ആകർഷകമായ ഡിസൈൻ, മികച്ച ഫെർഫോമൻസ്, യാത്രാസുഖം, ടാറ്റ എന്ന വിശ്വസനീയമായ ബ്രാൻഡ് എന്നിങ്ങനെ ഒട്ടനവധി മികവുകളുമായി ഒരുകൊല്ലം മുമ്പെത്തിയ ഹാരിയറിനെ ഇരുകൈയും നീട്ടിയാണ് ഉപഭോക്താക്കൾ സ്വീകരിച്ചത്. എങ്കിലും, അനിവാര്യമായ പുത്തൻ ചേരുവകളുടെ അസാന്നിദ്ധ്യം ന്യൂനതയായിരുന്നു. ഇപ്പോഴിതാ, കാലികമായ മാറ്റങ്ങൾക്ക് വിധേയനായി വിരുന്നെത്തിയിട്ടുണ്ട് പുത്തൻ ഹാരിയർ; കൂടുതൽ കരുത്തും സൗന്ദര്യവുമൊക്കെയായി.
ഓട്ടോമാറ്റിക് ഗിയർ ട്രാൻസ്‌മിഷൻ, ബി.എസ്-6 എൻജിൻ എന്നിവയാണ് പുതിയ ചേരുവകൾ. ടാറ്റയുടെ സ്വന്തം 'ഇംപാക്‌റ്ര് 2.0" ഡിസൈൻ മന്ത്രത്താൽ മനോഹരമായ രൂപവും കൊത്തിയെടുത്തിട്ടുണ്ട്. കൊക്കോവ സ്‌പാർക്കിൾ, ടോളെസ്‌റ്രോ ഗ്രേ, ബ്ളാക്ക് ഡാർക്ക് എഡിഷൻ, ഓർകസ് വൈറ്റ്, കാലിപ്‌സോ റെഡ് നിറഭേദങ്ങളാണുള്ളത്.
ചുവപ്പും കറുപ്പും ഒത്തൊരുമിച്ച് മെനഞ്ഞ പുത്തൻ കാലിപ്‌സോ റെഡ് - ഗ്ളോസ് ബ്ളാക്ക് കളർതീം ഹാരിയറിന് നല്ലം ഭംഗി നൽകുന്നു. കറുപ്പഴക് ചാലിച്ച റൂഫ്, സ്‌പോർട്ടീ ലുക്കും ഉറപ്പാക്കുന്നു. ക്രോമിന്റെ അതിർരേഖകളുള്ള ഹെഡ്‌ലാമ്പ്, ഗ്രില്ലിനോട് ചേർന്നുനിൽക്കുന്ന ഡേടൈം റണ്ണിംഗ് ലൈറ്റുകൾ (ഡി.ആർ.എൽ), പുതിയ 17-ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവ പുത്തൻ ഹാരിയറിന് നൽകുന്നത് 'ഫ്രഷ്" ഫീലാണ്.
വശങ്ങളിലും പിന്നിൽ എക്‌സ്‌ഹോസ്‌റ്രിലുമൊക്കെയായി ക്രോമിന്റെ അതിപ്രസരം ഉറപ്പാക്കുന്ന ഓപ്‌ഷണൽ ക്രോം പാക്കേജും പുത്തൻ ഹാരിയറിനൊപ്പമുണ്ട്. ഒരുക്കങ്ങളിൽ കാര്യമായ മാറ്റങ്ങളില്ലാത്തതാണ് കാബിൻ. എന്നാൽ, അത് വിശാലവും യാത്രാസുഖം നൽകുന്നതുമാണ്. ടോപ്പ് വേരിയന്റിൽ പനോരമിക് സൺറൂഫുണ്ട്. പവർ അഡ്‌ജസ്‌റ്റിലൂടെ ആറുതരത്തിൽ ഡ്രൈവർ സീറ്റ് ക്രമീകരിക്കാം. ഓട്ടോമാറ്രിക്ക് ഡിമ്മിംഗ് റിയർവ്യൂ മിറർ, 8.8 ഇഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയ്‌ൻമെന്റ് സ്‌ക്രീൻ എന്നിങ്ങനെയുമുണ്ട് മികവുകൾ.
ആപ്പിൾ കാർ പ്ളേ, ആൻഡ്രോയിഡ് ഓട്ടോ തുടങ്ങിയ ഒഴിവാക്കാനാവാത്ത കണക്‌ടിവിറ്റി സൗകര്യങ്ങളുമുണ്ട്. ഒമ്പത് സ്‌പീക്കറോട് കൂടിയ ജെ.ബി.എൽ സൗണ്ട് സിസ്‌റ്രം മികവ് പുലർത്തുന്നു. ഓട്ടോമാറ്രിക് ക്ളൈമറ്റ് കൺട്രോളും കാണാം. ലെതറിൽ പൊതിഞ്ഞ സീറ്റ് ഉൾപ്പെടെ അകത്തളത്തിലെ സൗകര്യങ്ങളെല്ലാം നിലവാരം പുലർത്തുന്നതാണ്. എന്നാൽ, പുത്തൻ ഹാരിയറിലെ സുപ്രധാന മാറ്റം നേരത്തേ സൂചിപ്പിച്ച ബി.എസ്-6 എൻജിനാണ്. ഫിയറ്രിൽ നിന്ന് കടംകൊണ്ട, 2.0 ലിറ്റർ, 4-സിലിണ്ടർ ഡീസൽ എൻജിനാണിത്. 168 ബി.എച്ച്.പിയാണ് കരുത്ത്. പരമാവധി ടോർക്ക് 350 എൻ.എം. ഹ്യുണ്ടായിൽ നിന്ന് കടമെടുത്ത 6-സ്‌പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനും ഹാരിയർ നേടിയിരിക്കുന്നു.
മാനുവൽ വേർഷനെപ്പോലെ ഓട്ടോമാറ്റിക് വേരിയന്റും മികച്ച ഡ്രൈവിംഗ് സുഖം നൽകുന്നുണ്ട്. ട്രാക്‌ഷൻ കൺട്രോൾ, ഇലക്‌ട്രോണിക് സ്‌റ്രെബിലിറ്റി പ്രോഗ്രാം (ഇ.എസ്.പി) തുടങ്ങിയ സുരക്ഷാ സൗകര്യങ്ങളും കരുത്തായുണ്ട്. ഇലക്‌ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്‌ട്ര്യൂട്ടറോട് (ഇ.ബി.ഡി) ആന്റിലോക്ക് ബ്രേക്കിംസ് സംവിധാനം (എ.ബി.എസ്), ഡ്യുവൽ എയർബാഗുകൾ, ടോപ്പ് മോഡലുകളിൽ 6 എയർബാഗുകൾ, ചൈൽഡ് സീറ്ര് സൗകര്യം എന്നിവ സ്‌റ്റാൻഡേർഡാണ്.
ഓട്ടോമാറ്രിക് എക്‌സ്.എം.എ., എക്‌സ്.ഇസഡ്.എ., എക്‌സ്.ഇസഡ്.എ പ്ളസ് എന്നീ വകഭേദങ്ങളിൽ ടാറ്റാ ഹാരിയർ ലഭിക്കും. മാനുവൽ വേരിയന്റിന് 13.69 ലക്ഷം രൂപയും ഓട്ടോമാറ്റിക് വേരിയന്റ് 16.25 ലക്ഷം രൂപയുമാണ് ആരംഭവില. കിയ സെൽറ്റോസ്, ജീപ്പ് കോംപസ് എന്നിവയാണ് പ്രധാന എതിരാളികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |