ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ നടന്ന സംഘർഷത്തിൽ വടക്കുകിഴക്കൻ ഡൽഹിയിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. സംഘർഷത്തിൽ 105 പേർക്ക് പരിക്കേറ്റു. ഇതിൽ എട്ട് പേരുടെ നില ഗുരുതരമാണ്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടിയന്തര യോഗം വിളിച്ചു.
അതേസമയം, ആക്രമണത്തിന് ആഹ്വാനം ചെയ്തെന്ന് ആരോപിച്ച് ബിജെപി നേതാവ് കപിൽ മിശ്രയ്ക്കെതിരെ ജാമിയ കോ ഓർഡിനേഷൻ കമ്മിറ്റി പൊലീസിൽ പരാതി നൽകി.സമരം ചെയ്യുന്നവരെ ഒഴിപ്പിക്കാൻ മുന്നിട്ടിറങ്ങുമെന്ന കപിൽ മിശ്ര കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
നിയമത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും സംഘങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. കല്ലേറിൽ പരിക്കേറ്റ ഗോകുൽപുരി അസി.കമ്മിഷണർ ഓഫീസിലെ ഹെഡ്കോൺസ്റ്റബിൾ രത്തൻലാൽ കഴിഞ്ഞ ദിവസം ആശുപത്രിയിൽവെച്ച് മരണപ്പെട്ടിരുന്നു. പത്തിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
കാറുകൾക്കും കടകൾക്കും വീടുകൾക്കും തീവച്ചു. ഭജൻപുരയിൽ പെട്രോൾ പമ്പിന് തീയിട്ടു. അഗ്നിശമനസേനയുടെ വാഹനവും കത്തിച്ചു. വ്യാപാരസ്ഥാപനങ്ങൾക്കു നേരെയും മാദ്ധ്യമ പ്രവർത്തകർക്ക് നേരെയും ആക്രമണമുണ്ടായി. അക്രമികളെ പിരിച്ചുവിടാൻ പൊലീസ് ടിയർഗ്യാസ് പ്രയോഗിച്ചു.ജഫ്രാബാദ്, മൊജ്പുർ എന്നിവിടങ്ങളിൽ ഞായറാഴ്ച ആരംഭിച്ച സംഘർഷം ഇന്നലെ ചേരിതിരിഞ്ഞുള്ള അക്രമങ്ങളിലേക്ക് വഴിമാറുകയായിരുന്നു. മേഖലയിലെ പത്തിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ജഫ്രാബാദ്, മൊജ്പുർ -ബാബർപുർ, ഗോകുൽപുരി, ജോഹ്രി എൻക്ലേവ്, ശിവ് വിഹാർ മെട്രോസ്റ്റേഷനുകൾ അടച്ചു. സംഘർഷ മേഖലകളിൽ അർദ്ധസൈനികർ ഉൾപ്പെടെ ക്യാമ്പുചെയ്യുന്നുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഡൽഹിയിലുള്ളതിനാൽ അതീവ ജാഗ്രതയോടെയാണ് കേന്ദ്രം സംഭവവികാസങ്ങളെ കാണുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |