ഇടുക്കി : ഗോത്രഭാഷയുമായി ആശയവിനിമയത്തിലുണ്ടായിരുന്ന അകൽച്ചയ്ക്ക് പരിഹാരമായി നിഘണ്ടു. ഇടമലക്കുടി സർക്കാർ ട്രൈബൽ എൽപി സ്‌കൂളിന്റെ നേതൃത്വത്തിലാണ് മലയാളം മുതുവാൻ ഭാഷ നിഘണ്ടു പുറത്തിറക്കിയത്. ഏറെ കാലങ്ങളായി ഭാഷ സംബന്ധമായി ഇടമലക്കുടിയിൽ നിലനിന്നിരുന്ന വിദ്യാഭ്യാസ പ്രതിസന്ധിയെ മറികടക്കുകയെന്ന ലക്ഷ്യത്തോടെ കോഴിക്കോട് മേപ്പയ്യൂർ സ്വദേശിയും അദ്ധ്യാപകനുമായ വി.സുധീഷിന്റെ നേതൃത്വത്തിലാണ് നിഘണ്ടു തയ്യാറാക്കിയിട്ടുള്ളത്.മുതുവാൻ ജനത ഉപയോഗിക്കുന്ന 2500ഓളം വാക്കുകൾ മലയാളത്തിലേക്ക് തർജ്ജിമ ചെയ്താണ് നിഘണ്ടുവിന് രൂപം നൽകിയത്. വിദ്യാഭ്യാസ ഉപഡയറക്ടർ ടി കെ മിനി, മൂന്നാർ എ ഇ ഒ മഞ്ജുളാ ദേവിക്ക് ആദ്യപ്രതി നൽകി നിഘണ്ടുവിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചു.
ഇടമലക്കുടിയിലെ ഏക വിദ്യാലയമാണ് സർക്കാർ ട്രൈബൽ എൽപി സ്‌കൂൾ.എന്നാൽ ഗോത്രമേഖലയിലെ ഭാഷയുടേതുൾപ്പെടെയുള്ള പ്രതികൂല സാഹചര്യം ഭയന്ന് അദ്ധ്യാപകർ ഇവിടെ ജോലിക്കെത്താൻ മടിച്ചിരുന്നു.നിയമിതരാകുന്നവർ അവധിയിൽ പ്രവേശിക്കുകയോ ദിവസങ്ങൾക്കുള്ളിൽ സ്ഥലം മാറ്റം വാങ്ങി പോവുകയോ ചെയ്തിരുന്നു. ഗോത്രനിവാസികളായ കുട്ടികളുമായുള്ള ആശയ വിനിമയത്തിലെ വിടവായിരുന്നു വെല്ലുവിളി ഉയർത്തിയിരുന്ന പ്രധാനകാരണങ്ങളിൽ ഒന്ന്.മാതൃഭാഷ മലയാളമാണെങ്കിലും മുതുവാൻ സമുദായക്കാരായ കുട്ടികൾ വിദ്യാലയത്തിൽ എത്തുമ്പോൾ മാത്രമേ മലയാള അക്ഷരങ്ങൾ കേട്ട് തുടങ്ങുകയുള്ളു. കുട്ടികൾ പറയുന്നത് അദ്ധ്യാപകർക്കോ അദ്ധ്യാപകർ പറയുന്നത് കുട്ടികൾക്കോ മനസ്സിലാകാതെ വന്നു. സ്‌കൂളിൽ വരുന്ന കുട്ടികളുടെ എണ്ണവും ഇതോടെ കുറഞ്ഞു. കൊഴിഞ്ഞ് പോക്കിന്റെ പ്രശ്‌നം മനസ്സിലാക്കിയ വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ ഒന്നാം ക്ലാസിലെ പാഠപുസ്തകം പൂർണ്ണമായി ഗോത്രഭാഷയിലേക്ക് മാറ്റി ഇടമലക്കുടി ഗോത്രപാഠാവലി പുറത്തിറക്കി. ഇതിന്റെ ചുവട് പിടിച്ചാണ് മുതുവാൻ ഭാഷയെ കൂടുതൽ അടുത്തറിയാൻ സഹായിക്കുന്ന മുതുവാൻ ഭാഷ നിഘണ്ടു തയ്യാറാക്കിയിട്ടുള്ളത്. വരും നാളുകളിൽ ഇടമലക്കുടിയിൽ നിയമിതരാകുന്ന അദ്ധ്യാപകർക്കും കുട്ടികൾക്കും മലയാളം മുതുവാൻ ഭാഷ നിഘണ്ടു സഹായകമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |