വാഷിംഗ്ടൺ : രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് ശേഷം തിരികെ എത്തിയശേഷം അമേരിക്കൻ പ്രസിഡന്റ് ഇന്ത്യയെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവച്ചു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ഇന്ത്യയെ കുറിച്ചുള്ള തന്റെ അഭിപ്രായം ട്രംപ് തുറന്നു പറഞ്ഞത്. ഇന്ത്യയിലെ കാഴ്ചകൾ കണ്ട് അദ്ഭുതം തോന്നി, ഇന്ത്യയുമായുള്ള അമേരിക്കൻ ബന്ധം ഇപ്പോൾ ദൃഢമായതായും ഉഭയകക്ഷി ബന്ധങ്ങളിൽ പുരോഗതി കൈവരിക്കാൻ തന്റെ സന്ദർശനം കൊണ്ടു കഴിഞ്ഞുവെന്നും ട്രംപ് വ്യക്തമാക്കി. ഇന്ത്യൻ പ്രധാനമന്ത്രി മാന്യനായ നേതാവാണെന്ന അഭിപ്രായമാണ് അമേരിക്കൻ പ്രസിഡന്റ് പങ്കുവച്ചത്. ഇന്ത്യ ഭംഗിയായി തങ്ങളെ സ്വീകരിച്ചെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റ ശേഷം ആദ്യ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ട്രംപിനായി ഊഷ്മളമായ വരവേൽപ്പാണ് ഇന്ത്യയൊരുക്കിയത്. അഹമ്മദാബാദ്, ഡൽഹി, ആഗ്ര തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് രണ്ട് ദിവസത്തെ സന്ദർശനം കഴിഞ്ഞ് ട്രംപ് മടങ്ങിയത്. അഹമ്മദാബാദിൽ ലോകത്തിലെ വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ നമസ്‌തേ ട്രംപ് എന്ന പരിപാടി സംഘടിപ്പിച്ചാണ് ഇന്ത്യ അദ്ദേഹത്തെ സ്വീകരിച്ചത്. ഒരു ലക്ഷത്തോളം പേരാണ് അമേരിക്കൻ പ്രസിഡന്റിനെ സ്വീകരിക്കാനായി എത്തിച്ചേർന്നത്.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനത്തിലൂടെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി അമേരിക്ക മാറും. ചൈനയെ പിന്തള്ളിയാണ് അമേരിക്ക ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര സുഹൃത്തായത്. ഇന്ത്യയ്ക്ക് ഇറക്കുമതിയേക്കാൾ കയറ്റുമതി നേട്ടം കൂടുതലുള്ള (ട്രേഡ് സർപ്ലസ്) രാജ്യം കൂടിയാണ് അമേരിക്ക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |