ടോക്കിയോ: ട്വിറ്റർ വഴി ഇരകളെ കണ്ടെത്തി അതിക്രൂരമായി കൊലപ്പെടുത്തിയ യുവാവിന്റെ വധശിക്ഷ നടപ്പാക്കി ജപ്പാൻ. ടാക്കഹിറോ ഷിറെയ്‌ഷി എന്ന 34കാരനാണ് ആത്മഹത്യാ പ്രേരണയുള്ളവരെ കണ്ടെത്തി സഹായിക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത് അപ്പാർട്ട്‌മെന്റിൽ വിളിച്ചുവരുത്തി കൊന്നത്. ഒൻപതുപേരെയാണ് ടാക്കഹിറോ ഇത്തരത്തിൽ കൊന്നത്. ഇതിൽ എട്ട് സ്‌ത്രീകളും ഒരു പുരുഷനുമുണ്ടെന്ന് പൊലീസ് അറിയിച്ചു. 15 മുതൽ 26 വയസ് വരെയുള്ളവരാണ് ഇരകൾ. പണത്തിനും ശാരീരിക ബന്ധത്തിനുമാണ് ഇയാൾ ഈ ക്രൂരകൃത്യം ചെയ്‌തത്.
മരിക്കാൻ താൻ സഹായിക്കാം എന്ന് ഇരകളോട് ട്വിറ്ററിലൂടെ വാഗ്‌ദാനം ചെയ്‌ത് അവരെ ടോക്കിയോയിൽ സാമ നഗരത്തിൽ തന്റെ അപ്പാർട്ട്‌മെന്റിൽ ടാക്കഹിറോ വിളിച്ചുവരുത്തും. ഇവരുമായി ലൈംഗികബന്ധത്തിലും ഏർപ്പെടും. ഇരകൾക്കൊപ്പം താനും മരിക്കുമെന്ന് അവരെ ബോദ്ധ്യപ്പെടുത്തും, പിന്നീട് ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ശരീരം ലൈംഗികമായി ഉപയോഗിച്ചു. ഇതിനുശേഷം ശരീരഭാഗങ്ങൾ മുറിച്ചെടുത്ത് ഫ്രീസറിലാക്കി സൂക്ഷിക്കും. അവശേഷിച്ച ഭാഗം ആളില്ലാത്ത സ്ഥലങ്ങൾ നോക്കി ഉപേക്ഷിക്കും.
2017ൽ ഇയാൾ കൊലപ്പെടുത്തിയ ഒരു പെൺകുട്ടിയുടെ സഹോദരന് ആ പെൺകുട്ടിയുടെ ട്വിറ്റർ അക്കൗണ്ട് പരിശോധിച്ചപ്പോൾ പ്രതിയെക്കുറിച്ച് വിവരം ലഭിച്ചു. തുടർന്ന് ഇയാൾ പൊലീസിന് വിവരം നൽകി. ഇതോടെയാണ് ടാക്കഹിറോ പൊലീസിന്റെ സംശയപട്ടികയിൽ വന്നത്.
ഇയാളുടെ വീട്ടിൽ പരിശോധിച്ചപ്പോൾ മരിച്ച ഒൻപതുപേരുടെയും തല ഫ്രീസറിൽ നിന്ന് കണ്ടെത്തി. പിടിയിലായതോടെ ടാക്കഹിറോ ഷിറെയ്‌ഷി ട്വിറ്റർ കില്ലർ എന്ന് അറിയപ്പെട്ടു. കുറ്റം ഏറ്റതിന് പിന്നാലെ 2019ൽ ഇയാൾക്ക് വധശിക്ഷ വിധിച്ചു. ജപ്പാനിൽ 2022 മുതൽ വധശിക്ഷ നിർത്തിവച്ചിരിക്കുകയായിരുന്നു. ഈ മൂന്ന് വർഷത്തിനിടെ ആദ്യമായി നടപ്പാക്കിയ വധശിക്ഷയാണ് യുവാവിന്റേത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |