
മഞ്ചേശ്വരം: കേന്ദ്രം കേരളത്തോട് തുടരുന്ന കടുത്ത വിവേചനവും അവഗണനയും വെളിവാക്കുന്ന രേഖയാണ് ഇന്ന് അവതരിപ്പിച്ച കേന്ദ്ര ബഡ്‌ജറ്റ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയുടെ ഭൂപടത്തിൽ കേരളവുമുണ്ടെന്ന വസ്തുത കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബോധപൂർവ്വം വിസ്മരിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. കേരള വികസന മുന്നേറ്റ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനം ദീർഘകാലമായി ആവശ്യപ്പെടുന്ന എയിംസ്, റെയിൽവേ വികസനത്തിനായുള്ള ഏഴ് അതിവേഗ ഇടനാഴികൾ, വിഴിഞ്ഞം തുറമുഖ വികസനത്തിനായുള്ള പ്രത്യേക പാക്കേജ് എന്നിവയെല്ലാം പൂർണമായും തഴയപ്പെട്ടെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഫിനാൻസ് കമ്മിഷൻ വിഹിതം ഉയർത്തണമെന്ന ആവശ്യം നിരാകരിച്ചു. 41 ശതമാനം വിഹിതമെന്ന നിലവിലെ സ്ഥിതി തുടരാൻ തീരുമാനിച്ചത് ഫെഡറൽ തത്വങ്ങളെ ദുർബലപ്പെടുത്തുന്ന നടപടിയാണ്. ഈ അവഗണനയ്ക്ക് കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ മറുപടി പറയേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
'കോർപ്പറേറ്റുകളെ കൊഴുപ്പിക്കാനും സാധാരണക്കാരെ കൂടുതൽ ദാരിദ്ര്യത്തിലേക്ക് തള്ളി വിടുന്നതിനുമുള്ള നയരേഖയാണ് കേന്ദ്ര ബഡ്‌ജറ്റ്. കേന്ദ്ര വിഹിതമായ ഡിവിസിബിൾ പൂളിൽ നിന്നും കേരളത്തിന് അർഹമായത് നൽകുന്നില്ല എന്ന് മാത്രമല്ല, റവന്യൂ ഡെഫിസിറ്റ് ഗ്രാന്റുകൾ തുടരേണ്ടതില്ലെന്ന തീരുമാനം വഴി സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. ഗ്രാന്റുകളുടെ കാര്യത്തിൽ മൊത്തത്തിൽ വലിയ വെട്ടിക്കുറവാണ് വരുത്തിയിരിക്കുന്നത്. 2021-ൽ 2.2 ലക്ഷം കോടി രൂപയായിരുന്ന ഗ്രാന്റ് ഇപ്പോൾ 1.4 ലക്ഷം കോടി രൂപയായി കുറഞ്ഞിരിക്കുന്നു. ജനസംഖ്യാ നിയന്ത്രണത്തിലും ആഭ്യന്തര വരുമാന വളർച്ചയിലും കേരളം കൈവരിച്ച നേട്ടങ്ങളെ മുൻനിർത്തി നികുതി വിഹിതത്തിൽ വന്ന ചെറിയ വർദ്ധനവ് സംസ്ഥാനത്തിന്റെ അർഹതപ്പെട്ട അവകാശം മാത്രമാണ്. എന്നാൽ ഗ്രാന്റുകൾ നിഷേധിക്കുന്നതിലൂടെ കേന്ദ്രത്തിൽ നിന്നുള്ള മൊത്തം വിഹിതത്തിൽ തത്വത്തിൽ വർദ്ധനവുണ്ടാകുന്നില്ല എന്നത് ഗൗരവകരമായി കാണേണ്ടതുണ്ട്.
കേരളത്തിന്റെ ധാതുസമ്പത്ത് കൈക്കലാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കം അത്യന്തം അപകടകരമാണ്. മാത്രമല്ല, കേന്ദ്ര ബഡ്‌ജറ്റിലെ പ്രഖ്യാപനം സ്വകാര്യ കുത്തകകൾക്ക് ഖനനത്തിന് വഴിയൊരുക്കുന്ന നയമാണ്. പരിസ്ഥിതി മന്ത്രാലയത്തിന്റെ കർശന വ്യവസ്ഥകൾ പോലും റദ്ദാക്കിക്കൊണ്ട് പാരിസ്ഥിതികാനുമതി നൽകുന്നത് വേഗത്തിലാക്കി സ്വകാര്യ മേഖലയെ സഹായിക്കാനാണ് കേന്ദ്ര നീക്കം. വിഴിഞ്ഞം, ചവറ, കൊച്ചി എന്നിവയെ ബന്ധിപ്പിച്ച് പൊതുമേഖലയിൽ ഒരു ധാതു ഇടനാഴി സ്ഥാപിക്കുമെന്ന് സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തിന്റെ പ്രഖ്യാപനങ്ങൾക്ക് കടകവിരുദ്ധമായി സ്വകാര്യ കുത്തകൾക്ക് ധാതുസമ്പത്ത് വിട്ടുകൊടുക്കുന്ന കേന്ദ്ര നീക്കം അപകടകരമാണ്. റെയിൽവേ കോച്ച് ഫാക്ടറി അടക്കമുള്ള വാഗ്ദാനങ്ങൾ നൽകി കോൺഗ്രസ് സർക്കാരും ബി.ജെ.പി സർക്കാരും ഒരുപോലെ കേരളത്തെ കബളിപ്പിക്കുകയാണെന്ന് ഈ ബഡ്‌ജറ്റും സാക്ഷ്യപ്പെടുത്തുന്നു'- മുഖ്യമന്ത്രി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |