തിരുവനന്തപുരം: നട്ടുച്ചയ്ക്ക് യാത്രക്കാരെ പെരുവഴിയിലാക്കി മിന്നൽ സമരത്തിലൂടെ തലസ്ഥാനത്ത് മണിക്കൂറുകളോളം ഗതാഗതം സ്തംഭിപ്പിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന് നിർദേശം നൽകി. നൂറ് ജീവനക്കാർക്കെതിരെയെങ്കിലും നടപടിവരുമെന്നാണ് സൂചന. ജില്ലാ കളക്ടറുടെ റിപ്പോർട്ടു കൂടി പരിഗണിച്ചാവും നടപടി..
മോട്ടോർ വെഹിക്കിൾ നിയമ പ്രകാരം ഗതാഗത തടസം വരുത്തി ഒരു വാഹനവും റോഡിൽ നിറുത്തിയിടാൻ പാടില്ല. ഇന്നലെ മിന്നൽ സമരത്തിൽ പങ്കെടുത്ത മിക്ക ഡ്രൈവർമാറും പാടെ ഗതാഗത തടസം സൃഷ്ടിച്ചാണ് ബസുകൾ റോഡിൽ തലങ്ങും വിലങ്ങുമായി നിറുത്തിയിട്ടത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളും പരിശോധനയ്ക്കായി ജില്ലാ കളക്ടർ ഗോപാലകൃഷ്ണൻ ശേഖരിച്ചിട്ടുണ്ട്.
അപകടകരമായി ഗതാഗത തടസമുണ്ടാക്കുന്ന വിധത്തിൽ ബസുകൾ പാർക്ക് ചെയ്തതിൽ ഡ്രൈവർമാർ കുറ്റക്കാരാണെന്ന് തിരുവനന്തപുരം ആർ..ടി.ഒയും ഇന്നലെ രാത്രി സർക്കാരിന് റിപ്പോർട്ട് നൽകി. ഇത് കളക്ടറും ശരി വച്ചാൽ, കുറ്രക്കാരായ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡു ചെയ്യും.
രാവിലെ മിന്നൽ സമരം തുടങ്ങിയശേഷം 11 മണിയോടെ , സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ തൊഴിലാളി സംഘടനാ നേതാക്കളെ ചർച്ചയ്ക്കു വിളിച്ചെങ്കിലും ഒരു സംഘടനയുടെ രാജ്ഭവൻ മാർച്ചിന്റെ കാരണം പറഞ്ഞ് നേതാക്കൾ ഒഴിഞ്ഞു..11.30 ഓടെ ഗതാഗതന്ത്രി വിഷയത്തിൽ എ.ഡി.ജി.പി ഷേക്ക് ദർവേഷ് സാഹിബുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ വിലയിരുത്തി. അപ്പോഴും നേതാക്കളെ ചർച്ചയ്ക്കു വിളിച്ചെങ്കിലും ഉച്ചയ്ക്ക് രണ്ടരയോടെയാണ് അവരെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |