വടക്കേക്കാട്: കുടുംബവഴക്കിനെ തുടർന്ന് വേർപിരിഞ്ഞു കഴിയുന്ന ഭാര്യയെ വീടിന്റെ ഓടു പൊളിച്ച് അകത്തു കയറിയ ഭർത്താവ് വെട്ടിക്കൊന്നു. അണ്ടത്തോട് തങ്ങൾപ്പടിയിൽ താമസിക്കുന്ന പെരുമ്പടപ്പ് സ്വദേശിനിയും പി.യു.സി.എൽ മലപ്പുറം ജില്ലാ മുൻ സെക്രട്ടറിയുമായ സുലൈഖയാണ് (52) മരിച്ചത്. ഭർത്താവ് പാലക്കാട് സ്വദേശി ചീനിക്കര വീട്ടിൽ യൂസഫിനെ (56) പൊലീസ് കസ്റ്റഡിയിലെടുത്തു.
ആറു മാസമായി ഭർത്താവുമായി വേർപിരിഞ്ഞ് മാതാവിനൊപ്പമാണ് സുലൈഖ താമസിച്ചിരുന്നത്. ഒപ്പം താമസിച്ചിരുന്ന മൂത്ത മകൾ കഴിഞ്ഞയാഴ്ച ഭർതൃഗൃഹത്തിലേക്കു പോയിരുന്നു. മറ്റു രണ്ട് മക്കൾ വേറെയാണ് താമസം. ഇന്നലെ പുലർച്ചെ നമസ്‌കാരം കഴിഞ്ഞ് മുറ്റമടിച്ച് തിരിച്ചെത്തിയിട്ടും സുലൈഖയെ പുറത്തേക്കു കാണാതിരുന്നതിനെ തുടർന്ന് മുറിയിൽ നോക്കിയപ്പോഴാണ് കഴുത്തിനു വെട്ടേറ്റ് മരിച്ചുകിടക്കുന്നത് മാതാവ് കണ്ടത്. വീടിന്റെ ഓടു പൊളിച്ച് അകത്തു കടന്നാണ് യൂസഫ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മാറഞ്ചേരിയിൽ തടിമില്ല് ജീവനക്കാരനായ യൂസഫ്, ഭാര്യയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം മില്ലിൽ തിരികെ കൊണ്ടുവച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
ഭർത്താവ് ഭീഷണിപ്പെടുത്തിയതായി നേരത്തെ വടക്കേക്കാട് പൊലീസിൽ സുലൈഖ പരാതി നൽകിയിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ഇന്ന് സംസ്‌കരിക്കും. വടക്കേക്കാട് എസ്.ഐ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |