തിരുവനന്തപുരം: ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ പൊതു ശുചിമുറികൾ നിർമ്മിക്കുന്നതിന് മൂന്ന് സെന്റ് വീതം സർക്കാർ ഭൂമി കണ്ടെത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്താകെ 12,000 ജോഡി (സ്ത്രീകൾക്കും പുരുഷൻമാർക്കും) ശുചിമുറികൾ നിർമ്മിക്കുകയാണ് ലക്ഷ്യം.
പൊതു ശുചിമുറികളുടെ അഭാവം റോഡ് മാർഗം യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികൾകളും ഉൾപ്പെടെയുള്ളവർക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്. പെട്രോൾ പമ്പിലെ ശുചിമുറികൾ ഉപഭോക്താക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്ന സ്ഥിതിയുണ്ട്. ഈ സാഹചര്യത്തിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ 12,000 ജോഡി ശുചിമുറികൾ നിർമ്മിക്കാനുള്ള പദ്ധതി നടപ്പിലാക്കുന്നത്. സഹകരിക്കാൻ തയ്യാറുള്ള ഏജൻസികളെ ഇതിൽ പങ്കാളികളാക്കും. സർക്കാരിന്റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും ഭൂമി ഇതിനു വേണ്ടി പ്രയോജനപ്പെടുത്തും. ശുചിമുറികളോടൊപ്പം സാധ്യതയുള്ള സ്ഥലങ്ങളിൽ അത്യാവശ്യസാധനങ്ങൾ വിൽക്കുന്ന ബങ്കുകളും ലഘുഭക്ഷണശാലകളും തുടങ്ങും.
ശുചിത്വവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന രീതിയിലാകും ശുചിമുറികളുടെ നിർമ്മാണവും പരിപാലനവും. നിർമ്മാണച്ചെലവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഹിക്കണം.
24 മണിക്കൂറും സജീവമാകുന്ന നഗരകേന്ദ്രങ്ങൾ
തിരുവനന്തപുരം നഗരത്തിൽ 24 മണിക്കൂറും സജീവമാകുന്ന സുരക്ഷിത നിരത്തുകളും കച്ചവടസ്ഥാപനങ്ങളും കോർപ്പറേഷൻ നിശ്ചയിക്കുന്ന പ്രത്യേക പ്രദേശങ്ങളിൽ ആരംഭിക്കാൻ തീരുമാനിച്ചു. സുരക്ഷിതമായും മെച്ചപ്പെട്ട രീതിയിലും ഇത് നടപ്പാക്കുന്നുവെന്നു ഉറപ്പുവരുത്താൻ ടൂറിസം, പൊലീസ്, തദ്ദേശസ്വയംഭരണ വകുപ്പ്, തൊഴിൽ വകുപ്പ്, തിരുവനന്തപുരം കോർപ്പറേഷൻ എന്നിവയിലെ ഉദ്യോഗസ്ഥരുടെ ഒരു സ്ഥിരം സമിതി സർക്കാർ തലത്തിൽ രൂപീകരിക്കും. മറ്റ് പ്രധാന നഗരങ്ങളിലും ഈ പദ്ധതി 2020 ഏപ്രിൽ തന്നെ ആരംഭിക്കാൻ ബന്ധപ്പെട്ട നഗരങ്ങൾക്ക് നിർദേശം നൽകും.
മാസംതോറും താലൂക്ക്തല അദാലത്തുകൾ
പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിന് എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച താലൂക്ക്തല അദാലത്തുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ജില്ലാതല ഉദ്യോഗസ്ഥരെ ജനങ്ങളുമായി കൂടുതൽ ബന്ധപ്പെടുത്താൻ കൂടി ഉദ്ദേശിച്ചാണ് താലൂക്ക്തല അദാലത്തുകൾ നടത്തുന്നത്. അദാലത്തുകളിൽ ജില്ലാ കലക്ടറും തഹസിൽദാർമാരും ജില്ലാതല വകുപ്പ് മേധാവികളും പങ്കെടുക്കും.
അദാലത്തുകളെക്കുറിച്ചുള്ള വിവരം പൊതുജനങ്ങളെ മുൻകൂട്ടി അറിയിക്കും. അദാലത്തുകളുടെ നടപടിക്രമങ്ങളും തീരുമാനങ്ങളും അദാലത്ത് നടന്ന് പത്തു ദിവസത്തിനകം പ്രസിദ്ധീകരിക്കും. അദാലത്ത് നടക്കുന്ന താലൂക്കുകളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റും സെക്രട്ടറിയും അദാലത്തിൽ പങ്കെടുക്കും.
നൂതന സാങ്കേതിക വിദ്യ: നെതർലന്റ്‌സുമായി ധാരണാപത്രം ഒപ്പിടും
നൂതന സാങ്കേതിക വിദ്യകളായ ഇന്റർനെറ്റ് ഓഫ് തിങ്‌സ്, ബിഗ് ഡാറ്റ, മെഷിൻ ലേണിംഗ് മുതലായവയുടെ പ്രയോഗം ലക്ഷ്യമിട്ട് ദി നെതർലാന്റ്‌സ് ഓർഗനൈസേഷൻ ഓഫ് അപ്ലൈഡ് സയന്റിഫിക്ക് റിസർച്ചുമായി (ടി.എൻ.ഒ) ഐടി വകുപ്പിനു കീഴിലുള്ള ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആന്റ് ഓപ്പൺ സോഴ്‌സ് സോഫ്റ്റ് വേർ (ഐസി ഫോസ്) ധാരണാപത്രം ഒപ്പിടുന്നതിന് അനുമതി നൽകാൻ തീരുമാനിച്ചു. ഫോർത്ത്‌കോഡ് നെതർലാന്റ്‌സുമായി സഹകരിച്ചാണ് ഇത് പ്രാവർത്തികമാക്കുക. ധാരണാപത്രമനുസരിച്ച് സംസ്ഥാനത്ത് ഐ.ഒ.ടിയുടെ സെന്റർ ഓഫ് എക്‌സലൻസ് സ്ഥാപിക്കാൻ നിർദേശമുണ്ട്. സ്മാർട്ട് വില്ലേജസ,് വാട്ടർ മാനേജ്‌മെന്റ്, പരിസ്ഥിതി, കന്നുകാലി സമ്പത്ത്, വിള സംരക്ഷണം, ദുരന്തപ്രതിരോധം മുതലായ മേഖലകളിൽ പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ ഉദ്ദേശിച്ചാണ് നെതർലാന്റ്‌സുമായുള്ള സഹകരണം.
അധിക ചുമതല
ടൂറിസം അഡിഷണൽ ഡയറക്ടർ തേജാ മൈല വരപ്പിന് കൊച്ചി ബാംഗ്ലൂർ വ്യവസായ ഇടനാഴി സ്‌പെഷൽ ഓഫീസറുടെ അധിക ചുമതല നൽകാൻ തീരുമാനിച്ചു.
തസ്തികകൾ
സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ ശാസ്ത്രസാങ്കേതിക വിഭാഗത്തിൽ 18 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.
ജലഗ്രാം പദ്ധതിക്ക് ഭരണാനുമതി
പാലക്കാട് കൊഴിഞ്ഞാമ്പാറ, വടകരപതി, എരുത്തേമ്പതി പഞ്ചായത്തുകൾക്കു വേണ്ടിയുള്ള സമഗ്ര കുടിവെള്ള പദ്ധതിയായ ജലഗ്രാം രണ്ടാം ഘട്ടത്തിന്റെ പ്രവർത്തനത്തിന് 69 കോടി രൂപയുടെ ഭരണാനുമതി നൽകാൻ തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |