തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി തൊഴിലാളികളുടെ മിന്നൽ പണിമുടക്ക് സംബന്ധിച്ച വിവാദവും സർക്കാരിന്റെ തുടർ നടപടികളും വരും ദിവസങ്ങളിൽ തൊഴിലാളി സംഘടനകൾ തമ്മിലുള്ള മത്സരമായി മാറും. സമയം ലംഘിച്ച് സർവീസ് നടത്തിയ സ്വകാര്യബസിനെതിരെ നടപടിയെടുക്കാതെ എ.ടി.ഒയെ പൊലീസ് അറസ്റ്റു ചെയ്തതിൽ ജീവനക്കാർ പ്രതിഷേധിച്ചതും, അത് മിന്നൽ പണിമുടക്കിലേക്കു വളർന്നതും ഒരു സംഘടനയുടെയും ആഹ്വാന പ്രകാരമായിരുന്നില്ല. എന്നാൽ, തുടർന്നുള്ള സംഭവങ്ങൾ 'ഗോൾ' അടിക്കാനുള്ള അവസരമാക്കുകയാണ് സംഘടനാ നേതാക്കൾ. അംഗീകൃത സംഘടനയാകാനുള്ള അടുത്ത ഹിതപരിശോധനയുടെ നാളുകൾ അടുത്തത് തന്നെ കാരണം.
15 ശതമാനം തൊഴിലാളികളുടെ പിന്തുണയുണ്ടെങ്കിലേ അംഗീകൃത സംഘടനയാവാൻ കഴിയൂ. നിലവിൽ കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷനും (സി.ഐ.ടി.യു), ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫ്രണ്ടിനും (ഐ.എൻ.ടി.യു.സി) മാത്രമാണ് അംഗീകാരമുള്ളത്. 2016 മേയ് 25ന് നടന്ന ഹിതപരിശോധനയിൽ മറ്റൊരു സംഘടനയ്ക്കും പത്ത് ശതമാനം ജീവനക്കാരുടെ പിന്തുണ പോലും ലഭിച്ചില്ല.
എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന്റെ നേട്ടം ഉദ്ദേശിച്ച രീതിയിൽ സി.ഐ.ടി.യു സംഘടനയ്ക്ക് ഉണ്ടായില്ല. കോർപറേഷന്റെ സാമ്പത്തിക നില കൂടുതൽ തകരാറിലായി, വർക്ക്ഷോപ്പുകൾ പൂട്ടി, ഡ്യൂട്ടി സമയത്തിൽ മാറ്റം വന്നു, എം പാനലുകാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു, ശമ്പള മുടക്കം പതിവായി. ഇത്തരം പ്രശ്നങ്ങളിൽ ഇടപെടുന്നതിലും സമരം നയിക്കുന്നതിലുമൊക്കെ എംപ്ലോയീസ് അസോസിയേഷൻ പിന്നാക്കം പോയപ്പോൾ, അവസരം മുതലാക്കി മുന്നേറാനാണ് മറ്റൊരു ഭരണാനുകൂല സംഘടനയായ എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി) ശ്രമിച്ചത്. സർക്കാരിനെതിരായ വികാരം ഡെമോക്രാറ്റിക് ഫ്രണ്ടും ബി.എം.എസ് സംഘടനയായ കെ.എസ്.ടി.ഇ.എസും മുതലെടുത്തു.
ആകെ 17 സംഘടനകളാണ് കോർപറേഷനിലുള്ളത്. കഴിഞ്ഞ വർഷം മേയിൽ ഹിതപരിശോധന നടത്തേണ്ടതായിരുന്നു. ഒൻപത് മാസം കഴിഞ്ഞിട്ടും നീട്ടിക്കൊണ്ടു പോയത് സി.ഐ.ടി.യു സംഘടനയുടെ പിന്തുണ കുറഞ്ഞതു കൊണ്ടാണെന്നാണ് മറ്റ് സംഘടനകളുടെ ആക്ഷേപം. രണ്ടാഴ്ച മുമ്പ് റിട്ടേണിംഗ് ഓഫീസറെ നിയോഗിച്ചെങ്കിലും തീയതി പോലും നിശ്ചയിച്ചിട്ടില്ല. എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ബുധനാഴ്ച രാജ്‌ഭവൻ മാർച്ച് നടത്തിയത് സംഘടനാ ശക്തി ഉണർത്താൻ കൂടിയായിരുന്നു. പക്ഷേ, അന്നാണ് കിഴക്കേകോട്ടയിൽ അനിഷ്ടസംഭവങ്ങൾ അരങ്ങേറിയതും.
കഴിഞ്ഞ ഹിതപരിശോധന:
(സംഘടന, വോട്ട് ,ശതമാനം
എന്ന ക്രമത്തിൽ)
കെ.എസ്.ആർ.ടി ഇ.എ - 18,508 - 48.52%
ടി.ഡി.എഫ് - 10,302- 27.01%
കെ.എസ്.ടി.ഇ.യു - 3606 - 9.45%
കെ.എസ്.ടി.ഇ സംഘ് - 3168 - 8.31%
കെ.എസ്.ആർ.ടി.ഇ
വെൽഫെയർ അസോ. - 2466 - 6.46%
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |