എറണാകുളും ജില്ലാ ഭരണകൂടത്തിന്റെ ഡോക്ടർ ഓൺ ഫേസ്ബുക്ക് ലൈവ് പദ്ധതിക്ക് തുടക്കമായി
കൊച്ചി :കമന്റ് ബോക്‌സിൽ ഒന്നിന് പിന്നാലെ ഒന്നായി ചോദ്യങ്ങൾ. ഇതിന് മറുപടിയും മുന്നിറിയിപ്പുകളും ഫേസ്ബുക്ക് ലൈവിൽ നിൽകി ഡോക്ടർ . കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജനങ്ങളുടെ സംശയങ്ങളും ആശങ്കകളും അകറ്റാൻ എറണാകുളം ജില്ലാ ഭരണകൂടും തുടക്കം കുറിച്ച് ഡോക്ടർ ഓൺ ഫേസ്ബുക്ക് ലൈവിന് ആദ്യ ദിനം തന്നെ സോഷ്യൽമീഡിയയിൽ ലഭിച്ചത് മികച്ച പ്രതികരണം. നിരവധിപ്പേൾ തത്സമയ സംപ്രേക്ഷണത്തിന്റെ ഭാഗമായി. പൊതുജനാരോഗ്യ വിദഗ്ധനും ലോകാരോഗ്യ സംഘടനയുടെ കൺസൾട്ടൻറുമായ ഡോ. പി. എസ്. രാകേഷാണ് ആദ്യ ദിവസം ചോദ്യങ്ങൾക്കുത്തരം നൽകിയത്. കൺട്രോൾ റൂമിൽ ഏറ്റവുമധികം പേർ ചോദിച്ച ചോദ്യങ്ങൾക്കും ഫേസ് ബുക്കിലെ കമന്റ് ബോക്‌സിൽ വന്ന സംശയങ്ങൾക്കും ഡോക്ടർ മറുപടി നൽകി.
ലൈവിൽ കൂടുതൽപ്പേർ ചോദിച്ച ചോദ്യവും മറുപടിയും
തെർമൽ സ്‌കാനറിൽ നെഗറ്റീവ് ഫലമാണെങ്കിൽ കൊറോണയില്ലെന്ന് അർത്ഥമുണ്ടോ ?
സ്‌കാനറിൽ പനിയുണ്ടോയെന്ന് കണ്ടെത്താനാകും. പക്ഷേ പനിയില്ലെങ്കിൽ കൊറോണയില്ലെന്ന് അർത്ഥമില്ല. വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും രോഗലക്ഷണങ്ങൾ കാണാം. താപനില അറിയാനുള്ള സ്‌ക്രീനിംഗ് ടെസ്റ്റ് മാത്രമാണ് തെർമൽ സ്‌കാനർ.
പ്രായമായവർക്കല്ലേ രോഗ സാദ്ധ്യതയുള്ളു?
രോഗം വരാനുള്ള സാദ്ധ്യത എല്ലാ പ്രായക്കാർക്കുമുണ്ട്. രോഗം ഗുരുതരമാകാനുള്ള സാദ്ധ്യത പ്രായമേറിയവരിലാണ്. അതുപോലെ ഗുരുതരമായ കരൾ, വൃക്ക രോഗങ്ങളുള്ളവർക്ക് രോഗം ഗുരുതരമാകാനുള്ള സാദ്ധ്യതയും ഏറെയാണ്. എന്നാൽ അതു കൊണ്ട് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തവർക്കും പ്രായം കുറഞ്ഞവർക്കം രോഗം വരില്ലെന്ന് അർത്ഥമില്ല.
മാസ്‌ക് എല്ലാവരും ധരിക്കണോ?
പൊതുജനങ്ങളെല്ലാം മാസ്‌ക് ധരിക്കേണ്ടതില്ല. ചുമയോ തുമ്മലോ മറ്റു ശ്വാസകോശ രോഗങ്ങളോ ഉണ്ടെങ്കിൽ മാസ്‌ക് ധരിക്കണം. നിങ്ങളിൽ നിന്നുള്ള രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കുന്നതിനാണിത്. ചുമയോ തുമ്മലോ ഉള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തേക്ക് വരുന്ന രോഗാണുക്കൾ മാസ്‌ക് ഉണ്ടെങ്കിൽ മറ്റുള്ളവരിലേക്ക് പകരില്ല. മാസ്‌ക് കിട്ടിയില്ലെങ്കിൽ തൂവാലയോ ഷാളോ ഉപയോഗിക്കാം. ഇത്തരം രോഗലക്ഷണങ്ങളുള്ളവരെ അടുത്തു പരിചരിക്കുന്നവരും മാസ്‌ക് ധരിക്കണം. ആരോഗ്യവാനായ വ്യക്തി മാസ്‌ക് ധരിക്കേണ്ടതില്ല. മാസ്‌ക് ശാസ്ത്രീയമായി ധരിക്കേണ്ടതാണ്. കൈകൾ വൃത്തിയായി കഴുകിയ ശേഷം മൂക്കും വായും മൂടത്തക്ക രീതിയിലാണ് മാസ്‌ക് ധരിക്കേണ്ടത്. ആവശ്യം വരുമ്പോൾ മാസ്‌ക് ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നത് അപകടകരമാണ്. മാസ്‌കിന്റെ പുറം ഭാഗത്ത് തൊടരുത്. മാസ്‌ക് ധരിച്ചാൽ കുഴപ്പമുണ്ടാകില്ല എന്നത് തെറ്റിദ്ധാരണയാണ്. ഏറ്റവും വലിയ അപകടം മാസ്‌ക് കൃത്യമായി ഡിസ്‌പോസ് ചെയ്യുന്നില്ലെന്നതാണ് . പോകുന്ന വഴിയിൽ കളയുകയാണ് പലരും. പൊതുജനങ്ങൾ മാസ്‌ക് ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
കറൻസി നോട്ടുകൾ കൈകാര്യം ചെയ്യുമ്പോൾ?
നോട്ടുകളിൽ നിന്ന് വൈറസ് പകരാൻ നേരിയ സാദ്ധ്യത മാത്രമാണുള്ളത്. നോട്ടുകൾ വാങ്ങിയ ശേഷം കൈകൾ വൃത്തിയാക്കി വൈറസ് ബാധയുടെ കണ്ണി മുറിക്കാം. അനാവശ്യ ഭീതി ഒഴിവാക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |