തിരുവനന്തപുരം: തലസ്ഥാനത്ത് നിന്ന് നാലു മണിക്കൂറിൽ കാസർകോട്ടെത്തുന്ന സെമി ഹൈസ്‌പീഡ് റെയിലിന് കോച്ചും സിഗ്നലുമായി ജപ്പാൻ കമ്പനികൾ. ബുള്ളറ്റ് ട്രെയിനിന് കോച്ച് നിർമ്മിക്കുന്ന കമ്പനികൾ റെയിൽ വികസന കോർപറേഷനുമായി ചർച്ചയ്ക്ക് തിരുവനന്തപുരത്തെത്തി.
യാത്രാട്രെയിനുകളുടെ കോച്ചുകൾക്ക് 4000 കോടിയും ചരക്കു ലോറികൾ കൊണ്ടുപോകാനുള്ള റോ-റോ സർവീസ് കോച്ചുകൾക്ക് 1000 കോടിയും വിലവരും. സിഗ്നൽ, ടെലികോം സംവിധാനത്തിന് 300 0കോടിയാണ് ചെലവ്. ജപ്പാൻ സർക്കാരിനും പങ്കാളിത്തമുള്ള ഡിസൈൻ, കൺസൾട്ടൻസി കമ്പനികളും ആയിരം കോടിയുടെ ലിഫ്‌റ്റ്, എസ്‌കലേറ്റർ എന്നിവയ്ക്കുള്ള കമ്പനികളും രംഗത്തുണ്ട്. .
സെമി ഹൈസ്‌പീഡ് റെയിലിന് പദ്ധതിച്ചെലവ് 66,405കോടിയാണ് കണക്കാക്കുന്നതെങ്കിലും 2024ൽ പൂർത്തായാവുമ്പോൾ 70,000കോടിയാവും. 35000 കോടിയിലേറെ വിദേശ വായ‌്‌പ വേണ്ടിവരും. ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസിയാണ് (ജൈക്ക) വാഗ്‌ദാനവുമായി മുന്നിലുള്ളത്. 0.2മുതൽ 0.5ശതമാനം വരെയാണ് പലിശനിരക്ക്. ഡോളർ നിരക്കിലെ വ്യതിയാനം കണക്കാക്കുമ്പോൾ ഇത് 6ശതമാനം വരെയാവും. 20- 30 വർഷം തിരിച്ചടവ് കാലാവധിയും 10വർഷം വരെ മോറട്ടോറിയവും ലഭിക്കും. പക്ഷേ, പർച്ചേസിൽ 30 ശതമാനം ജപ്പാൻ കമ്പനികളിൽ നിന്നാവണം. കോച്ചുകൾ, സിഗ്നലിംഗ് സംവിധാനം, ലിഫ്‌റ്രുകൾ എന്നിങ്ങനെ എന്ത് വാങ്ങിയാലും മതി.
അന്തിമ അലൈൻമെന്റ് ഈയാഴ്ച
ഹൈസ്പീഡ് റെയിലിന്റെ അന്തിമ അലൈൻമെന്റ് ഈയാഴ്ച തയ്യാറാവും. 20- 25 മീറ്റർ വീതിയിലാണ് സ്ഥലമെടുക്കുക. ഏറ്റെടുക്കേണ്ട ഭൂമിയുടെ സർവേ നമ്പരുകൾ റെയിൽവേ വികസന കോർപറേഷൻ സർക്കാരിന് കൈമാറും. വിജ്ഞാപനമിറക്കിയ ശേഷമാവും ഭൂമിയേറ്റെടുക്കൽ. നിലവിലെ ലൈനിന് സമാന്തരമായി പാത നിർമ്മിക്കേണ്ടിടത്ത്, റെയിൽവേയുടെ പക്കലുള്ള 200 ഹെക്ടർ ഭൂമി ലഭിക്കും. ബാക്കി 1226 ഹെക്ടറാണ് ഏറ്റെടുക്കേണ്ടത്.
ജപ്പാൻ സൂപ്പർ
സൂപ്പർ കോച്ച്
1850മീറ്റർ വിസ്തൃതിയുള്ള വളവുകളിൽ 200കിലോമീറ്റർ വേഗത്തിലോടാൻ കഴിയുന്ന കോച്ചുകൾ. സുഖയാത്രയ്ക്ക് കുലുക്കമില്ലാത്തതും ശീതീകരിച്ചതും
സിഗ്നൽ
ട്രെയിനിൽ അത്യാധുനിക സിഗ്നലിംഗും ആശയവിനിമയത്തിന് ഏതു കാലാവസ്ഥയിലും തടസമുണ്ടാവാത്ത ടെലികോം സംവിധാനവും
ഡിസൈൻ
സ്റ്റേഷനുകളുടെയും യാർഡുകളുടെയും ഡിസൈൻ ആധുനികവും ലോകോത്തര നിലവാരത്തിലുള്ളതും. മൊബൈൽ, ഇ-ടിക്കറ്റുകളും
വായ്പ തിരിച്ചടയ്ക്കാൻ 4 വഴികൾ
1)മുടക്കുമുതലിന്റെ 8.1ശതമാനം പ്രതിവർഷം തിരിച്ചുകിട്ടും
2)നഗരവികസനം കൂടിയാവുമ്പോൾ ഇത് 16 ശതമാനമാവും
3)ചരക്കുലോറികൾക്കുള്ള റോ–റോസർവീസ് ലാഭകരം
4)ടിക്കറ്റ് വരുമാനത്തിന്റെ മൂന്നിലൊന്ന് ഇതര വരുമാനം
1457
തിരുവനന്തപുരം-കാസർകോട് ടിക്കറ്റ് നിരക്ക്
67740
2024-25ൽ നിത്യേന യാത്രക്കാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |