സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്കെതിരെ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല നടത്തിയ പരാമർശങ്ങൾ ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ വൻ വിമർശനങ്ങളാണ് ക്ഷണിച്ചുവരുത്തിയത്. ആരോഗ്യമന്ത്രി മാദ്ധ്യമങ്ങളെ ഉപയോഗിച്ച് പ്രതിച്ഛായാ നിർമാണം നടത്തുകയാണെന്നും എല്ലാ ദിവസവും മന്ത്രി ഷൈലജ വാർത്താസമ്മേളനം നടത്തേണ്ടതില്ലെന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ പരാമർശത്തെ അതിരൂക്ഷമായി വിമർശിച്ചുകൊണ്ടാണ് സോഷ്യൽ മീഡിയയിലൂടെയും മറ്റും നിരവധി പേർ രംഗത്ത് വന്നത്.
ഇങ്ങനെയൊരു സമയത്ത് ഇത്തരം വാക്കുകൾ അല്ല ഉപയോഗിക്കേണ്ടതെന്ന് പറഞ്ഞുകൊണ്ടാണ് ഭൂരിഭാഗം പേരും വിമർശനവുമായി എത്തിയത്. ചിലരാണെങ്കിലോ തങ്ങൾ കോൺഗ്രസുകാരാണെന്ന് സമ്മതിച്ചുകൊണ്ട് പോലും ചെന്നിത്തലയ്‌ക്കെതിരെ രംഗത്ത് വന്നു. അന്താരാഷ്ട്ര മാദ്ധ്യമമായ ബി.ബി.സി പോലും കേരളത്തിന്റെ മികച്ച പ്രതിരോധ സംവിധാനത്തെ വാഴ്ത്തിയ ഒരു സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് ആരോഗ്യമന്ത്രിക്ക് നേരെ നടത്തിയ ഈ പരാമർശനങ്ങൾ വിപരീത ഫലമാണ് ഉണ്ടാക്കിയത് എന്ന് പറയുന്നതിൽ തെറ്റില്ല.
നിപ്പയുടെ കാലത്തും മറ്റുമായി മികച്ച പ്രതിരോധ സംവിധാനങ്ങൾ തീർത്തുക്കൊണ്ട് ഫലപ്രദമായി രോഗപ്രതിരോധം സാദ്ധ്യമാക്കിയ ഒരു സർക്കാർ സംവിധാനത്തെ വിമർശിച്ചത് ഒഴിവാക്കാനാകുമായിരുന്ന തിരിച്ചടിയാണ് പ്രതിപക്ഷ നേതാവിന് സമ്മാനിച്ചത്. വ്യക്തമായും സുതാര്യമായും രോഗബാധയുടെ സ്ഥിതിയെക്കുറിച്ചും പ്രതിരോധ മാർഗങ്ങളെ കുറിച്ചും ജനങ്ങളെ കൃത്യമായി ബോദ്ധ്യപ്പെടുത്തുകയായിരുന്നു ആരോഗ്യമന്ത്രി ചെയ്തിരുന്നത്. അതിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്തത് വഴി ഇടതുപക്ഷ വിരുദ്ധർ പോലും സർക്കാരിനെ പിന്താങ്ങുന്ന നിലയിലേക്ക് പ്രതിപക്ഷ നേതാവ് കാര്യങ്ങളെ കൊണ്ടുചെന്നെത്തിക്കുകയായിരുന്നു.
ചൂടുകൂടുന്ന സാഹചര്യത്തിൽ കൊറോണ വൈറസ് നശിക്കുമെന്ന തരത്തിൽ കോൺഗ്രസിന്റെ ഒരു മുൻനിര നേതാവും വലതുപക്ഷാഭിമുഖ്യമായുള്ള കേരളത്തിന്റെ മുൻ ഡി.ജി.പിയും നടത്തിയ പ്രസ്താവനകൾ കേരളത്തിലെ പ്രബുദ്ധരായ ജനതയെ മണ്ടന്മാരാക്കുന്ന സാഹചര്യവും ഉണ്ടാക്കിയിരുന്നു. ഈ സ്ഥിതിവിശേഷത്തിലാണ് യുക്തിയുടെയും കർത്തവ്യബോധത്തിൻെറയും ശബ്ദമായി ശൈലജ ടീച്ചർ മാറിയത്.
പ്രതിപക്ഷ നേതാവുമായി ബന്ധപ്പെട്ട വിവാദം ഉണ്ടാകുന്നതിന് മുൻപാണ് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ 'ഗോ കൊറോണ ഗോ' എന്ന് പാടിക്കൊണ്ട് രോഗബാധയെ 'പ്രതിരോധിക്കുന്ന' വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറലായത്. കൊറോണ പ്രതിരോധത്തിൽ കേന്ദ്ര സർക്കാർ ഫലപ്രദമായ ഇടപെടലുകളാണോ നടത്തുന്നതെന്ന് ജനങ്ങൾ സംശയിക്കാൻ ഈ പരിഹാസ്യമായ വീഡിയോ കാരണമാകുകയും ചെയ്തു. ഈ സംഭവവും, നേരിട്ടല്ലായെങ്കിലും കേരള സർക്കാരിന് ഗുണകരമായി മാറി. ഫലത്തിൽ, കേന്ദ്രത്തിന്റെ പ്രതിരോധ സംവിധാനങ്ങൾ കേരളത്തിന്റേതുമായി തട്ടിച്ചുനോക്കാൻ മറ്റുള്ളവർക്ക് ഇക്കാര്യം ഒരു അവസരം നൽകുകയാണ് ഉണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |