അഹമ്മദാബാദ്: അടുത്ത ആഴ്ചയോടെ അഹമ്മദാബാദിൽ എത്തുന്ന അമേരിക്കൻ പ്രസിഡന്റിനെ വരവേൽക്കാൻ നഗരത്തിൽ ഒരു മതിൽ കൂടി ഉയർന്നു. 'നമസ്തേ ട്രംപ്' എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ ഭാഗമായി ഫെബ്രുവരി 24ന് മോത്തേരാ ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിടുന്നതിനുമായാണ് ട്രംപ് എത്തുന്നത്.
ട്രംപിന്റെ കാഴ്ച്ചയിൽ നിന്നും സ്ഥലത്തെ ചേരിപ്രദേശത്തെയും ദാരിദ്ര്യത്തെയും മറയ്ക്കുന്നതിനായി അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷൻ ആണ് നാലടി പൊക്കമുള്ള മതിൽ എന്ന ഉപായം കണ്ടെത്തിയത്. അഹമ്മദാബാദിൽ ട്രംപ് സഞ്ചരിക്കാനിരിക്കുന്ന പാതയിൽ ഇത്തരത്തിൽ നിരവധി മതിലുകൾ ഉയരുകയും അത് രാജ്യത്താകമാനം വൻ വിമർശനത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.
'ദാരിദ്ര്യം മതിൽകെട്ടി മറയ്ക്കുന്ന ആദ്യത്തെ പ്രധാനമന്ത്രി' എന്ന അപഖ്യാതിയാണ് ഈ മതിലുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേടിക്കൊടുത്തത്. എന്നാൽ ട്രംപിന്റെ വരവിനും ഏറെ മുൻപുതന്നെ ഈ മതിലുകൾ കെട്ടാൻ തങ്ങൾ തീരുമാനിച്ചിരുന്നു എന്നാണ് അഹമ്മദാബാദ് കോർപറേഷൻ ന്യായീകരിക്കുന്നത്.
തന്നെ സ്വീകരിക്കാൻ ഏകദേശം 70 ലക്ഷം ജനങ്ങൾ തെരുവുകളിലും മോത്തേരാ സ്റ്റേഡിയത്തിലുമായി അണിനിരക്കും എന്നാണ് അമേരിക്കൻ പ്രസിഡന്റ് പറഞ്ഞിരിക്കുന്നത്. എന്നാൽ സെൻസസ് വിവരം അനുസരിച്ച് അഹമ്മദാദിലെ ജനസംഖ്യ 50 ലക്ഷം മാത്രമാണ്. എന്നാൽ 10 വർഷം മുൻപ് നടത്തിയ ജനസംഖ്യാ കണക്കെടുപ്പ് ഇപ്പോൾ ബാധകമല്ലെന്നും, സ്ഥലത്തേക്ക് 70 ലക്ഷം ജനങ്ങൾ വരെ എത്തുമെന്നും വിമർശകർ പറയുന്നുണ്ട്.
22 കിലോമീറ്റർ സഞ്ചരിച്ച് എയർപോർട്ടിൽ നിന്നും സ്റ്റേഡിയത്തിലേക്ക് എത്തുന്ന ട്രംപിനെ കാണാൻ ഒരു ലക്ഷം പേർ രജിസ്റ്റർ ചെയ്തുകഴിഞ്ഞു എന്നും വിവരമുണ്ട്. അഹമ്മദാബാദിന്റെ തെരുവോരങ്ങളിലാണ് ഇവർ അണിനിരക്കുക. അമേരിക്കയിലേക്ക് മോദിയെ സ്വീകരിച്ചുകൊണ്ട് ട്രംപ് നടത്തിയ 'ഹൗഡി മോദി' പരിപാടിയോട് സമാനമാണ് 'നമസ്തേ ട്രംപ്.'
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |