ലോകത്തെ ഏറ്റവും ശക്തനായ നേതാവെന്ന് അറിയപ്പെടുന്ന അമേരിക്കൻ പ്രസിഡന്റ് ഇന്ത്യൻ സന്ദർശനം കഴിഞ്ഞ് മടങ്ങിപ്പോയിട്ട് അധികം ദിവസം കഴിഞ്ഞിട്ടില്ല. ലോകത്തിന് മുന്നിൽ ഇന്ത്യയുടെ യശസ് ഉയർത്തുന്ന, ഇന്ത്യയെക്കുറിച്ചുള്ള ലോകത്തിന്റെ കാഴ്ചപ്പാടിൽ തന്നെ കാര്യമായ മാറ്റം വരുത്തുന്ന ഒന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഈ സന്ദർശനം. ക്ലിന്റൺ, ബുഷ്, ഒബാമ എന്നീ നാല് അമേരിക്കൻ പ്രസിഡന്റുമാർ ഇന്ത്യയിലേക്ക് എത്തിയപ്പോഴൊന്നും ലഭിക്കാത്ത സ്വീകരണമാണ് ട്രംപിനും പ്രഥമ വനിതയ്ക്കും കുടുംബത്തിനും ലഭിച്ചത്.
ഇന്ത്യൻ മാദ്ധ്യമങ്ങൾ തന്റെ 'ഉറ്റതോഴനായ' പ്രധാനമന്ത്രിയെ കാണാനെത്തിയ ട്രംപിന്റെ സന്ദർശനത്തെയും അദ്ദേഹവുമായി പ്രധാനമന്ത്രി ചിലവഴിച്ച നിമിഷങ്ങളെയും ആവോളം ആഘോഷിക്കാനുള്ള ഒരു അവസരവും പാഴാക്കിയതുമില്ല. ഇതെല്ലാം കൊണ്ടുതന്നെ ഒരു 'ഗ്ലോബൽ ഇവന്റി'ന്റെ തലത്തിലേക്ക് ഈ സന്ദർശനത്തെ ഉയർത്താനും സാധിച്ചിട്ടുണ്ട്.ചുരുക്കത്തിൽ രണ്ടു ദിവസകാലം ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും ഇന്ത്യയിൽ കേന്ദ്രീകരിക്കാൻ പ്രധാനമന്ത്രിക്ക് സാധിച്ചുവെന്നും പറയാം.
ഇങ്ങനെയുള്ള ഒരു സാഹചര്യത്തിൽ മറ്റൊരു കാര്യത്തിലേക്ക് കൂടി ലോകത്തിന്റെ ശ്രദ്ധ പോയതാകട്ടെ വൻ ഇന്ത്യയ്ക്ക് നാണക്കേടാണ് വരുത്തിവച്ചത്. ഡൽഹി കലാപമായിരുന്ന ആ സംഭവം. ട്രംപിന്റെ കണ്മുന്നിൽ വച്ച് നടന്ന ഈ സംഭവം ആഗോള തലത്തിൽ തന്നെ ഇന്ത്യയുടെ പേര് മോശമാകുകയാണ് ഉണ്ടായത്. അമേരിക്കൻ, അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ വാർത്ത റിപ്പോർട്ടുകളിലൂടെ തന്നെ ഇക്കാര്യം വെളിവാകുന്നുണ്ട്.
ലോകമാസകലം വായനക്കാരുള്ള അമേരിക്കൻ മാദ്ധ്യമമായ ന്യൂയോർക്ക് ടൈംസ് ട്രംപ് സന്ദർശനത്തെ കുറിച്ച് റിപ്പോർട്ട് ചെയ്തത് ഇങ്ങനെയാണ്. 'ന്യൂ ഡൽഹി, ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള യുദ്ധത്തിന് വേദിയാകുന്ന നേരത്ത്, ട്രംപും മോദിയും ഈ കലാപവും സംഘർഷവും തങ്ങളെ ബാധിക്കുന്നതല്ല എന്ന മട്ടിൽ സൈറ്റ് സീയിംഗും മീറ്റിംഗുകളും നടത്തുകയായിരുന്നു.' മോദിയുടെ 'ഹിന്ദു ആദ്യം' എന്ന നയമാണ് രാജ്യതലസ്ഥാനത്ത് കലാപമായി മാറിയതെന്നും പത്രം കുറ്റപ്പെടുത്തുന്നു.
'ഡൽഹി കത്തുമ്പോൾ മോദി ട്രംപിനായി പാർട്ടി നടത്തുന്നു' എന്ന തലക്കെട്ടിലാണ് വൈസ് ഓൺലൈൻ പത്രം ഡൽഹി കലാപം റിപ്പോർട്ട് ചെയ്തത്. മറ്റൊരു പ്രധാന അമേരിക്കൻ പത്രമായ വാഷിംഗ്‌ടൺ പോസ്റ്റും ഈ കലാപത്തെ ശക്തമായി അപലപിക്കുകയാണ് ഉണ്ടായത്. ഡൽഹിയിലെ കലാപവും മോദിയുടെ മതസ്വാതന്ത്ര്യത്തെ കുറിച്ചുള്ള പ്രസംഗവും തമ്മിലുള്ള വൈരുദ്ധ്യത്തെയാണ് 'വാഷിങ്ടൺ പോസ്റ്റ്' എടുത്തുകാട്ടിയത്.
ബ്രിട്ടീഷ് പത്രമായ 'ദ ഗാർഡിയൻ' ആകട്ടെ ട്രംപിന്റെ സന്ദർശത്തിന് മേൽ വീണ നിഴലായി ഡൽഹി കലാപത്തെ എടുത്തുകാട്ടി. ചുരുക്കത്തിൽ ഇന്ത്യയ്ക്കുണ്ടായ ഈ നാണക്കേട് എടുത്തുകാട്ടുന്ന തരത്തിലാണ് ലോകമാദ്ധ്യമങ്ങൾ ഈ സംഭവത്തെ കുറിച്ച് വാർത്തകൾ നൽകിയത്. ഇതുകാരണം, രാജ്യത്തെ ലോകത്തിന് നടുവിലായി പ്രതിഷ്ഠിക്കാമായിരുന്ന ട്രംപ്-മോദി കൂടിക്കാഴ്ചയുടെ തിളക്കം കാര്യമായി ചുരുങ്ങുകയും ചെയ്തു.
ഇക്കാര്യം കാരണം അസ്വസ്ഥരായിരിക്കുന്നത് ഇന്ത്യയുടെ മദ്ധ്യവർഗമാണെന്ന വിവരമാണ് പുറത്തു വരുന്നത്. രാജ്യത്തിന്റെ ഉന്നമനവും വികസനവും പ്രശസ്തിയും സ്വപ്നം കാണുന്ന ഇക്കൂട്ടരാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ പ്രധാന വോട്ട് ബേസും. അതിനാൽ തന്നെ ഇവരെ പിണക്കുന്നത് ബിജെ.പിയുടെ തിരഞ്ഞെടുപ്പ് ലക്ഷ്യങ്ങളെ കാര്യമായി ബാധിക്കും. രാജ്യത്ത് തുടരുന്ന വർഗീയ അന്തരീക്ഷവും ആൾക്കൂട്ട കൊലകളും സാമ്പത്തിക പ്രതിസന്ധിയും ഈ കൂട്ടരെ ഇപ്പോൾ തന്നെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ട് എന്നും പറയപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |