ചാരുംമൂട്: പാമ്പു കടിയേറ്റാൽ ആലപ്പുഴക്കാർ മറ്റൊന്നുമാലോചിക്കില്ല. താമരക്കുളം വേടരപ്ലാവിലെ ചേക്കാട്ടുതറ അമ്മ എന്ന രാജമ്മയെ അഭയം പ്രാപിക്കും. ഇരുപതിനായിരത്തിലേറെപ്പേരെയാണ് ഈ മുത്തശ്ശി മരണക്കയത്തിൽ നിന്ന് ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയത്.
വിഷചികിത്സയിലെ ചെക്കാട്ടുതറയുടെ പ്രശസ്തിക്ക് ഏഴു പതിറ്റാണ്ടോളം നീളുന്ന പാരമ്പര്യമുണ്ട്. അപൂർവമായ ആയുർവേദ ചികിത്സാക്കൂട്ടുകൊണ്ടാണ് ചികിത്സ. കൊടും വിഷമുള്ള പാമ്പിന്റെ കടിയേറ്റ് 30 ദിവസം വരെ അബോധാവസ്ഥയിൽ കിടന്നയാളെ രക്ഷിച്ച സംഭവം വരെയുണ്ട്. എൺപത്തിയഞ്ചാം വയസിലും പ്രായത്തിന്റെ അവശതകളെ അവഗണിച്ച് രാജമ്മ നിയോഗം തുടരുന്നു.
ചികിത്സ തേടിയെത്തുന്നവരിൽ നിന്ന് പ്രതിഫലം ചോദിച്ച് വാങ്ങാറില്ല. ദക്ഷിണ സ്വയമേ സമർപ്പിക്കാം. രോഗിക്ക് ഒപ്പമെത്തുന്നവർക്ക് താമസവും ഭക്ഷണവും ഇവിടെ സൗജന്യം.
1957ൽ തിരുവിതാംകൂർ - കൊച്ചി ഭരണകൂടം പരിശോധിച്ച് ഉറപ്പിച്ച പാരമ്പര്യ വൈദ്യന്മാരുടെ പട്ടികയിൽ രാജമ്മയുടെ പേര് ഉൾപ്പെടുത്തി. നാല് മക്കളിൽ പെൺമക്കളായ ജയശ്രീയ്ക്കും യമുനയ്ക്കും അപൂർവ ചികിത്സാവിധികൾ പകർന്നുനൽകിയിട്ടുണ്ട്. അദ്ധ്യാപകരായ ഇരുവരും പാരമ്പര്യ വഴി തുടരുന്നു.
ഗവേഷണ വിദ്യാർത്ഥികളടക്കം ചെക്കാട്ടുതറ അമ്മയിൽ നിന്ന് വിഷ ചികിത്സയിൽ അറിവ് തേടിയെത്തുന്നുണ്ട്. ഫോൺ: 9496121154
ഗുരുനാഥൻ അച്ഛൻ
പാരമ്പര്യ വിഷചികിത്സയിൽ പേരുകേട്ട കൊല്ലം പോരുവഴി ചെമ്മാട്ട് കിഴക്കേതിൽ വേലായുധൻ വൈദ്യരുടെ മകളാണ് രാജമ്മ. ബാല്യം മുതൽ ചികിത്സാലയത്തിൽ മകളെ ഒപ്പം കൂട്ടിയിരുന്നു. കർഷകനായ ദിവാകരനെ 1953ൽ വിവാഹം കഴിച്ചതോടെയാണ് ചെക്കാട്ടുതറ കുടുംബത്തിലെത്തുന്നത്. ഇവിടെ രാജമ്മ ചികിത്സ തുടങ്ങിയത് യാദൃച്ഛികമായാണ്. ഒരിക്കൽ അയൽക്കാരിലൊരാൾക്ക് സർപ്പദംശനമേറ്റു. എല്ലാവരും ഭയന്നപ്പോൾ രാജമ്മ ഭർത്താവുമൊത്ത് അവിടെച്ചെന്ന് രോഗിയെ പരിശോധിച്ചു. കടിച്ച പാമ്പിനെ ലക്ഷണങ്ങൾ വഴി തിരിച്ചറിഞ്ഞ് വളരെ വേഗം പച്ചിലക്കൂട്ടുണ്ടാക്കി നൽകി. രാപകൽ ഒപ്പമിരുന്ന് പരിചരിച്ച് രക്ഷിച്ചു.
'സർപ്പദംശനമേറ്റ് ജീവന്റെ ചെറു തുടിപ്പോടെയെങ്കിലും ചെക്കാട്ടുതറ മുറ്റത്തെത്തിയ ഒരാളെ പോലും മരണത്തിന് വിട്ടുകൊടുത്തിട്ടില്ല".
- ചെക്കാട്ടുതറ അമ്മ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |