ന്യൂഡൽഹി: ഏപ്രിൽ ഒന്നുമുതൽ ഇന്ത്യയിൽ ലഭിക്കുക ഏറ്റവും ശുദ്ധമായ പെട്രോളും ഡീസലും. യൂറോപ്യൻ രാജ്യങ്ങളിലെ യൂറോ-4 മലിനീകരണ ചട്ടത്തിന് തുല്യമായ ഇന്ത്യൻ സ്‌റ്റാൻഡേർഡായ ഭാരത് സ്‌റ്റേജ് - 4ൽ (ബി.എസ്-4) നിന്ന് യൂറോ-6ന് തുല്യമായ ബി.എസ്-6ലേക്കാണ് ഇന്ത്യ ചുവടുവയ്ക്കുന്നത്. ബി.എസ്-4ൽ നിന്ന് വെറും മൂന്നുവർഷം കൊണ്ടാണ് ഇന്ത്യ ബി.എസ്-6ലേക്ക് മാറുന്നത്. ഇത്, റെക്കാഡാണ്.
ബി.എസ്-4ൽ നിന്ന് ബി.എസ്-5ലേക്ക് കടക്കാതെ, നേരിട്ടാണ് ഇന്ത്യ ബി.എസ്-6ലേക്ക് മാറുന്നത്. ഇന്ത്യയിലെ ഒട്ടുമിക്ക റിഫൈനറികളും 2019 അവസാനത്തോടെ തന്നെ ബി.എസ്-6 ഇന്ധന ഉത്പാദനത്തിലേക്ക് മാറിയെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചെയർമാൻ സഞ്ജീവ് സിംഗ് പറഞ്ഞു. സൾഫറിന്റെ അളവ് തീരെക്കുറഞ്ഞ പെട്രോളും ഡീസലുമാണ് ഉത്പാദിപ്പിക്കുന്നത്. ബി.എസ്-4ൽ 50 പാർട്‌സ് പെർ മില്യൺ (പി.പി.എം) സൾഫറുണ്ടായിരുന്നത്, ബി.എസ്-6ൽ 10 പി.പി.എം ആയി കുറയും. ഇത്, അന്തരീക്ഷ മലിനീകരണം കുറയ്ക്കും.
ബി.എസ്-6നായി റിഫൈനറികൾ സജ്ജമാക്കുന്നത് 35,000 കോടി രൂപയാണ് എണ്ണക്കമ്പനികൾ ചെലവാക്കിയത്. ബി.എസ്-6 ഇന്ധനം ലഭ്യമാകുന്നതോടെ, ശുദ്ധിയേറിയ പെട്രോളം ഡീസലും ലഭിക്കുന്ന ചുരുക്കം രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറും.
സൾഫറിന്റെ അംശം ഏറ്റവും കുറഞ്ഞ ഇന്ധനമാണ് ബി.എസ്-6. 2018 മുതൽ ഡൽഹിയിലും തുടർന്ന് രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലും ബി.എസ്-6 പെട്രോളും ഡീസലും ലഭ്യമാണ്. 2020 ഏപ്രിൽ ഒന്നുമുതൽ രാജ്യവ്യാപകമായി ലഭ്യമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |