കോട്ടയം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കുട്ടനാട് സീറ്റ് ഏറ്റെടുക്കാനുള്ള കോൺഗ്രസ് നീക്കത്തിനെതിരെ കേരള കോൺഗ്രസ് -എമ്മിലെ ജോസ്, ജോസഫ് ഗ്രൂപ്പുകൾ 'ഒന്നിക്കുന്നു.' സ്വന്തം സ്ഥാനാർത്ഥിയെ നിറുത്താനാണ് ഇരു വിഭാഗത്തിന്റെയും നീക്കം.
സ്ഥാനാർത്ഥിയെ നിർണയിക്കാൻ ജോസ് വിഭാഗം പ്രത്യേക ഉപസമിതി യോഗം രാമങ്കരിയിൽ ചേർന്നു. ബിനു ഐസക്, ഡോ. ഷാജോ കണ്ടക്കുടി എന്നിവരുടെ പേരാണ് തോമസ് ചാഴിക്കാടൻ ചെയർമാനായ ഉപസമിതി നിർദ്ദേശിച്ചത്. കുട്ടനാട് ഉൾപ്പെടുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ നിന്ന് പതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച വനിതയാണ് ബിനു ഐസക്. കേരള കോൺഗ്രസ് മുൻ എം.എൽ.എ ഈപ്പൻ കണ്ടക്കുടിയുടെ സഹോദര പുത്രനും എസ്.ബി കോളേജ് അദ്ധ്യാപകനുമാണ് ഡോ. ഷാജോ കണ്ടക്കുടി. 29ന് യു.ഡി.എഫ് ഉഭയ കക്ഷി ചർച്ചയ്ക്കു ശേഷം ജോസ് വിഭാഗം ഉന്നതാധികാര സമിതി ചേർന്ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനാണ് തീരുമാനം.
കുട്ടനാട് സീറ്റ് വച്ചു മാറാൻ തയ്യാറല്ലെന്ന് പി.ജെ.ജോസഫ് വിഭാഗവും വ്യക്തമാക്കി. തോമസ് ചാണ്ടിക്കെതിരെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ച ജേക്കബ് എബ്രഹാമിനെ സ്ഥാനാർത്ഥിയാക്കാൻ അവർ നേരത്തേ തീരുമാനിച്ചിരുന്നു. ഇന്ന് കോട്ടയത്ത് ജോസഫ് വിഭാഗം സംസ്ഥാന കമ്മിറ്റി വിളിച്ചിട്ടുണ്ട്.
തമ്മിലടിച്ച് പാലായിലെ തോൽവി ആവർത്തിക്കരുതെന്ന് കഴിഞ്ഞ യു.ഡി.എഫ് യോഗത്തിൽ ഇരു വിഭാഗത്തോടും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. 29ന് ഇരു വിഭാഗങ്ങളുമായി ചർച്ച നടത്തി സീറ്റ് ഏറ്റെടുക്കാനാണ് കോൺഗ്രസ് നീക്കം. അതിനിടെ, ജോസഫ് വിഭാഗത്തിൽ ലയിച്ച ജോണി നെല്ലൂരിനായി കോൺഗ്രസിന്റെ കൈവശമുള്ള മൂവാറ്റുപുഴ സീറ്റ് പകരം കിട്ടിയാൽ കുട്ടനാട്ടിൽ നിന്ന് ജോസഫ് വിഭാഗം പിൻമാറുമെന്നും പ്രചാരണമുണ്ട്.
'കുട്ടനാട്ടിൽ. സ്ഥാനാർത്ഥി തീരുമാനവുമായി മുന്നോട്ടു പോവുകയാണ്. യാതൊരു വിട്ടുവീഴ്ചവീഴ്ചയ്ക്കും തയ്യാറല്ല.'
- തോമസ് ചാഴികാടൻ എം.പി
( ജോസ് വിഭാഗം നേതാവ്)
'കുട്ടനാട് ഞങ്ങളുടെ സീറ്റെന്ന് ആദ്യം കോൺഗ്രസ് പ്രഖ്യാപിക്കട്ടെ. 29ന് ചർച്ചയിൽ അതുണ്ടായാൽ സ്ഥാനാർത്ഥി പ്രഖ്യാപനം ഉടനുണ്ടാവും.
-ജോയ് എബ്രഹാം
(ജോസഫ് വിഭാഗം ജനറൽ സെക്രട്ടറി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |