ബർലിൻ: 2011ലെ ലോകകപ്പ് ജയത്തിന് ശേഷം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറെ ചുമലിലേറ്റി ഗ്രൗണ്ടിന് വലം വയ്ക്കുന്ന കാഴ്ച, ഒരു ഇന്ത്യക്കാരനും ക്രിക്കറ്റ് പ്രേമിക്കും അത് മറക്കാൻ കഴിയില്ല. സച്ചിനെ സ്നേഹിക്കുന്നവർക്ക് എന്നും അഭിമാനം തരുന്ന കാഴ്ചയായിരുന്നു അത്. ഇന്നിതാ ആ മികച്ച കായിക മുഹൂർത്തം സച്ചിൻ ടെൻഡുൽക്കറെ ലോറസ് പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ എത്തിച്ചിരിക്കുകയാണ്. 20 വർഷത്തിനിടയിലെ മികച്ച കായിക മുഹൂർത്തത്തിനുള്ള പുരസ്‌കാരമായ ലോറസ് സ്പോർട്ടിംഗ് മൊമന്റ് 2000-2020 അവാർഡ് സച്ചിന് തേടിയെത്തുമോയെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. ‘ഒരു ജനത ചുമലിലേറ്റിയ നിമിഷം’ എന്നാണ് സച്ചിന്റെ ലോകകപ്പ് നേട്ടത്തിന് അവാർഡ് ജൂറി നൽകിയ പേര്.
സച്ചിനടക്കം അഞ്ച് പേരെയാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്. ഫോർമുല വൺ ഇതിഹാസം മൈക്കൽ ഷുമാക്കറുടെ കിരീടനേട്ടത്തിന്റെ പതിനഞ്ചാം വാർഷികത്തിൽ ജർമനിയിലെ ട്രാക്കിലൂടെ കാറോടിച്ച മകൻ മിക്ക്, ബ്രസീലിയൻ ക്ലബ്ബ് ഫുട്‌ബോൾ ടീമിലെ 19 സഹതാരങ്ങളെ നഷ്ടമായ വിമാനാപകടത്തെ അതിജീവിച്ചതിന്റെ 54ാം നാൾ സൗഹൃദമത്സരം കളിക്കാനിറങ്ങിയ മൂന്ന് ഷപ്പാകോയെൻസ് താരങ്ങൾ എന്നിവരും പരിഗണനാപ്പട്ടികയിലുണ്ട്. കഴിഞ്ഞ വർഷത്തെ മികച്ച പുരുഷതാരമാകാൻ എല്യൂഡ് കിപ്‌ചോഗെ, ലൂയിസ് ഹാമിൽട്ടൺ, ലിയോണൽ മെസി, മാർക് മാർക്വെസ്, റാഫേൽ നദാൽ, ടൈഗർ വുഡ്‌സ് എന്നിവർ മത്സരിക്കും. മേഗൻ റാപ്പിനോ, നവോമി ഒസാക്ക ഷെല്ലി ആൻ ഫ്രേസർ സിമോണാ ബൈൽസ് തുടങ്ങിയവരാണ് മികച്ച വനിതാ താരത്തിനുള്ള പട്ടികയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |