രവികുമാർ, കൃഷി സെക്രട്ടറി രത്തൻ ഖേൽകർ തുടങ്ങിയവർ സംബന്ധിച്ചു. കേരള ഡബിൾ ഫിൽറ്റേഡ് വെളിച്ചെണ്ണ, കേര ഡെസിക്കേറ്റഡ് കോക്കനട്ട്, കേര കോക്കനട്ട് മിൽക്ക് പൗഡർ, കേരജം കേശാമൃത് ഹെർബൽ കോക്കനട്ട് ഓയിൽ എന്നിവയാണ് കേരഫെഡിന്റെ മറ്റുത്പന്നങ്ങൾ.
വ്യാജ വെളിച്ചെണ്ണ വില്‌പന
തടയും: മന്ത്രി സുനിൽകുമാർ
കേരളത്തിൽ വ്യാപകമായിട്ടുള്ള വ്യാജ വെളിച്ചെണ്ണയുടെ വില്പന പൂർണമായും തടയുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. ഭക്ഷ്യ സുരക്ഷാ കമ്മിഷന്റെ അനുമതിയുള്ള ഉത്പന്നങ്ങൾ മാത്രമേ വില്ക്കാൻ അനുവദിക്കൂ. പൊതുമേഖലാ സ്ഥാപനങ്ങളുടെ പാക്കിംഗ് അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |