ഫോർട്ടുകൊച്ചി: സി.ബി.എസ്.ഇ അംഗീകാരമില്ലെന്നതു മറച്ചുവച്ച് 29 വിദ്യാർത്ഥികൾക്ക് പത്താം ക്ളാസ് പരീക്ഷ എഴുതാൻ അവസരം നിഷേധിച്ച് വഞ്ചിച്ചെന്ന കേസിൽ തോപ്പുംപടി മൂലംകുഴി അരുജാസ് ലിറ്റിൽ സ്റ്റാർ സ്‌കൂൾ നടത്തിപ്പുകാരെ പൊലീസ് അറസ്റ്റു ചെയ്തു. വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.
സ്കൂളിന്റെ ട്രസ്റ്റ് പ്രസിഡന്റ് മെൽബിൻ ഡിക്രൂസ്, ഭാര്യയും സ്കൂൾ മാനേജരുമായ മാഗി അരൂജ എന്നിവരെയാണ് തോപ്പുംപടി പൊലീസ് അറസ്റ്റു ചെയ്തത്. അഫിലിയേഷൻ ലഭിച്ചില്ലെന്ന വിവരം മറച്ചുവയ്ക്കുകയും വിദ്യാർത്ഥികൾക്ക് ബദൽ മാർഗങ്ങൾ സ്വീകരിക്കാൻ അവസരം നിഷേധിക്കുകയും ചെയ്തെന്ന് രക്ഷിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു.
ഇന്നലെ ആരംഭിച്ച പത്താം ക്ളാസ് പരീക്ഷയ്ക്ക് ഏതാനും ദിവസം മുമ്പ് ഹാൾ ടിക്കറ്റ് ലഭിക്കാതെ വന്നതോടെയാണ് 29 വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ സ്‌കൂളിലെത്തി ബഹളമുണ്ടാക്കിയത്. സ്കൂളിലെ 9, 10 ക്ലാസുകൾക്ക് അംഗീകാരമില്ലെന്ന വസ്തുത സ്കൂൾ അധികൃതർ അപ്പോഴാണ് വെളിപ്പെടുത്തിയത്. സ്കൂളിലെ അദ്ധ്യാപകർക്കു പോലും ഇക്കാര്യം അറിയില്ലായിരുന്നു.
സി.ബി.എസ്.ഇ അംഗീകാരം ലഭിക്കാത്ത സ്കൂളുകൾക്ക് മറ്റേതെങ്കിലും അംഗീകൃത സ്കൂളിന്റെ പേരിൽ ഒമ്പതാം ക്ളാസിൽ പേര് രജിസ്റ്റർ ചെയ്യാം. ആ സ്കൂളിൽ പരീക്ഷ എഴുതാനും കഴിയും. അഫിലിയേഷന് അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുന്ന സ്കൂളുകൾ ഈ രീതിയാണ് അവലംബിക്കാറ്. കഴിഞ്ഞ വർഷം തൃശൂരിലെ സ്കൂളിലാണ് പത്താംക്ളാസുകാരെ പരീക്ഷ എഴുതിപ്പിച്ചത്. ഇക്കുറി തൃശൂരിൽ കുട്ടികളെ പരീക്ഷയ്ക്ക് ദിവസവും കൊണ്ടുപോകുന്നതിൽ ചില രക്ഷിതാക്കൾ വിയോജിപ്പ് അറിയിച്ചപ്പോൾ അഫിലിയേഷൻ ലഭിച്ചതായി അവരോട് മാനേജർ പറഞ്ഞു.
കൊച്ചിയിലെ മറ്റൊരു സ്കൂളിൽ പരീക്ഷ എഴുതിപ്പിക്കാൻ മാനേജ്മെന്റ് ശ്രമിച്ചെങ്കിലും സി.ബി.എസ്.ഇ അധികൃതർ അനുമതി നൽകിയില്ലെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. കോടതിയെ സമീപിച്ചെങ്കിലും ഹർജി പരിഗണിക്കാൻ വൈകി. ഇക്കാര്യങ്ങൾ രക്ഷിതാക്കളെ അറിയിക്കാൻ മാനേജ്മെന്റ് തയ്യാറായില്ല.
ഇന്നലെ രാവിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും സ്കൂളിന് മുന്നിൽ പ്രതിഷേധിച്ചു. വിദ്യാർത്ഥികളുടെ അടുത്ത വർഷത്തെ പഠനച്ചെലവ് വഹിക്കാമെന്ന മറുപടിയാണ് സ്കൂൾ മാനേജർ നൽകിയതെന്ന് രക്ഷിതാക്കൾ പറഞ്ഞു. പരീക്ഷ എഴുതാൻ കഴിയില്ലെന്ന് വ്യക്തമായതോടെ പ്രതിഷേധം കനത്തു. രക്ഷിതാക്കളെ പൊലീസിനെ ഉപയോഗിച്ച് സ്കൂൾ വളപ്പിൽ നിന്ന് പുറത്താക്കുകയും ചെയ്തതോടെ കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകരും രംഗത്തെത്തി. ജനപ്രതിനിധികളും തഹസിൽദാർ ഉൾപ്പെടെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തുടർന്നാണ് രക്ഷിതാക്കൾ തോപ്പുംപടി പൊലീസിൽ പരാതി നൽകിയത്.
എൽ.കെ.ജി മുതൽ പത്താം ക്ളാസ് വരെ ഓരോ ഡിവിഷൻ മാത്രമേ സ്കൂളിലുള്ളൂ. 250 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. പരീക്ഷ എഴുതാൻ കഴിയില്ലെന്നറിഞ്ഞതോടെ കുട്ടികൾ കടുത്ത മാനസികസംഘർഷം നേരിടുകയാണെന്ന് രക്ഷിതാവായ കരുവേലിപ്പടി സ്വദേശി ബിജു പറഞ്ഞു.
രക്ഷിതാക്കൾ ശ്രദ്ധിക്കണം: ജില്ലാ കളക്ടർ
പുതിയ അദ്ധ്യയന വർഷത്തിൽ കുട്ടികളെ വിദ്യാലയങ്ങളിൽ ചേർക്കുമ്പോൾ വേണ്ടത്ര ശ്രദ്ധ പുലർത്തണമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് അറിയിച്ചു. സ്‌കൂളുകളുടെ പശ്ചാത്തലവും നിയമപരമായ അംഗീകാരവും രക്ഷിതാക്കൾ ഉറപ്പാക്കണം. സി.ബി.എസ്.ഇ സ്‌കൂളുകളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. സംസ്ഥാന സർക്കാർ നൽകുന്ന എൻ.ഒ.സി, അവസാനം അഫിലിയേഷൻ ദീർഘിപ്പിച്ച സി.ബി.എസ്.ഇ.യുടെ കത്ത് എന്നിവയാണ് ആധികാരിക രേഖകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |