ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച പെൺകുട്ടിയുടെ വീട് ഒരു സംഘം അടിച്ചു തകർത്തു. ഹൈദരാബാദ് എം.പിയായ അസദുദ്ദീൻ ഒവൈസി പങ്കെടുത്ത പരിപാടിയിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിലായിരുന്നു അമൂല്യ ലിയോണ എന്ന വിദ്യാർത്ഥിനി പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചത്. സംഘാടകർ ഇടപെട്ടിട്ടും അമൂല്യ ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കുകയായിരുന്നു. തുടർന്ന് പൊലീസും സംഘാടകരും ബലമായി യുവതിയെ വേദിയിൽ നിന്നും ഒഴിപ്പിക്കുകയായിരുന്നു.
പാക് അനുകൂല മുദ്രാവാക്യം മുഴക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് ഒരു സംഘം ആളുകൾ അമൂല്യയുടെ വീടിന് നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. പാകിസ്ഥാനെ അനുകൂലിക്കുന്നവർ ഇവിടെ താമസിക്കേണ്ട എന്ന് ആക്രോശിച്ചു കൊണ്ടാണ് വീടിന് നേരെ കല്ലെറിഞ്ഞത്. ആക്രമണത്തിൽ വീടിന്റെ ജനൽ പാളികൾക്കും വാതിലുകൾക്കും കേടുപാടുണ്ടായി. അതേസമയം വീടാക്രമിച്ചത് ബി.ജെ.പി പ്രവർത്തകരുടെ സംഘമാണെന്ന് യുവതിയുടെ അച്ഛൻ പറഞ്ഞു. മകളുടെ പാക് അനുകൂല നിലപാടിനോട് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുദ്രാവാക്യം മുഴക്കിയ സംഭവത്തിന് പിന്നാലെ പൊലീസ് പെൺകുട്ടിക്കെതിരെ സ്വമേധയാ കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ 124 എ, 153 എ, എന്നീ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്‌തെന്ന് സീനിയർ പൊലീസ് ഓഫീസർ ബി.രമേഷ് അറിയിച്ചു. ജാമ്യം നിഷേധിച്ച പെൺകുട്ടിയെ കോടതി മൂന്ന് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ജാമ്യ ഹർജി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. അതേസമയം യുവതിയുമായി തനിക്കോ പാർട്ടിക്കോ ബന്ധമില്ലെന്നും അവസാന ശ്വാസം വരെ ഭാരത് മാതാ കീ ജയ് മാത്രമാണ് തന്റെ മുദ്രാവാക്യമെന്നും ഒവൈസി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |