തിരുവനന്തപുരം: തമിഴ്‌നാട്ടിലെ അവിനാശിയിൽ കെ.എസ്.ആർ.ടി.സി ബസും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരേയും മൃതദേഹങ്ങളും കൊണ്ടുവരാനായി 20 ആംബുലൻസുകൾ അയച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. പത്ത് 'കനിവ്' 108 ആംബുലൻസുകളും പത്ത് സാധാരണ ആംബുലൻസുകളുമാണ് സർക്കാർ അയച്ചിരിക്കുന്നത്. അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്നും ഇവരെ കേരളത്തിൽ എത്തിച്ച് ചികിത്സ നൽകാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, വി.എസ്.സുനിൽകുമാർ എന്നിവർ തിരുപ്പൂരിലെത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ തിരുപ്പൂരിനടുത്ത് നടന്ന അപകടത്തിൽ 20 പേർ മരണപ്പെട്ടിരുന്നു. 25 പേർക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരിൽ 19 പേരും മലയാളികളാണെന്ന വിവരമാണ് പുറത്തുവരുന്നത്. ഇതിൽ 5പേർ സ്ത്രീകളാണ്. ബസിലുണ്ടായിരുന്ന 48പേരിൽ 42 പേരും മലയാളികളാണ്.
കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവർ കം കണ്ടക്ടർമാരായ ടി.ഡി. ഗിരീഷ്, ബൈജു എന്നിവർ തൽക്ഷണം മരിച്ചു. അപകടത്തിൽ മരിച്ചവരിൽ 11 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കോയമ്പത്തൂർ–സേലം ബൈപ്പാസിൽ ഇടയ്ക്കുള്ള മീഡിയൻ മറികടന്ന് വൺവേ തെറ്റിച്ചെത്തിയ കണ്ടെയ്നർ ലോറി ഇന്ന് പുലർച്ചെ മൂന്നേകാലിനാണ് കെ.എസ്.ആർ.ടി.സി ബസിനു നേരെ ഇടിച്ചുകയറിയത്. ബസിൽ ഏറെയും മലയാളികളായിരുന്നു യാത്രക്കാരായിരുന്നു. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരിൽ പലരെയും പുറത്തെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |